Monday 1 October 2012

ശിഖണ്ഡിക്ക് വേണ്ടി ഒരു കുരുക്ഷേത്ര യുദ്ധം

ആ കൂപ്പിലെ ഏറ്റവും മികച്ച അദ്ധ്വാനി ആയിരുന്നു തുപ്രന്‍. ഭാര്യ സരസുവും അങ്ങനെ തന്നെ. അവര്‍ക്ക് മക്കള്‍ രണ്ട്. മൂത്തവന്‍ അച്യുതന്‍, രണ്ടാമന്‍ മണികണ്ഠന്‍. തുപ്രന്‍ എന്ത് പണിയും ചെയ്യുമെങ്കിലും മരം വെട്ടല്‍ ആണ് പ്രധാന ജോലി. കൂപ്പിലെ തടി വെട്ടി, ഇലകളും ചില്ലകളുമെല്ലാം ആഞ്ഞ്, അളവും വളവും നോക്കി മുറിച്ചെടുത്ത്‌, ഉരുട്ടി ലോറിയില്‍ കയറ്റുന്നത് വരെ തുപ്രന്‍ മുമ്പിലുണ്ടാകും. എത്ര ചരിവിലായാലും എത്ര ഉയരമായാലും തുപ്രനത് പ്രശ്നമല്ല. തന്റെ കോടാലി പിന്നില്‍ തിരുകി അതിന്മേല്‍ വടവും ചുറ്റിയിട്ട് തുപ്രന്‍ കയറിയാല്‍ മരത്തിനു പോലും അറിയാം തന്നെ കണി വച്ചു കഴിഞ്ഞെന്ന്. വൈകുന്നേരം ചെറുതായി ഒന്ന് മിനുങ്ങും എന്നതൊഴിച്ചാല്‍ അല്ലലില്ലാത്ത ജീവിതമായിരുന്നു തുപ്രന്റേത്.

ഒരു ദിവസം ഒരു പ്ലാവ് വെട്ടാന്‍ കയറിയപ്പോഴാണ് ആ അപകടം ഉണ്ടായത്. കുറച്ചു കയറിയപ്പോള്‍ ഒരു കുരലില്‍ ആയി ചെറിയൊരു തേനീച്ചക്കൂട് ഉണ്ടായിരുന്നത് തുപ്രന്‍ അറിഞ്ഞില്ല. കൈ വച്ചതും തേനീച്ചകള്‍ ഒന്നിച്ചാക്രമിച്ചതും ഞൊടിയിടയിലായിരുന്നു. കൈ വിട്ടു മുഖം പൊത്തിയത് മാത്രമേ തുപ്രന് ഓര്‍മയുള്ളൂ. പിന്നെ ഓര്‍മ വരുമ്പോള്‍ അയാള്‍ വീട്ടിലെ കട്ടിലില്‍ കിടക്കുകയാണ്. വൈദ്യര്‍ എന്തെല്ലാമോ തൈലങ്ങളും കുഴമ്പുകളും പുരട്ടി പുറത്തു ഉഴിയുന്നു. ബോധം വന്നപ്പോള്‍ തുപ്രന് വേദന അറിഞ്ഞു തുടങ്ങി. വേദന സഹിക്ക വയ്യാതായപ്പോള്‍ അയാള്‍ വാവിട്ടു കരഞ്ഞു. കുറച്ചു ദിവസത്തേക്കു കൂടിയുള്ള മരുന്നുകള്‍ കൊടുത്ത് പ്രതിഫലവും വാങ്ങി വൈദ്യര്‍ പോയി. നട്ടെല്ലിനു സാരമായ ക്ഷതമേറ്റ അയാള്‍ ഇനി എഴുന്നേറ്റു നടക്കണമെങ്കില്‍ എന്തെങ്കിലും അദ്ഭുതം സംഭവിക്കണം എന്ന് വൈദ്യര്‍ പറയുമ്പോള്‍ തുപ്രന് ബോധം വന്നിട്ടില്ലായിരുന്നു.

"സരസു ചേടത്തിയേ, തുപ്രന്‍ ചേട്ടന് ഇപ്പം എങ്ങനുണ്ട്?" വേലിക്കല്‍ നിന്ന് മറിയ നീട്ടി ചോദിച്ചു. മറിയ സരസുവിന്റെ കൂടെ ഏലം ഫാക്ടറിയില്‍ പണിയെടുക്കുന്നവരാണ്.

"ഓ! എന്നാ പറയാനാന്റെ മറിയേ, ഒരു സുഖവും ഇല്ലെന്നേ. രാത്രി മുഴുവന്‍ വേദന കൊണ്ട് കാറുവായിരുന്നു. അച്ചുവെ വൈദ്യരുടെ അടുക്കലോട്ടു പറഞ്ഞു വിട്ടിട്ടൊണ്ട്. തൈലമെല്ലാം തേച്ച് ചൂട് പിടിച്ചാല്‍ ഇച്ചിരി ആശ്വാസം കിട്ടും."

"എടി മറിയേ, നിന്റെ കൈയീ പണം വല്ലോം മിച്ചം ഇരിപ്പുണ്ടോടീ? ഒള്ളതെല്ലാം നുള്ളിപ്പെറുക്കിയാ തൈലം വാങ്ങാന്‍ വിട്ടത്. ഇപ്പം അരി വാങ്ങാന്‍ നോക്കുമ്പം കാശില്ല!"

"അയ്യോ ചേടത്തീ. എന്റെ കൈയീ കാശോന്നും ഇരിപ്പില്ലെന്നേ. എന്നാലും ചേടത്തി ചോദിച്ചതല്ലേ. കൊറച്ചു റേഷനരി ഇരിപ്പോണ്ട്. അതീന്നു ശകലം തന്നേക്കാം."

"മതി മതി. വല്യ ഉപകാരം. അച്ചു വന്നാലുടന്‍ അങ്ങോട്ട്‌ അയച്ചേക്കാം."

എല്ലുമുറിയെ പണിയെടുത്തിട്ടും തന്റെ കുട്ടികളുടെ അരവയര്‍ നിറക്കാന്‍ കഴിയുന്നില്ലല്ലോ!! സരസുവിന്റെ കണ്ണ് നിറഞ്ഞു. നാളുകള്‍ പോകുന്തോറും അവര്‍ കൂടുതല്‍ പേര്‍ക്ക് കടപ്പെട്ടു കൊണ്ടിരുന്നു. സരസുവിന്റെ വരുമാനം മരുന്നിനും ഭക്ഷണത്തിനും തികയാതെ വന്നു. ദാരിദ്ര്യം വീട്ടില്‍ നിന്നും ഇറങ്ങിപ്പോരാന്‍ പ്രേരിപ്പിക്കുമ്പോള്‍ അച്ചുവിന് പ്രായം പത്ത് വയസ്സ്. അവിടെത്തന്നെ എന്തെങ്കിലും പണിയെടുത്തു വീട് പുലര്‍ത്താം എന്നതിനേക്കാള്‍ അമ്മയുടെ വരുമാനം കൊണ്ടു നിറക്കേണ്ട വയറുകളിലൊന്ന് കുറയുന്നതാണ് കൂടുതല്‍ പ്രായോഗികം എന്ന് അവനു തോന്നി. അല്ലാതെ ആ മലമ്പ്രദേശത്ത് അവനെന്ത് ജോലി കിട്ടാന്‍?

ആരേയും അറിയിക്കാതെ സ്കൂളിലെക്കെന്ന പോലെ വീട്ടില്‍ നിന്നും ഇറങ്ങി അവന്‍ തന്റെ അലക്‌ഷ്യമായ യാത്ര തുടങ്ങി. ആകെയുള്ള രണ്ടു ജോഡി ഉടുപ്പ് പൊതിഞ്ഞെടുക്കാന്‍ അവന്റെ പുസ്തക സഞ്ചി തന്നെ ധാരാളം. വളഞ്ഞു പുളഞ്ഞു കുത്തനെ കയറിയും ഇറങ്ങിയും പോകുന്ന വഴികളിലൂടെ അവന്‍ നടന്നു നീങ്ങി. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. രാവിലെ മുതല്‍ പച്ചവെള്ളമല്ലാതെ ഒന്നും കഴിച്ചിട്ടില്ല. അവന്‍ നടത്തം തുടര്‍ന്നു. ഇരുട്ടിനു കനം കൂടിക്കൂടി കണ്ണില്‍ കുത്തിയാല്‍ അറിയാത്ത അവസ്ഥയിലായി. പോരാത്തതിനു ചെറിയ ചാറ്റല്‍ മഴയും. ഇനി അടുത്ത് കാണുന്ന എതെങ്കിലും കടത്തിണ്ണയില്‍ രാത്രി കഴിച്ചുകൂട്ടി രാവിലെ യാത്ര തുടരാമെന്ന് അവന്‍ നിശ്ചയിച്ചു. ഒരു വളവിനടുത്ത് മൂത്രശങ്ക തീര്‍ക്കാനായി അവന്‍ നിന്നു. ഇരുട്ടില്‍ മൂത്രം എന്തോ തകരപ്പലകയുടെ മേല്‍ വീഴുന്നതിന്റെ ശബ്ദം അവന്‍ ആസ്വദിച്ചു. ഒഴിച്ച് കഴിഞ്ഞതും അടുത്തുള്ള കുറ്റിക്കാട്ടിലെ നിന്നും ഒരു ശബ്ദം, കൂടെ ഒരു നീല വെളിച്ചവും.

"ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാർ..." ഒരു കൊച്ചു കുഞ്ഞിന്റെ സ്വരത്തിലുള്ള നഴ്സറി ഗാനം. മൊബൈല്‍ ഫോണിലേക്ക് വിളി വന്നതാണ്‌..

