Friday 30 May 2014

ഓപ്പറേഷൻ കുമാര

സാറെ. സാറെ...

നീ ആരാ എന്തു വേണം?

ഞാനാ സാറെ, കുഴിവെട്ടി കുമാരൻ..

അതിന്??

ഒരു പാവം ബ്ലെയ്ഡ് കമ്പനിയാ സാറേ...

ങേ! സ്റ്റേഷനിൽ കയറി വന്ന് ബ്ലെയ്ഡാണെന്ന് പറയാൻ ഇത്രയ്ക്കു ധൈര്യമോ?

അയ്യോ സാറെ ഞാനൊരു പാവമാ. ഇപ്പൊ പഴയ പോലെ കാശൊന്നും പിരിഞ്ഞു കിട്ടുന്നില്ല സാറെ. മ്മടെ സർക്കാരിന്റെ സൽഭരണം കാരണം ആരുടെ കായിലും കാശില്ല സാറേ. കടക്കാരെ കുത്തിപ്പിഴിഞ്ഞാൽ കിട്ടുന്നത് നഞ്ഞു വാങ്ങാൻ പോലും തികയില്ല. സാറോന്നു സഹായിക്കണം.

ഞാനോ. എങ്ങനെ സഹായിക്കാൻ.

സാർ ഞങ്ങളിൽ കുറെ പേരെ റെയ്ഡ് ചെയ്യണം. കുറച്ചു പൈസയും ഈട് വച്ച പ്രമാണങ്ങളുമെല്ലാം പിടിച്ചെടുക്കണം. അതീന്ന് സാറിന് വേണ്ടത് എടുത്തിട്ട് ബാക്കിയും പ്രമാണങ്ങളും കുറച്ചു കഴിഞ്ഞിട്ട് തിരിച്ചു തന്നാൽ മതി.

ങേ? അതുകൊണ്ട് നിങ്ങൾക്കെന്താ ഗുണം?

അത്. കുറെ എരണം കെട്ടവന്മാർ കേസ് കൊടുക്കും, രാഷ്ട്രീയക്കാരുടെ കാലിൽ വീഴും, ആത്മഹത്യാ ഭീഷണി മുഴക്കും, അങ്ങനെ പലതും. അതിന്റെ കൂട്ടത്തിൽ ഈ കടമെല്ലാം സർക്കാർ ഏറ്റെടുക്കണം എന്ന് പറയാൻ ഞങ്ങൾ ചിലരെ ഏൽപ്പിച്ചിട്ടുണ്ട്. അതിന് വേണ്ടപ്പെട്ടവരുടെ മനസ്സലിയാൻ വേണ്ട ദ്രവ്യം അങ്ങോട്ട്‌ എത്തിച്ചിട്ടും ഉണ്ട്. അവര് ഈ കടം വീട്ടാനായി സഹകരണ ബാങ്കീന്ന് ലോണ്‍ പാസ്സാക്കി കൊടുക്കും. നമ്മക്ക് പണവും കിട്ടും കക്ഷിക്കാര്ക്ക് വോട്ടും കിട്ടും, പിന്നെ ദ്രവ്യം വേറെയും.

കൊള്ളാമല്ലോ ഐഡിയാ...

അപ്പൊ അവന്മാര് ഈ സഹകരണ ബാങ്കിലെ കടം എങ്ങനെ വീട്ടും?

അത് സാറ് പേടിക്കേണ്ട. അവരത് അടക്കാനൊന്നും പോണില്ല. അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോൾ അതെല്ലാം കിട്ടാക്കടങ്ങളായി എഴുതി തള്ളും. അതിന്റെ പേരില് വോട്ടു വേറെയും വീഴും അവരുടെ പെട്ടിയിൽ!

ഹോ! നിന്നെ സമ്മതിച്ചിരിക്കുന്നു.

അപ്പൊ സാറേ നാളെ തന്നെ എന്റെ വീട്ടില് റെയ്ഡ് മറക്കണ്ട. പോരണ വഴിക്കന്നെ ആ കോടാലി വാസുവിന്റെ വീട്ടിലും കയറിക്കോ.

ഓ. അപ്പൊ എല്ലാം പറഞ്ഞ പോലെ..

ഇതിലെ സന്ദർഭങ്ങളും കഥാപാത്രങ്ങളും തികച്ചും ഭാവനാസൃഷ്ടി മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരോടും ഇതിന് ബന്ധമില്ല. ഇനി അങ്ങനെ ആരോടെങ്കിലും ബന്ധം തോന്നുന്നുണ്ടെങ്കിൽ അത് അവർ ഇതിലെ കഥാപാത്രങ്ങളുടെ സ്വഭാവം ഉള്ളത് കൊണ്ട് തന്നെ ആയിരിക്കണം. അതിന് ഞാൻ ഉത്തരവാദി ആയിരിക്കുന്നതല്ല.