അവന്‍ ഭയന്നു പിറകോട്ടു മാറി. ആ വെളിച്ചത്തില്‍ അവന്‍ മൂത്രമൊഴിച്ച തകരപ്പാട്ട ഒരു ടാറ്റാ എസ്റ്റേറ്റ്‌ വണ്ടിയുടെ പിന്‍ ഭാഗമായിരുന്നെന്നു മനസ്സിലായി. അവന്‍ പതിയെ ഡ്രൈവറുടെ കാബിനിലേക്ക്‌ നോക്കി. ഒരാള്‍ തല സ്ടിയറിംഗ് വീലില്‍ കുനിച്ചിരിക്കുന്നു. ബോധമില്ല!! അവന്‍ റോട്ടിലേക്ക് കയറി ഒച്ച വച്ച് ഒരു വണ്ടി നിര്‍ത്തിച്ചു. അതിലുള്ളവരും അവനും കൂടി അയാളെ ആശുപത്രിയിലാക്കി.

ആശുപത്രിയില്‍ എത്തിച്ചവരില്‍ ഒരാള്‍ അയാളുടെ മൊബൈലില്‍ നിന്നും വീട്ടിലേക്കു വിളിച്ചു. ഭാര്യയുടെ പേരിനു മുന്‍പില്‍ ICE എന്ന് ചേര്‍ത്തിരുന്നതു കൊണ്ട് നമ്പര്‍ കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ഭാര്യയും കുഞ്ഞും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അവര്‍ ഉടനെ തന്നെ ആശുപത്രിയില്‍ എത്തി. ഇടിയുടെ ആഘാതത്തില്‍ തലച്ചോറില്‍ രക്തം കട്ട പിടിച്ചിട്ടുണ്ടായിരുന്നു. അത് നീക്കാന്‍ ഉടന്‍ ഒരു അടിയന്തിര ശസ്ത്രക്രിയ വേണം. ഡോക്ടര്‍മാര്‍ വന്നും പോയും കൊണ്ടിരുന്നു. ഇടക്കിടക്ക് മരുന്നുകളും ചില ഉപകരണങ്ങളുമെല്ലാം വാങ്ങാന്‍ കുറിപ്പടി തന്നു കൊണ്ടിരുന്നു. അന്ന് രാത്രി മുഴുവന്‍ അവര്‍ ഉറങ്ങാതെ കഴിച്ചു കൂട്ടി. അവനും അവിടെ തന്നെയുണ്ടായിരുന്നെന്നു അപ്പോഴൊന്നും ആരും അറിഞ്ഞതേയില്ല.

നേരം പുലര്‍ന്നപ്പോള്‍ അപകട വിവരം അറിഞ്ഞ് കൂടുതല്‍ ആശ്രിതര്‍ ആശുപത്രിയില്‍ എത്തി തുടങ്ങി. തലേന്ന് മുതല്‍ ഒന്നും അകത്ത്‌ ചെന്നിട്ടില്ലാത്തതുകൊണ്ട് വിശപ്പും കാലത്തെ തണുപ്പും അവനു സഹിക്കാന്‍ കഴിഞ്ഞില്ല. തണുത്തു വിറച്ചുകൊണ്ട് അവന്‍ തളര്‍ന്നു വീണു. മുഖത്ത് വെള്ളം തളിച്ചപ്പോള്‍ അവന് ബോധം വന്നു. അവര്‍ കാന്റീനില്‍ കൊണ്ട് പോയി വാങ്ങികൊടുത്ത ആഹാരം അവന്‍ ആര്‍ത്തിയോടെ കഴിച്ചു. എന്നിട്ടും എങ്ങും പോകാതെ അവിടെയൊക്കെ ചുറ്റിപ്പറ്റി നില്‍ക്കുന്നത് കണ്ടപ്പോള്‍ അവര്‍ അവന്റെ കാര്യങ്ങള്‍ തിരക്കിയറിഞ്ഞു. അലിവു തോന്നിയ അവര്‍ അവനെ കൂടെ തന്നെ നിര്‍ത്തി. ചായ വാങ്ങി വരാനും ഫാര്‍മസിയില്‍ പോകാനുമെല്ലാം ആ അവസരത്തില്‍ അവന്‍ അവര്‍ക്കൊരു ഉപകാരവുമായി.

നീണ്ട നാല്പത്തെട്ടു മണിക്കൂര്‍ നേരത്തെ അനിശ്ചിതത്വത്തിനു ശേഷം അയാളുടെ ശരീരം മരുന്നുകളോട് പ്രതികരിക്കാന്‍ തുടങ്ങി. എങ്കിലും അപകട നില തരണം ചെയ്യാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയേണ്ടി വന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് കുറേശ്ശെ ബോധം തിരിച്ചു കിട്ടി. ഒരു മാസത്തെ ആശുപത്രി വാസത്തിനു ശേഷം അയാള്‍ക്ക് വീട്ടില്‍ പോകാനുള്ള ആരോഗ്യമായി.

ശേഖരന്‍, കൊച്ചിയിലെ ഒരു പ്രധാന സൂപ്പര്‍ മാര്‍ക്കറ്റ്‌ ശൃംഖലയായ ശേഖര്‍ സ്റ്റോഴ്സിന്റെ ഉടമയായിരുന്നു അയാൾ. പത്നി ശോഭയും അയാളെ ബിസിനെസ്സില്‍ സഹായിച്ചിരുന്നു. മകള്‍ വീണക്കു അന്ന് രണ്ടു വയസ്സ്. ആരെയും കൂസാത്തവന്‍ ആയിരുന്നെങ്കിലും നിയമ വിരുദ്ധമായി അയാള്‍ ഒന്നും ചെയ്യുമായിരുന്നില്ല. എല്ലാ ജോലികളിലും നേരിട്ട് ഇടപെട്ടിരുന്നതുകൊണ്ടും എന്തിനും അവരുടെ ഒപ്പം നിന്നിരുന്നതുകൊണ്ടും ജോലിക്കര്‍ക്കെല്ലാം അയാള്‍ ദൈവത്തെപ്പോലെയായിരുന്നു. പട്ടിണിയും പരിവട്ടവും നിറഞ്ഞ ഒരു ഭൂതകാലം അയാളെ അദ്ധ്വാനത്തിന്റെ വില നന്നായി പഠിപ്പിച്ചിരുന്നതുകൊണ്ട് അദ്ധ്വാനിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരവും പ്രതിഫലവും നല്‍കാന്‍ അയാള്‍ മടിച്ചിരുന്നില്ല. കൂടാതെ അഗതി മന്ദിരങ്ങൾ, അനാഥ മന്ദിരങ്ങൾ, സമൂഹ വിവാഹങ്ങൾ, മുതലായ നല്ല കാര്യങ്ങള്‍ നടത്തുന്ന നല്ലൊരു സാമൂഹ്യ സേവകന്‍ കൂടിയായിരുന്നു ശേഖരന്‍.

തന്റെ കടയിലേക്ക് വേണ്ട സാധനങ്ങള്‍ ഉത്പാദകരില്‍ നിന്നും നേരിട്ട് വാങ്ങുന്നതായിരുന്നു ശേഖരന്റെ ശീലം. തുണിത്തരങ്ങള്‍ തിരുപ്പൂരില്‍ നിന്നും അരി മുതലായ ധാന്യങ്ങള്‍ അതാതു സംഭരണ കേന്ദ്രങ്ങളില്‍ നിന്നും, മലഞ്ചരക്കുകള്‍ ഇടുക്കിയിലെ കര്‍ഷകരില്‍ നിന്നും അയാള്‍ നേരിട്ട് വാങ്ങും. ഇടത്തട്ടുകാരെ ഒഴിവാക്കുന്നതുകൊണ്ടുള്ള ഗുണം അയാള്‍ക്കും കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ കിട്ടിയിരുന്നു. അങ്ങനെയൊരു ഇടുക്കി യാത്ര കഴിഞ്ഞു മടങ്ങുമ്പോഴാണ് അയാള്‍ക്ക്‌ ആ അപകടം പറ്റിയത്. ഒരു വളവു തിരിയുമ്പോള്‍ നിയന്ത്രണം തെറ്റി വണ്ടി റോഡില്‍ നിന്നും താഴേക്ക്‌ പോയി, സ്ടിയറിംഗ് വീലില്‍ തലയിടിച്ചു ബോധവും.

അച്ചുവിനെ തന്റെ കടകളില്‍ നിര്‍ത്താന്‍ നിയമം അനുവദിക്കാത്തതു കൊണ്ട് അവനെ തന്റെ വീട്ടില്‍ നിര്‍ത്തി പഠിപ്പിക്കാന്‍ തീരുമാനിച്ചു. മാത്രമല്ല അന്ന് മുതല്‍ തന്റെ കടകളിലേക്കുള്ള ഏലം സരസു ജോലി ചെയ്യുന്ന ഫാക്ടറിയില്‍ നിന്നും എടുക്കാനും അയാള്‍ തീരുമാനിച്ചു. അതുകൊണ്ട് സരസുവിനും സാമ്പത്തികമല്ലാത്ത ചില്ലറ സഹായമൊക്കെ ഫാക്ടറിയില്‍ നിന്നും കിട്ടാനും തുടങ്ങി. വീണക്ക് കൂട്ടിരിക്കുക, ചെടി നനക്കുക, നായ്ക്കുട്ടിയെ കുളിപ്പിക്കുക, കാര്‍ വൃത്തിയാക്കുക തുടങ്ങിയ ചെറിയ ചെറിയ ജോലികളെല്ലാം അച്ചു ചോദിച്ചു വാങ്ങി ചെയ്തു കൊടുത്തു. അതിനു പ്രതിഫലമായി ചെറിയൊരു തുക അയാള്‍ ഓരോ പ്രാവശ്യം പോകുമ്പോഴും സരസുവിനെ ഏല്‍പ്പിച്ചു കൊണ്ടിരുന്നു. തന്റെ തുച്ഛമായ വരുമാനത്തിന്റെ കൂടെ അതും കൂടിയായപ്പോള്‍ തുപ്രന്റെ ചികിത്സയും മണികണ്ഠന്റെ പഠിപ്പും ഒരു വിധത്തില്‍ തുടരാന്‍ സരസുവിന് സാധിച്ചു. സദാ ഉത്സാഹിയായ അച്ചുവിനെ ശേഖരന് വളരെ ഇഷ്ടമായി. അയാള്‍ ചിലപ്പോഴെല്ലാം തന്റെ യാത്രകളില്‍ അവനെയും കൂടെ കൂട്ടാനും തുടങ്ങി. അങ്ങനെ ബിസിനെസ്സിന്റെ ബാലപാഠങ്ങള്‍ അവന്‍ പഠിച്ചു.

പഠനത്തില്‍ മാത്രമല്ല കലാപരിപാടികളിലും അവന്‍ മുന്‍പിലായിരുന്നു. മോണോ ആക്ടിലും നാടകത്തിലും അവന്‍ സ്കൂളിനെ പ്രതിനിധീകരിച്ച് ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്തു. അവന്റെ 'നായികാ'വേഷം അവനു ബെസ്റ്റ് ആക്ടര്‍ അവാര്‍ഡും നേടിക്കൊടുത്തു. അവന്റെ കിളി പോലത്തെ ശബ്ദം അതിനു നല്‍കിയ സംഭാവനയും ചെറുതല്ല. എങ്കിലും അതിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയിരുന്നത് അവനു ഇഷ്ടമായിരുന്നില്ല. കൂട്ടുകാരില്‍ പലരുടെയും ശബ്ദത്തിനു ഗാംഭീര്യം കൂടുന്നത് അവന്‍ ശ്രദ്ധിച്ചു. തന്റെ ശബ്ദവും ഒരു ദിവസം ശരിയാകും അവന്‍ അങ്ങനെ ആശ്വസിച്ചു ദിവസങ്ങള്‍ തള്ളി നീക്കി.

അങ്ങനെ മഴയും വേനലും പല തവണ കടന്നു പോയി. അച്ചു വളര്‍ന്നു. അവന്‍ തന്റെ പഠനത്തിന്റെയും ജോലിയുടെയും കാഠിന്യം ക്രമേണ കൂട്ടിക്കൊണ്ടു വന്നു. അവന്‍ പത്താം ക്ലാസ് ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായി. അതെ സ്കൂളില്‍ തന്നെ പ്ലസ് ടു വിനു ചേര്‍ന്ന് പഠനം തുടര്‍ന്നു. തുടര്‍ന്ന് ബിരുദമെടുത്തു. പക്ഷെ അവന്റെ ശബ്ദത്തില്‍ ഒരു മാറ്റവും വന്നില്ല. ശാരീരികമായി അവനില്‍ ചില മാറ്റങ്ങള്‍ വരുന്നത് അവന്‍ അറിഞ്ഞു തുടങ്ങി. ചില പേശികള്‍ അനിയന്ത്രിതമായി വലുതാകുന്നു, ഒട്ടും ദൃഢതയില്ലാതെ... ലുങ്കി മാത്രം ഉടുത്തു നടന്നിരുന്ന അവന് മേലെ ഒരു ബനിയനെങ്കിലും ഇടാതെ പുറത്തിറങ്ങാന്‍ മടിയായി. എന്തൊക്കെയോ അപകര്‍ഷതാ ബോധം അവനെ വേട്ടയാടാന്‍ തുടങ്ങി. മുന്‍പൊരിക്കല്‍ തിരുപ്പൂര്‍ പോകുമ്പോള്‍ ട്രെയിനില്‍ കണ്ട കൈകൊട്ടി നടന്നിരുന്ന സ്ത്രീ വേഷം ധരിച്ച പുരുഷ രൂപങ്ങള്‍ അവന്റെ മനസ്സിലേക്കോടിയെത്തി. പിന്നെ അവനു ഒന്നിലും ശ്രദ്ധയില്ലാതെയായി. പഠനത്തില്‍ ഉഴപ്പാന്‍ തുടങ്ങി. ശേഖരന്‍ തിരുപ്പൂരില്‍ പോകാന്‍ കൂട്ടിനു വിളിച്ചപ്പോള്‍ പനിയാണെന്ന് നുണ പറഞ്ഞു ഒഴിവാക്കി. ഇത് പല തവണ ആവര്‍ത്തിച്ചപ്പോള്‍ ശേഖരന് സംശയമായി. അയാള്‍ അവനെ അരികില്‍ വിളിച്ചു കാര്യങ്ങള്‍ ചോദിച്ചു. അവന്‍ കരഞ്ഞു കൊണ്ട് ശേഖരനോട് അവന്റെ പ്രശ്നങ്ങള്‍ പറഞ്ഞു.

ശരിയാണ്, അവന്റെ ഭാവി തന്നെ തുലാസില്‍ തൂങ്ങിയിരിക്കുകയാണ്, സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും പിന്‍വാങ്ങാന്‍ മാനസികമായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണവന്‍, അതിനവനെ സമ്മതിക്കരുത് തുടങ്ങിയ ചിന്തകള്‍ ശേഖരനെ അലട്ടാന്‍ തുടങ്ങി. അയാളും അങ്ങനെ ഒരവസ്ഥയെക്കുറിച്ച് മുന്‍പൊരിക്കലും ചിന്തിച്ചിരുന്നില്ല, അങ്ങനെയുള്ളവരെക്കുറിച്ചും. അവര്‍ എവിടെ ജീവിക്കുന്നു എങ്ങിനെ ജീവിക്കുന്നു എന്നൊന്നും ആരെയും അലട്ടിയിരുന്നില്ലല്ലോ!! എന്നും സമൂഹത്തില്‍ പരിഹാസത്തിനു മാത്രം പത്രമാകുന്നവർ, എല്ലാ വിധ ചൂഷണത്തിനും ഇരയായവർ, ഒരു ആനുകൂല്യത്തിനും അര്‍ഹതയില്ലാത്തവർ, നല്ല ആരോഗ്യമുണ്ടായിട്ടും ഭിക്ഷയെടുക്കേണ്ടി വരുന്നവർ, സന്തതി പരമ്പരയുടെ അവസാന കണ്ണിയായി മാറുന്നവർ......

എന്തുകൊണ്ടാണവരെ മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നത്? എന്താണവര്‍ ചെയ്യുന്ന കുറ്റം? അവര്‍ക്ക് ചില ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്നതൊഴിച്ചാല്‍ എന്ത് ജോലിയും അവര്‍ക്ക് ചെയ്തു കൂടെ? ശരീരികാദ്ധ്വാനം അവര്‍ക്ക് പറ്റില്ല എന്നുണ്ടോ? പഠിച്ചു കൂടെ? ഉദ്യോഗം ചെയ്തു കൂടെ? എന്തിനു അവരെ ഇങ്ങനെ തഴയുന്നു? ശേഖരന് ഇതെല്ലാം ആലോചിച്ചപ്പോള്‍ തന്നോട് തന്നെ പുച്ഛം തോന്നി. താന്‍ അനാഥരായ കുഞ്ഞുങ്ങളെ പഠിക്കാന്‍ സഹായിച്ചിട്ടുണ്ട്, ദരിദ്രരായ യുവാക്കളെ വിവാഹത്തിന് സഹായിച്ചിട്ടുണ്ട്, നിരാലംബരായ വൃദ്ധര്‍ക്ക് താമസിക്കാന്‍ ഇടം നല്‍കിയിട്ടുണ്ട്. പക്ഷെ ഇവര്‍ക്ക്? എന്തുകൊണ്ട് ഇവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് തോന്നിയില്ല? അവര്‍ക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യണം. അയാള്‍ ഉറപ്പിച്ചു.

തന്റെ അടുത്ത തിരുപ്പൂര്‍ യാത്രയില്‍ അയാള്‍ അവരെ തിരയാന്‍ തുടങ്ങി. കണ്ടു മുട്ടിയ ഓരോരുത്തരോടും ഒരു അഡ്രസ്‌ കൊടുത്ത് വൈകിട്ട് അവിടെ വരാന്‍ പറഞ്ഞു. ഒരു പണക്കാരനായ 'ഇര'യെ കിട്ടിയതിന്റെ സന്തോഷത്തില്‍ അവരോരോരുത്തരും നേരത്തെ തന്നെ എത്താന്‍ തുടങ്ങി. എത്തിയവര്‍ക്ക് കൂടുതല്‍ പേര്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന അമ്പരപ്പ് ശേഖരന്‍ അവരറിയാതെ വീക്ഷിക്കുന്നുണ്ടായിരുന്നു. ഏതാണ്ട് പത്തു പേര്‍ എത്തിയപ്പോള്‍ അയാള്‍ അവരുടെ മുന്നിലേക്ക്‌ ചെന്നു. എല്ലാവരോടും ഇരിക്കാന്‍ പറഞ്ഞ ശേഷം ശേഖരന്‍ അവരോടായി പറഞ്ഞു.

"നിങ്ങള്‍ പണം മോഹിച്ചിട്ടാണ് ഇവിടെ വന്നത് എന്നെനിക്കറിയാം. ഞാന്‍ നിങ്ങളെ നിരാശപ്പെടുത്തുന്നില്ല." ഇതും പറഞ്ഞു കൊണ്ട് ഓരോ കവറുകള്‍ അവര്‍ ഓരോരുത്തര്‍ക്കും കൊടുത്തു. അവരത് ആര്‍ത്തിയോടെ വാങ്ങി, തുറന്ന്, പണം എണ്ണി നോക്കി. സാധാരണ ഒരു ദിവസം സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉണ്ടെന്നു അവരുടെ മുഖപ്രസാദം വിളിച്ചു പറയുന്നുണ്ടായിരുന്നു.

"ഞാന്‍ നിങ്ങളെ വിളിച്ചു വരുത്തിയത് ചില കാര്യങ്ങള്‍ അറിയാനാണ്. അതിനാണ് നിങ്ങള്‍ക്ക് ഞാന്‍ പണം തരുന്നത്. വേറൊന്നും ഞാന്‍ നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല." അയാള്‍ തുടങ്ങി.

"നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ഭിക്ഷ എടുക്കുന്നത്? നല്ല ആരോഗ്യമുണ്ടല്ലോ, പണി എടുത്തു കൂടെ?" അയാള്‍ ചോദിച്ചു.

"ഞങ്ങള്‍ക്ക് ആര് ജോലി തരാന്‍?"

"എല്ലാവരും ഞങ്ങളെ കളിയാക്കുന്നു."

"ചിലര്‍ ഞങ്ങളെ വഞ്ചിക്കുന്നു."

"ഞങ്ങളെ കാണാന്‍ കൊള്ളില്ല."

അങ്ങനെ പല ഉത്തരങ്ങള്‍ ഒന്നിച്ച് ഉയര്‍ന്നു പൊങ്ങി. ശേഖരന്‍ അവരോടു ശാന്തരാകാന്‍ പറഞ്ഞു.

"ശരി, ഞാന്‍ നിങ്ങള്‍ക്ക് ജോലി തരാം. നിങ്ങള്‍ ചെയ്യാന്‍ തയാറാണോ?"

എല്ലാവരും തല കുനിച്ചു നിന്നതല്ലാതെ ഉത്തരമൊന്നും പറഞ്ഞില്ല.

"നിങ്ങള്‍ ജോലി ചെയ്യാന്‍ തയ്യാറില്ലാതെ ആരും ജോലി തരുന്നില്ല എന്ന് പറയുന്നതില്‍ എന്താണര്‍ത്ഥം?" അയാള്‍ ചോദിച്ചു.

"ഞങ്ങള്‍ക്ക് പലരും തരുന്ന ജോലികള്‍ പറയാന്‍ കൊള്ളില്ല അതുകൊണ്ടാണ് ഞങ്ങള്‍ മിണ്ടാതിരുന്നത്. ആട്ടെ എന്താണ് ജോലി?" അവരിലൊരാള്‍ ചോദിച്ചു.

"ഞാനൊരു സുപ്പര്‍ മാര്‍ക്കറ്റ്‌ ശൃംഖലയുടെ ഉടമയാണ്. ഇവിടെ ഞാന്‍ നിങ്ങള്‍ക്കൊരു ശാഖ തുറന്നു തരാം. കട വൃത്തിയാക്കല്‍ മുതല്‍ കണക്കു സൂക്ഷിക്കല്‍ വരെ പല തരത്തിലുള്ള ജോലികള്‍ നിങ്ങള്‍ക്ക് തരാം. പത്തു പേര്‍ക്കെങ്കിലും ഇപ്പോള്‍ തന്നെ തുടങ്ങാം. പ്രതികരണം നല്ലതാണെങ്കില്‍ കൂടുതല്‍ ശാഖകള്‍ തുടങ്ങുന്നതായിരിക്കും. എന്താണ് നിങ്ങളുടെ അഭിപ്രായം?"

അവര്‍ മുഖത്തോട് മുഖം നോക്കി. പലതും കുശുകുശുത്തു. കേള്‍ക്കാന്‍ പാടില്ലാത്ത എന്തോ കേട്ട പോലെയുണ്ടായിരുന്നു അവരുടെ മുഖഭാവം.

"ഞങ്ങള്‍ക്കൊന്നു ആലോചിക്കണം." അവര്‍ പറഞ്ഞു.

"ശരി നിങ്ങള്‍ നന്നായി ആലോചിച്ചോളൂ. നാളെ ഇതേ സമയത്ത് ഇവിടെ തന്നെ വന്നാല്‍ മതി. നിങ്ങളുടെ തീരുമാനം തയ്യാറല്ല എന്ന് തന്നെയാണെങ്കില്‍ പോലും വന്നു പറയാന്‍ മടിക്കണ്ട." ശേഖരന്‍ അവരോടു പൊയ്ക്കോള്ളാന്‍ പറഞ്ഞു.

പിറ്റേ ദിവസം വൈകീട്ട് അതില്‍ അഞ്ചു പേര്‍ ശേഖരനെ കാണാനെത്തി.

"ആലോചിച്ചോ? എന്താണ് നിങ്ങളുടെ തീരുമാനം? ബാക്കിയുള്ളവര്‍ എവിടെ?" ശേഖരന്‍ അവരോടു ചോദിച്ചു.

"ഞങ്ങള്‍ നന്നായി ആലോചിച്ചു. ഒന്ന് ശ്രമിച്ചു നോക്കാന്‍ തന്നെ ഞങ്ങളുടെ തീരുമാനം. വരാത്തവര്‍ ഇതില്‍ താല്പര്യം ഇല്ലാത്തവരാണ് എന്നറിയിക്കാന്‍ എല്‍പ്പിച്ചിട്ടുണ്ട്." അവര്‍ മറുപടി പറഞ്ഞു.

"സാരമില്ല. പക്ഷെ നിങ്ങള്‍ വളരെ ശ്രദ്ധിച്ചു കേള്‍ക്കണം. ഇത് എനിക്ക് ഒരുപാട് മുതല്‍ മുടക്ക് ഉള്ള പദ്ധതിയാണ്. നിങ്ങള്‍ ആത്മാര്‍ഥമായി പണി എടുത്താല്‍ മാത്രമേ മുന്നോട്ടു കൊണ്ട് പോകാന്‍ പറ്റൂ."

"അതിനു ഞങ്ങള്‍ക്ക് ഇതിന്റെ കണക്കും കാര്യങ്ങളുമൊന്നും അറിയില്ലല്ലോ." അവര്‍ ചോദിച്ചു.
"അത് സാരമില്ല. നിങ്ങളെ സഹായിക്കാന്‍ ഞാന്‍ ഒരാളെ തരാം. അയാളും നിങ്ങളെ പോലൊരാള്‍ തന്നെയാണ്. അയാളായിരിക്കും നിങ്ങളുടെ മാനേജർ." എന്ന് പറഞ്ഞു കൊണ്ട് ശേഖരന്‍ അച്ചുവിനെ വിളിച്ചു അവര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു.

"അച്ചൂ, നീ ഒരാഴ്ച ഇവരുടെ കൂടെ നിന്ന് നമ്മുടെ കടയുടെ രീതികളും നിയമങ്ങളും അവര്‍ക്ക് പറഞ്ഞു കൊടുക്കണം. ഞാന്‍ അതിനുള്ളില്‍ ശാഖ തുടങ്ങുന്നതിന്റെ കാര്യങ്ങള്‍ നോക്കട്ടെ."

"ശരി, ശേഖരേട്ടാ.." അവന്‍ പറഞ്ഞു.

"ഏറ്റവും പ്രധാനപ്പെട്ടത് നിങ്ങളുടെ വസ്ത്രധാരണവും പെരുമാറ്റവും തന്നെ. നിങ്ങളുടെ അളവെടുത്തു യൂണിഫോം ഞങ്ങള്‍ തയ്പ്പിച്ചു തരും, പ്രവൃത്തി സമയത്ത് നിങ്ങള്‍ അത് തന്നെ ഉപയോഗിക്കണം. ശരീരവും വസ്ത്രവും എല്ലായ്പ്പോഴും വൃത്തിയായിരിക്കണം. ഓരോ ഉപഭോക്താവിനെയും സന്തോഷപൂര്‍വ്വം പുഞ്ചിരിയോടെ സ്വീകരിക്കുക. സിഗരറ്റ്, ബീഡി തുടങ്ങിയ അടക്ക-പുകയില ഉത്പന്നങ്ങൾ, മദ്യം, മറ്റു ലഹരി പദാര്‍ഥങ്ങള്‍ എന്നിവ പ്രവൃത്തി സമയത്ത് ഉപയോഗിക്കാന്‍ പാടില്ല. തറ രാവിലെയും വൈകീട്ടും തുടച്ചു വൃത്തിയാക്കണം. വില്പനക്കുള്ള ഓരോ വസ്തുവും ഇനം തിരിച്ചു അടുക്കി വക്കണം. ഒന്നിച്ചു വരുന്ന സാധനങ്ങള്‍ സൌകര്യപ്രദമായ ചെറിയ പയ്ക്കുകളില്‍ നിറച്ച് അളവും തൂക്കവും വിലയും അടങ്ങുന്ന സ്റ്റിക്കര്‍ പതിപ്പിക്കണം. സാധനങ്ങള്‍ കഴിയുന്ന മുറക്ക് പണ്ടികശാലയില്‍ നിന്നും കൊണ്ട് വന്നു വയ്ക്കണം. കുറവുള്ള സാധനങ്ങളുടെ ലിസ്റ്റ് മാനേജരെ ഏല്‍പ്പിക്കണം. വേണ്ട സാധനങ്ങള്‍ കണ്ടുപിടിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കണം..........." തുടങ്ങി എല്ലാ നിര്‍ദ്ദേശങ്ങളും സൂക്ഷ്മതയോടെ അവന്‍ അവര്‍ക്ക് വിവരിച്ചു കൊടുത്തു.

ശാഖ തുടങ്ങുന്നതിനായി ഒരു ഭീകര നിയമ യുദ്ധം തന്നെ ചെയ്യേണ്ടി വന്നു ശേഖരന്. പല തരത്തിലുള്ള ചോദ്യം ചെയ്യലുകൾ, കളിയാക്കലുകൾ, തടസ്സപ്പെടുത്തലുകൾ. അയാളുടെ ഉദ്ദേശശുദ്ധിക്ക് അഗ്നിപരീക്ഷ തന്നെ നേരിടേണ്ടി വന്നു. എങ്കിലും തളരാതെ തന്റെ എല്ലാ ശക്തിയും സ്വാധീനവും ഉപയോഗിച്ച് ഒടുവില്‍ അതിനുള്ള അനുവാദം നേടിയെടുത്തു. അന്ന് അയാള്‍ക്ക്‌ ഒരു കുരുക്ഷേത്ര യുദ്ധം ജയിച്ച സന്തോഷമായിരുന്നു. ശിഖണ്ഡിക്ക് വേണ്ടിയുള്ള ഒരു കുരുക്ഷേത്ര യുദ്ധം!!

അങ്ങനെ ശേഖരന്‍ തിരുപ്പൂരിലെ തന്റെ ആദ്യത്തെ ശാഖക്ക് തുടക്കം കുറിച്ചു. ഉദ്ഘാടനത്തിന് ആ വര്‍ഷത്തെ മിസ്‌ കൂവാഗത്തെ തന്നെ കൊണ്ട് വന്നു. എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. വൃത്തിയായും മാന്യമായും വസ്ത്രം ധരിച്ച് പുഞ്ചിരിയോടുകൂടി അവര്‍ ഓരോ ഉപഭോക്താവിനെയും സ്വീകരിച്ചു. അവര്‍ക്കും അതൊരു വ്യതസ്തമായ അനുഭവമായിരുന്നു. പലരും അവിടെയും പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഉണ്ടെന്നും കരുതിയിരിക്കണമെന്നും അച്ചു അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ട് ആരെന്തു പറഞ്ഞാലും കാട്ടിയാലും അവരതെല്ലാം അവഗണിക്കാന്‍ തുടങ്ങി.

കടയിലെ വിലക്കുറവും സാധനങ്ങളുടെ ഗുണനിലവാരവും മാന്യമായ സ്വീകരണവും കൊണ്ട് അവര്‍ക്ക് ആ പട്ടണത്തില്‍ നിലയുറപ്പിക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. വിജയിച്ചാല്‍ അവര്‍ക്കുവേണ്ടി കൂടുതല്‍ ശാഖകള്‍ തുടങ്ങാമെന്ന വാഗ്ദാനം പാലിക്കാനും ശേഖരന്‍ മറന്നില്ല. പുതിയ ശാഖയിലേക്ക് ജോലിക്കാരെ തിരഞ്ഞെടുക്കാനുള്ള മുഖാമുഖത്തിനായി ആദ്യം വന്നവര്‍ മുന്‍പ് അവിടെ വന്നു പണവും വാങ്ങി പോയ, പിന്നീടു താല്പര്യമില്ലെന്ന് പറഞ്ഞു വരാതിരുന്ന, ആ അഞ്ചു പേര്‍ തന്നെയായിരുന്നു. അവരെ പുതിയ ശാഖ ഏല്‍പ്പിക്കാന്‍ ശേഖരന് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല.

അവരെയും കൂട്ടി ട്രെയിനിംഗ് തുടങ്ങുമ്പോള്‍ അച്ചുവിന് മൂന്നു വിശിഷ്ടാതിഥികള്‍ കൂടി ഉണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും മുന്നിട്ടു നില്‍ക്കുന്ന മൂന്നു സൂപ്പര്‍ മാര്‍ക്കറ്റ്‌ ശൃംഖലകളുടെ മാനേജിംഗ് ഡയറക്ടര്‍മാർ!! തിരുപ്പൂരിലെ മറ്റൊരു കോണില്‍ തന്റെ രണ്ടാമത്തെ ശാഖ ശേഖരന്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ അത് സാമൂഹ്യ സേവന ചരിത്രത്തില്‍ പുതിയൊരദ്ധ്യായം എഴുതിച്ചേര്‍ക്കുകയായിരുന്നു. എല്ലാ നഗരങ്ങളെയും മാറ്റി മറിക്കാന്‍ പോന്ന ഒരു കൊടുങ്കാറ്റിന്റെ തുടക്കം.

ഈ കഥയെഴുതുമ്പോള്‍ ഉണ്ടായ ചില സാങ്കേതിക സംശയങ്ങള്‍ ദുരീകരിച്ചു തന്ന ഡോക്ടര്‍ അബ്സാര്‍ മുഹമ്മദിന് അദമ്യമായ നന്ദി രേഖപ്പെടുത്തുന്നു.

Wednesday 5 September 2012

അയ്യപ്പന്‍ കോവില്‍

മുല്ലപ്പെരിയാര്‍ വാര്‍ത്തകള്‍ പത്രങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന സമയത്താണ് എന്നെ അയ്യപ്പന്‍ കോവില്‍ ഓര്‍മ്മകള്‍ അലട്ടാന്‍ തുടങ്ങിയത്. പ്രീ-ഡിഗ്രി ഒന്നാം വര്‍ഷം പരീക്ഷ പൂര്‍ത്തിയായ ഉടനെയാണ് അച്ഛന് ഇടുക്കിയിലെ അയ്യപ്പന്‍ കോവിലിലേക്ക് സ്ഥാനക്കയറ്റത്തോടൊപ്പം സ്ഥലം മാറ്റം കിട്ടിയത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രസിദ്ധമായ ഉപ്പുതറ, കരിങ്കുളം ചപ്പാത്ത് എന്നിവയുടെ വളരെ അടുത്ത പ്രദേശമാണ് അയ്യപ്പന്‍ കോവിൽ. അന്നെല്ലാം മഴക്കാലം തുടങ്ങിയാല്‍ ചപ്പാത്ത് പാലത്തിനു മുകളിലൂടെ ആയിരിക്കും വെള്ളം ഒഴുകുന്നത്‌. ഇടക്ക് പെരിയാറിലൂടെ മലവെള്ളം കുത്തിയൊലിച്ചു വന്ന് അപകടങ്ങളും ഉണ്ടാകാറുണ്ട്. ആയിടക്കാണ്‌ കോട്ടയത്തുനിന്നും കട്ടപ്പനയ്ക്ക് പോകുന്ന ചെന്നിക്കര എന്ന ബസ്സ് ചപ്പാത്ത് പാലത്തിനു മുകളില്‍ നിന്നും ഒലിച്ചു താഴെ പോയത്. നീന്തല്‍ വിദഗ്ദ്ധരായ ആളുകള്‍ എപ്പോഴും സേവന സന്നദ്ധരായി അവിടെ ഉണ്ടായിരുന്നത് കൊണ്ട് ഒന്നോ രണ്ടോ പേര്‍ മാത്രമാണ് മരിച്ചത്. ഒരു മലവെള്ള പാച്ചിലിന്റെ പ്രഭാവം ഇതാണെങ്കില്‍ അണക്കെട്ട് പൊട്ടിയാലത്തെ അവസ്ഥ എനിക്ക് ഊഹിക്കാന്‍ പോലും കഴിയുന്നില്ല! അത്തരത്തിലുള്ള ഒരു കുത്തിയൊലിപ്പിനെയാണ് നമ്മുടെ ഭരണകൂടങ്ങള്‍ ഒരു മുറം പോലുമില്ലാതെ നേരിടാനൊരുങ്ങുന്നത്!!

അയ്യപ്പന്‍ കോവിലിനടുത്തുള്ള കോളേജുകള്‍ മറ്റൊരു യൂണിവേഴ്സിറ്റിയിന്‍ കീഴിലായതുകൊണ്ട് എനിക്കന്ന് അച്ഛനമ്മമാരുടെ കൂടെ പോകാനായില്ല. തുടര്‍ന്നുള്ള പഠനം പട്ടാമ്പി സംസ്കൃത കോളേജിലാക്കി, താമസം ജന്മനാടായ കപ്പൂരില്‍ അമ്മമ്മയോടോപ്പവും. അങ്ങനെ പന്ത്രണ്ടു കൊല്ലത്തെ ജീവിതം കൊണ്ട് സ്വന്തം നാട് പോലെ ആയിക്കഴിഞ്ഞിരുന്ന കുഴല്‍മന്ദത്തിനോട് വേദനയോടെ വിട പറഞ്ഞു. അത് വെക്കേഷന്‍ കാലമായിരുന്നതുകൊണ്ട് അവിടത്തെ കോളേജ് സുഹൃത്തുക്കളോടോന്നും നേരെ ചൊവ്വേ യാത്ര പോലും പറയാതെയാണ് പട്ടാമ്പിയിലേക്ക് കൂട്മാറിയത്. ഇവനെന്ത് പറ്റിയെന്ന് പലര്‍ക്കും തോന്നിക്കാണും.

പ്രീ-ഡിഗ്രി രണ്ടാം വര്‍ഷ പരീക്ഷയെല്ലാം കഴിഞ്ഞു ഫലവും വന്നതിനു ശേഷമാണ് ഞാനാദ്യമായി അയ്യപ്പന്‍ കോവിലിലേക്ക് പോയത്. അന്ന് കുടുംബ സമേതമായിരുന്നു യാത്ര. തൃശൂർ, അങ്കമാലി, പെരുമ്പാവൂര്‍ വഴി കോതമംഗലത്തേക്കും അവിടെ നിന്നും നേര്യമംഗലം, കട്ടപ്പന വഴി അയ്യപ്പന്‍ കോവിലിലേക്കും. കോതമംഗലത്തു നിന്നുള്ള ബസ്സ്‌ ഹൈറേഞ്ച് കയറാന്‍ തുടങ്ങിയപ്പോള്‍ തന്നെ അമ്മയും അനുജത്തിയും ഛര്‍ദ്ദി തുടങ്ങി. പ്രതീക്ഷിച്ചിരുന്നതുകൊണ്ട് വേണ്ടത്ര പ്ലാസ്റിക് സഞ്ചികള്‍ കരുതിയിരുന്നു.

ഇടത്തോട്ടും വലത്തോട്ടും തൊട്ടിലാട്ടി ബസ്‌ മല കയറി വളഞ്ഞു പുളഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഏതാണ്ട് മുന്‍പിലായി തന്നെ ഒരു സൈഡ് സീറ്റ് സംഘടിപ്പിച്ച ഞാന്‍ മലനിരകളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഇരുന്നു. ഓരോ വളവെത്തുമ്പോഴും മുന്നില്‍ റോഡുണ്ടെന്നേ തോന്നില്ല. ബസ്സ്‌ മുന്നോട്ടു പോകുമ്പോള്‍ ആരോ വിരിക്കുന്ന പോലെ റോഡ്‌ പ്രത്യക്ഷമാകുന്നു! കുറച്ചു നേരം അരികില്‍ മല തുരന്ന പാറയാണെങ്കില്‍ ചിലപ്പോള്‍ അഗാധമായ കൊക്ക! അപ്പോള്‍ പുറത്തേക്ക് നോക്കാന്‍ തന്നെ പേടിയാവും. റോഡിനു മുകളിലൂടെ കുറുകെയും സമാന്തരമായും കറുത്ത, വണ്ണം കുറഞ്ഞ, നല്ല നീളമുള്ള പൈപ്പുകള്‍ കാണുന്നുണ്ട്. ഫോണ്‍ ലൈനുകള്‍ ആയിരിക്കും! നേര്യമംഗലം താണ്ടി കുറച്ചു കഴിഞ്ഞപ്പോള്‍ പുറത്തെ കാഴ്ചകള്‍ ആകെ മാറി. ഞാനിരുന്ന ഭാഗത്ത്‌ കുറെ ദൂരത്തേക്കു കൊക്ക മാത്രം! ആഴം കൂടിയും കുറഞ്ഞും, കുത്തനെയും ചരിഞ്ഞും അതെന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. താഴെ എന്തൊക്കെയോ മരാമത്തു പണി നടക്കുന്നതിന്റെ ലക്ഷണങ്ങൾ. ഒരിടത്ത്‌ ലോവര്‍ പെരിയാര്‍ പ്രൊജക്റ്റ്‌ എന്ന ബോര്‍ഡ് കണ്ടപ്പോഴാണ് അതെന്താണെന്ന് മനസ്സിലായത്‌.

എന്റെ ഏറെ നാളത്തെ ആഗ്രഹമാണ് ഇടുക്കി അണക്കെട്ട് കാണണമെന്നത്. കുറെ പൊയ്ക്കഴിഞ്ഞപ്പോള്‍ ഞാന്‍ അക്ഷമനായി കാത്തിരുന്ന ചെറുതോണിയിലെത്തി. ഇടുക്കിയിലെ പ്രസിദ്ധമായ ആര്‍ച്ച് ഡാം അവിടെയടുത്താണല്ലോ! പക്ഷെ വളരെ നിരപ്പായ ആ സ്ഥലത്ത് അണക്കെട്ടിന്റെ യാതൊരു ലക്ഷണവും ഇല്ല. എന്റെ ക്ഷമ പരീക്ഷിക്കാനായി ഡ്രൈവര്‍ക്കും കൂട്ടാളിക്കും ചായ കുടിക്കാന്‍ തോന്നിയത് അവിടെ വച്ച്! പത്തു മിനുട്ടോളം കഴിഞ്ഞു ബസ്സ്‌ വീണ്ടും യാത്ര തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ദൂരെയായി ആ കാഴ്ച കണ്ടു. രണ്ടു മലകള്‍ക്കിടയില്‍ ഒരു അയക്കോല്‍ കെട്ടി അതില്‍ ചാരനിറത്തിലുള്ള വലിയൊരു ജട്ടി ഉണക്കാനിട്ടതുപോലെ ഇടുക്കി അണക്കെട്ട് മിന്നി മറഞ്ഞു. കുറച്ചു ദൂരം കൂടി പോയപ്പോള്‍ ബസ്സ്‌ വീണ്ടും മല കയറാന്‍ തുടങ്ങി. കുറെ മുകളില്‍ എത്തിയപ്പോള്‍ ഒരു വളവില്‍ നിന്നും അണക്കെട്ട് വളരെ വ്യക്തമായിത്തന്നെ കണ്ടു. ഒരു പക്ഷെ ഇവിടെ നിന്നാവണം കൊലുമ്പന്‍ മൂപ്പന്‍ അണക്കെട്ട് ഉണ്ടാക്കാനായി സ്ഥലം അന്വേഷിച്ചു നടന്ന എഞ്ചിനീയര്‍ക്ക് കുറവന്‍മലയും കുറത്തിമലയും ഇത്രയും അടുത്തടുത്തായി നില്‍ക്കുന്ന ഈ സ്ഥലം കാണിച്ചു കൊടുത്തത്. പക്ഷെ ഡ്രൈവര്‍ ഇതൊക്കെ ഇത്ര കാണാനെന്തിരിയ്ക്കുന്നു എന്ന മട്ടില്‍ അണക്കെട്ടിനെയൊന്നും തെല്ലും ഗൌനിക്കാതെ വളവും തിരിച്ചു മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. കട്ടപ്പന എത്തുമ്പോള്‍ നേരം ഇരുട്ടി തുടങ്ങിയിരുന്നു. കുറേശ്ശെ മഴയും. അവിടെനിന്നും ഒരു കോട്ടയം ബസ്സില്‍ കയറി അയ്യപ്പന്‍ കോവിലിലേക്ക്. മേരികുളത്തില്‍ ബസ്സിറങ്ങി ഒരു ജീപ്പ് വിളിച്ചു വീട്ടിലേക്കു പോയി. വീട്ടില്‍ എത്തുമ്പോഴേക്കും മഴ കനത്തിരുന്നു. നല്ല യാത്രാക്ഷീണവും തണുപ്പുമുണ്ടായിരുന്നത് കൊണ്ട് പുതച്ചു മൂടി സുഖമായി ഉറങ്ങി.

രാവിലെ കുറച്ചു വൈകിയാണ് ഉണര്‍ന്നത്. നല്ല തണുപ്പുണ്ട്. ഡിസംബര്‍ ആകുമ്പോഴേക്കും ഈ തണുപ്പ് വല്ലാതെ കൂടും. അതില്‍ നിന്നും രക്ഷ നേടാന്‍ ആ വീട്ടിലെ ഒരു കിടപ്പുമുറിയുടെ ഭിത്തികള്‍ പൂര്‍ണമായും നല്ല കട്ടിയുള്ള മരപ്പലകകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വീട് നില്‍ക്കുന്നത് ഒരു മലയുടെ ചരിവില്‍ ആണ്. അതിന്റെ മറ്റേ ചരിവിലൂടെ പെരിയാര്‍ ഒഴുകുന്നതിന്റെ ആരവം ചെവിയോര്‍ത്താല്‍ കേള്‍ക്കാം. വളരെ ചെറിയ മുറ്റം. അത്തരം ചരിവില്‍ ഇത്രയും വലിപ്പമുള്ള മുറ്റം തന്നെ ആര്‍ഭാടമാണെന്ന് മറ്റു വീടുകള്‍ കണ്ടപ്പോള്‍ മനസ്സിലായി. മുറ്റത്തിറങ്ങി അവിടം മുഴുവന്‍ ഒരു 360 ഡിഗ്രി വീക്ഷണം നടത്തി.

ഒരു ഭാഗത്ത്‌ ജോസഫേട്ടന്റെ വീട്. അതിനടുത്തായി റബ്ബര്‍ ഉണക്കാനുപയോഗിക്കുന്ന ചെറിയ പുകപ്പുര. രണ്ടു പറമ്പുകളും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ വരമ്പുകളോ വേലിക്കെട്ടുകളോ ഒന്നും കാണാനില്ല. ഇവിടെയുള്ള ആള്‍ക്കാരോട് അക്കാര്യത്തില്‍ എനിക്ക് അസൂയ തോന്നി. വീടിന്റെ മുന്‍പിലായി കുറെ ചെറിയ കുറ്റിച്ചെടികൾ. അതിന്റെ കൊമ്പിലെല്ലാം ചുവപ്പും പച്ചയും കായ്കള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. ഇടയിലായി കുറെ എമണ്ടന്‍ പ്ലാവുകൾ. വശങ്ങളിലെക്കുള്ള ചില്ലകളെല്ലാം വെട്ടിയൊതുക്കി ഒറ്റത്തടി വൃക്ഷം പോലെയാണ് അവയെ വളര്‍ത്തിയിരിക്കുന്നത്. അതിലെല്ലാം കുരുമുളക് വള്ളികള്‍ പടര്‍ത്തിയിട്ടുമുണ്ട്. പ്ലാവിന്റെ കടക്കല്‍ നിന്നും വിട്ട് അവിടവിടെയായി ഒരാള്‍ ഉയരമുള്ള ഏതോ ചെടികള്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്നു. മണ്ണിന്റെ വളക്കൂറു കൊണ്ട് കൂവച്ചെടികള്‍ക്ക് അമിത വളര്‍ച്ച കിട്ടിയതുപോലെയുണ്ട്. മുറ്റത്തിന്റെ വക്കിലായി ചുവപ്പ് കലര്‍ന്ന പച്ച നിറമുള്ള ഇലകളോട് കൂടിയ ഒരു ചെറിയ മരം നില്‍ക്കുന്നു. അതില്‍ പഞ്ഞിക്കായക്ക് വലിപ്പവും ചുവപ്പ് നിറവും കിട്ടിയ പോലെയുള്ള മാംസളമായ കായ്കളും.

മറുവശത്ത് ഇത്തരത്തിലുള്ള ചെടികളും ഒരു ചെറിയ കിണറും. കിണറിനു പിന്നിലായി കുറെ കപ്പയും നട്ടിട്ടുണ്ട്. വീടിനു പുറകിലായി ഞാന്‍ ബസ്സിലിരുന്നു കണ്ട തരത്തിലുള്ള ഒരു പൈപ്പ്. അതില്‍ നിന്നും വെള്ളം ഒഴുകിപ്പൊയ്ക്കൊണ്ടിരിക്കുന്നു. ആരോ മോട്ടോര്‍ നിര്‍ത്താന്‍ മറന്നതായിരിക്കുമെന്നു കരുതി അമ്മയോട് പറഞ്ഞു. അപ്പോഴാണ് അറിഞ്ഞത് അത് ദൂരെ എവിടെയോ ഉള്ള ഒരു ഓലിയില്‍ നിന്നും വെള്ളം കൊണ്ട് വരുന്ന പൈപ്പാണെന്ന്. വളരെ ചെറിയ അരുവി അല്ലെങ്കില്‍ പാറകള്‍ക്കിടയില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലത്തെയാണ് അവിടുള്ളവര്‍ ഓലിഎന്ന് വിളിക്കുന്നത്‌. ചിലയിടങ്ങളില്‍ പാറ പൊട്ടിച്ചു കൃത്രിമമായും ഓലികള്‍ ഉണ്ടാക്കാറുണ്ട്. ഓലികളിലെ ആ തണുത്ത വെള്ളത്തില്‍ ഒന്ന് കുളിച്ചാല്‍ മാത്രം മതി, ക്ഷീണം പമ്പ കടക്കാന്‍!

കുറച്ചു കഴിഞ്ഞ് ജോസഫേട്ടന്റെ വീട്ടില്‍ പോയി അവരെയെല്ലാം പരിചയപ്പെട്ടു. ജോസഫേട്ടനും, ഭാര്യ ലീലാമ്മ ചേടത്തിയും, നാല് ആണ്മക്കളും അടങ്ങിയ ഒരു വിശാല കുടുംബം. അവരുടെ പ്രധാന വരുമാന മാര്‍ഗം കൃഷിയാണ്. മൂത്ത മകന്‍ ജിജി എന്റെ പ്രായക്കാരനാണ്. അവന്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പഠിപ്പു നിര്‍ത്തി. കൃഷിയില്‍ മാതാ-പിതാക്കളെ സഹായിക്കുന്നതോടൊപ്പം ഒരു ഏല ഫാക്ടറിയില്‍ ചെറിയ ജോലിയുമുണ്ട്‌. ജിജിയുടെ കൂടെ അവിടമെല്ലാം ചുറ്റിക്കണ്ടു. ആ വലിയ കൂവച്ചെടികള്‍ ഏലമാണെന്നും, കുറ്റിച്ചെടിയുടെ കൊമ്പില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കാപ്പിക്കുരുവാണെന്നും, ചുവന്ന പഞ്ഞിക്കായ്കള്‍ കൊക്കോ ആണെന്നുമെല്ലാം അറിഞ്ഞത് അവന്‍ പറഞ്ഞപ്പോഴാണ്. പണ്ട് "ഇടവിളയായി കൊക്കോ നടുവിൻ!" എന്ന റേഡിയോ ആഹ്വാനം കേട്ട് ഞങ്ങളുടെ നാട്ടില്‍ കുറെ പേര്‍ ചേനയും ചേമ്പും കാച്ചിലും വാഴയുമെല്ലാം വെട്ടിക്കളഞ്ഞ് കൊക്കോ നട്ടു നോക്കിയിരുന്നു. മണ്ണും കാലാവസ്ഥയും പിടിക്കാത്തതുകൊണ്ടായിരിക്കണം എവിടെയും കൊക്കോകൃഷി വിജയിച്ചില്ല. ചേമ്പും ചേനയുമെല്ലാം പോയത് മിച്ചം.

ഞാന്‍ വന്നതറിഞ്ഞ് ലീലാമ്മ ചേടത്തി അവിടത്തെ ശൈലിയിലുണ്ടാക്കിയ കപ്പപ്പുഴുക്കും മീന്‍കറിയും കൊണ്ടു വന്ന് തന്നു. മീന്‍ കറി വായില്‍ വച്ച് നോക്കി. നല്ല ചൊടിയുള്ള എരിവ്. പി ടി ഉഷയുടെ കടുമാങ്ങാ കഥ ഓര്‍ത്തുപോയി. ഉണക്കിയ കപ്പ വെള്ളത്തിലിട്ടു പതം വരുത്തിയ ശേഷം പുഴുങ്ങി താളിച്ചെടുത്തതാണ് അവിടത്തെ കപ്പപ്പുഴുക്ക്. അതുതന്നെയാണ് അവരുടെ പ്രധാന ഭക്ഷണവും. മീന്‍ കറിയും കൂട്ടി ഇതങ്ങു കഴിച്ചാല്‍ ഏതു മലയും അനായാസം കയറിയിറങ്ങാം. ഗതാഗത സൗകര്യം അത്രയ്ക്ക് അനുഗ്രഹിച്ചിട്ടില്ലാത്ത, കയറ്റിറക്കങ്ങള്‍ നിറഞ്ഞ, അവിടത്തെ വഴികളിലൂടെ കാതങ്ങളോളം നടന്നു പോകാന്‍ അവിടെയുള്ളവരെ സഹായിക്കുന്നത് ഭക്ഷണക്രമവും അധ്വാനവും മാത്രം.

അവരുടെ ദിനം പുലരും മുന്‍പേ റബ്ബര്‍ വെട്ടലില്‍ തുടങ്ങുന്നു. പിന്നെ പ്രഭാത പരിപാടികള്‍ കഴിഞ്ഞാല്‍ മറ്റു പണികള്‍ തുടങ്ങുകയായി. ജോസഫേട്ടന്‍ കൈക്കോട്ടെടുത്താല്‍ ലീലാമ്മ ചേടത്തി മടാളെടുക്കും (തൂമ്പാ അല്ലെങ്കില്‍ മണ്‍വെട്ടിയെന്നും വെട്ടുകത്തിയെന്നും അവരുടെ ഭാഷ്യം), തമ്മിലടിക്കാനല്ല, മത്സരിച്ചു അധ്വാനിക്കാൻ. പോളിയോ ബാധിച്ച ഷോജി അടക്കം മറ്റു കുട്ടികളും തന്നാലായത് ചെയ്തുകൊടുക്കും. അവിടത്തെ കൈക്കോട്ട് എന്റെ നാട്ടിലേത് പോലല്ല. തായക്ക്‌ നല്ല നീളമുണ്ട്. അതുകൊണ്ടെങ്ങനെ കിളക്കുമെന്നു ഞാനാദ്യം അതിശയപ്പെട്ടെങ്കിലും അധികം ഉറപ്പില്ലാത്ത കറുത്ത മണ്ണ് അതുകൊണ്ട് അനായാസം നിരപ്പാക്കാം എന്ന് മനസ്സിലായി. റബ്ബര്‍ മരങ്ങള്‍ക്ക് തടമെടുക്കൽ, റബ്ബര്‍ പാല്‍ സംഭരണം, ഉറക്കാനിടൽ, പരത്തി ഷീറ്റാക്കൽ, ഷീറ്റുണക്കാനിടൽ, പുക കൊള്ളിക്കൽ, കുരുമുളക് പറിക്കൽ, ഏലം ശേഖരിക്കൽ, അതുണക്കി പാകത്തിന് പുക കൊള്ളിക്കൽ, അങ്ങനെ നൂറു കൂട്ടം പണിയാണ്. ഒരിക്കല്‍ ജിജിയുടെ കൂടെ റബ്ബര്‍ ഷീറ്റാക്കാന്‍ കൂടെ പോയി. അവന്‍ ആ യന്ത്രം തിരിക്കുന്നത് കണ്ടപ്പോള്‍ ഒന്ന് ശ്രമിച്ചു നോക്കി. ഇഡ്ഡലിയും സാമ്പാറും ക്രിക്കറ്റ് കളി കൊണ്ടുള്ള വ്യായാമവുമൊന്നും പോര അതിനെന്ന് മനസ്സിലായി. അവരുടെ മാത്രമല്ല ഇടുക്കിക്കാരുടെ മൊത്തം അദ്ധ്വാന ശീലം സമ്മതിക്കണം.

വൈകീട്ട് ജിജിയുടെ കൂടെ പെരിയാര്‍ കാണാനായി മലയുടെ അങ്ങേ ചരുവിലേക്ക് പോയി. പ്രകൃതിരമണീയമായ ഇടുക്കിയുടെ ഒരു പരിച്ഛേദമാണ് അവിടം. പാറക്കൂട്ടങ്ങള്‍ക്കിയിലൂടെ പെരിയാര്‍ പാല്‍ നിറത്തില്‍ പതഞ്ഞൊഴുകുന്നു. ഇടുക്കി അണക്കെട്ടിന്റെ ക്യാച്മെന്റ് ഏരിയയുടെ തെക്കേ അറ്റം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ഒഴുകുന്ന അധികജലവും അരുവികളില്‍ നിന്നും മറ്റു പോഷക നദികളില്‍ നിന്നുള്ള ജലവും ഒന്നുചേര്‍ന്ന് വള്ളക്കടവ്-വണ്ടിപ്പെരിയാര്‍ വഴി ഒഴുകി ഇടുക്കി അണക്കെട്ടിന്റെ ജലാശയത്തില്‍ ചേരുന്നത് ഇവിടെ വച്ചാണ്. പണ്ട് ഇവിടെയുണ്ടായിരുന്ന അയ്യപ്പന്‍ കോവിലിന്റെ അവശിഷ്ടങ്ങള്‍ അവിടെ കാണാനുണ്ട്. ഇടുക്കി അണക്കെട്ട് വന്നപ്പോള്‍ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നുവത്രേ! അണക്കെട്ട് നിറഞ്ഞു കഴിഞ്ഞാല്‍ ആ അവശിഷ്ടങ്ങള്‍ വെള്ളത്തിനടിയില്‍ ആയിരിക്കും. അതിനു മുകളിലൂടെ ആയിരിക്കും ചെറിയ വള്ളങ്ങളും പെഡല്‍ ബോട്ടുകളും സഞ്ചരിക്കുക. നിശ്ചലമായ ആ വലിയ ജലാശയത്തിലൂടെ ഇടുക്കി അണക്കെട്ട് വരെ വളളത്തില്‍ പോകാം. അടിയൊഴുക്ക് ശക്തമായതുകൊണ്ടും മീന്‍ പിടിക്കാന്‍ വലിയ വലകള്‍ അവിടവിടെയായി വിരിച്ചിരിക്കുന്നതുകൊണ്ടും അത്യന്തം അപകടകരമാണ് അതിലൂടെയുള്ള യാത്ര. അച്ഛന്‍ ഒരു തവണ ബാങ്കിലുള്ളവരുടെ കൂടെ വള്ളത്തില്‍ തട്ടാത്തിക്കുടി എന്ന സ്ഥലം വരെ പോയതിന്റെ അനുഭവം എന്നോട് പറഞ്ഞിരുന്നു. അന്ന് അണക്കെട്ട് നിറഞ്ഞിട്ടില്ലാത്തതുകൊണ്ട് എനിക്ക് വള്ളത്തില്‍ പോകാന്‍ സാധിച്ചില്ല.

കാലവര്‍ഷം തുടങ്ങിയതിനാല്‍ നല്ല ഒഴുക്കുണ്ട്. ധാരാളം കയങ്ങള്‍ (ആഴമേറിയ ഭാഗങ്ങൾ) ഉണ്ടെന്നും സൂക്ഷിക്കണമെന്നും ജിജി എനിക്ക് മുന്നറിയിപ്പ് തന്നു. നന്നായി നീന്താനറിയാമെന്നു പറഞ്ഞപ്പോള്‍ അവനു ചിരിയാണ് വന്നത്. അവിടത്തെ ഒരു കയം ചൂണ്ടിക്കാട്ടി അതിന്റെ പേര് ആശാന്‍ കയമാണെന്നും അതിന് ആ പേര് കിട്ടിയത് നീന്തല്‍ പഠിപ്പിക്കുന്ന ഒരു ആശാന്‍ അതില്‍ മുങ്ങി മരിച്ചപ്പോള്‍ ആണെന്നും അവന്‍ പറഞ്ഞു. അമ്പലക്കുളത്തില്‍ ഇട്ടാ വട്ടത്തില്‍ നീന്തി പരിചയമുള്ള ഞാന്‍ കയത്തിലെ ഒഴുക്കില്‍ എന്ത് ചെയ്യാൻ!! ചിലയിടങ്ങളില്‍ ആളുകള്‍ ചൂണ്ടയിടുന്നുണ്ട്. അവരുടെ അടുത്തെല്ലാം ചുട്ട കപ്പ ഇരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ജിജിയോടു ചോദിച്ചു:

"ഇവര്‍ക്ക് രാവിലെ തൊട്ടു വൈകീട്ട് വരെ ഇതന്യാണോ പണി? കപ്പയെല്ലാം കരുതീട്ട്ണ്ടല്ലോ!"

"ഓ! ആ കപ്പ തിന്നാനൊന്നുമല്ലെന്നേ, അത് ചൂണ്ടേല്‍ കൊരുക്കാനൊള്ളതാ." അവന്‍ മറുപടി പറഞ്ഞു.

"ഈ കപ്പയെങ്ങനെ ചൂണ്ടയില്‍ കൊരുക്കും? അത് വെള്ളത്തിലിട്ടാല്‍ ഒഴുകി പോകില്ലേ?" എന്റെ സംശയം.

പണ്ട് ഞാഞ്ഞൂലിനെ പിടിക്കാന്‍ അറപ്പായതുകൊണ്ട് ചോറ് വറ്റ് മുതല്‍ പലതും ഇരയാക്കി പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. എന്റെ സംശയം തീര്‍ക്കാന്‍ പിറ്റേന്ന് തന്നെ ജിജി ഒരു ചൂണ്ട സംഘടിപ്പിച്ചു തന്നു. ഒരു മൂട് കപ്പയും ചുട്ടെടുത്ത് ഞങ്ങള്‍ ചൂണ്ടയിടാന്‍ പോയി. ചുട്ട കപ്പയുടെ കാമ്പെടുത്ത്‌ കൈവെള്ളയില്‍ വച്ച് കുറച്ചു നേരം ഞെരടിയപ്പോള്‍ അത് നല്ല പശ പോലെയായി. അതെടുത്തു ചൂണ്ടയില്‍ കൊരുത്ത് കയത്തിലേക്കിട്ടു. അന്ന് മുഴുവന്‍ ശ്രമിച്ചിട്ട് ആകെ കിട്ടിയത് ഒരേയൊരു മുഷി (ഞങ്ങളുടെ നാട്ടിലെ മൊയ്യ്) അതും വളരെ ചെറിയതും മെലിഞ്ഞതും. ഞങ്ങള്‍ ചൂണ്ടയിട്ട ആ കയത്തിനെ എത്തിയോപ്പിയ കയം എന്ന് പേരിട്ട് സസന്തോഷം തിരിച്ചു പോന്നു.

പിറ്റേ ദിവസം അച്ഛന്റെ ബാങ്കിലെ കാഷ്യറായ TKD നായര്‍ അങ്കിളിന്റെ വീട്ടില്‍ പോയി. ആ ബാങ്കില്‍ സ്ഥലം മാറി വരുന്ന ആര്‍ക്കും വീട് കിട്ടുന്നത് വരെ അഭയം ആ വീടാണ്. അന്നുമുണ്ട് ആരോ അവരുടെ അതിഥിയായി. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഗംഭീരമായ രൂപമാണെങ്കിലും വളരെ സൌമ്യമായ സ്വഭാവമാണ് അങ്കിളിന്റേത്. അവരുടെ ഭാര്യക്ക് എന്റെ അച്ഛന്‍പെങ്ങളുടെ രൂപ-ഭാവ സാദൃശ്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ അതൊരു അന്യവീടായേ തോന്നിയില്ല. അവര്‍ക്ക് മൂന്നു ആണ്മക്കളാണ്. മൂത്തയാള്‍ പുറത്തെവിടെയോ ജോലിയില്‍ ആണ്. രണ്ടാമന്‍ രാജീവേട്ടന്‍ ഇലക്ട്രോണിക്സ് പഠിക്കുന്നു. മൂന്നാമന്‍ സഞ്ജീവേട്ടന്‍ ഡിഗ്രിക്ക് പഠിക്കുന്നു. അവരുടെ കൂടെ തേക്കടിയിലേക്ക് പോകണം എന്നെല്ലാം പദ്ധതിയിട്ടിരിക്കുന്ന സമയത്താണ് എനിക്ക് ശ്രീകൃഷ്ണ കോളേജില്‍ ഡിഗ്രിക്ക് അഡ്മിഷന്‍ ശരിയായത്. ഉടനെ തന്നെ തിരിച്ചു പോന്നതുകൊണ്ട് അതു നടന്നില്ല.

പിന്നീടും പല തവണ അയ്യപ്പന്‍ കോവില്‍ സന്ദര്‍ശിച്ചെങ്കിലും അച്ഛന് മണ്ണാര്‍ക്കാടിനടുത്തുള്ള പൊറ്റശ്ശേരിയിലേക്ക് സ്ഥലമാറ്റം കിട്ടിയതിനു ശേഷം അങ്ങോട്ട്‌ പോയിട്ടില്ല. അയ്യപ്പന്‍ കോവില്‍ വീണ്ടും പഴയ സ്ഥലത്തിലേക്കു മാറ്റുന്നു എന്ന് പറഞ്ഞു കേട്ടു. എത്രത്തോളമായി എന്നറിയില്ല. എന്നെങ്കിലുമൊരിക്കല്‍ സമയം കിട്ടുകയാണെങ്കില്‍ അവിടമെല്ലാം പോകണം, അവരെയെല്ലാം കാണണം. ജോസഫേട്ടനും കുടുംബവും എങ്ങനെയിരിക്കുന്നു? ജിജി ഇപ്പോള്‍ എന്ത് ചെയ്യുന്നു? അറിയില്ല!! അവരുടെ വീട് പെരിയാറില്‍ നിന്നും ഒരുപാട് ഉയരത്തില്‍ ആയതുകൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാലും അവരുടെ വീടിനൊന്നും സംഭവിക്കാന്‍ സാധ്യതയില്ല. പക്ഷെ അവിടെ മറ്റു പല വീടുകളും പെരിയാറിന്റെ തീരത്തുണ്ട്. നമുക്ക് പ്രാര്‍ത്ഥിക്കാം. അണക്കെട്ടൊരിക്കലും പൊട്ടാതിരിക്കട്ടെ! ആര്‍ക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ!!

അനുബന്ധം: ഈ യാത്രാക്കുറിപ്പ് മലയാളം ബ്ലോഗേഴ്സ് കൂട്ടായ്മയുടെ ഓണ്‍ലൈന്‍ മാഗസീന്‍ ആയ ഇ-മഷിയുടെ ആദ്യ ലക്കത്തില്‍ പ്രസിദ്ധീകരിച്ചതാണ്.

ചിത്രങ്ങള്‍ക്ക് കടപ്പാട് നെടുങ്കണ്ടം.കോം, ഗൂഗിള്‍.

Wednesday 8 August 2012

ആത്മാര്‍ത്ഥ സുഹൃത്ത്‌

ഒരു കളഞ്ഞു കിട്ടിയ സെക്കന്റ്‌ ക്ലാസ് പ്രീ-ഡിഗ്രി മാര്‍ക്ക്‌ ലിസ്റ്റും വച്ചുകൊണ്ട് ഡിഗ്രി പഠനത്തിനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. ഇത്രയും കുറഞ്ഞ മാര്‍ക്കുകൊണ്ട് ഒരു ഡിഗ്രി അഡ്മിഷൻ! ഫസ്റ്റ് ക്ലാസ്സുണ്ടായാല്‍ പോലും റെഗുലര്‍ കോളേജില്‍ കയറിക്കൂടല്‍ ഒരു വെല്ലുവിളി ആണ്. പിന്നെയല്ലേ കഷ്ടിച്ച് സെക്കന്റ്‌ ക്ലാസ്! മുന്നില്‍ ഉള്ളത് രണ്ടേ രണ്ട് വഴി: ശ്രീകൃഷ്ണ കോളേജില്‍ ഒരു മാനേജ്‌മന്റ്‌ ക്വോട്ട, അല്ലെങ്കില്‍ ഏതെങ്കിലും പാരലല്‍ കോളേജില്‍ ഇംഗ്ലീഷ് ബിരുദം. രണ്ടുമില്ലെങ്കില്‍ പിന്നെ പ്രീ-ഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല എന്നങ്ങ് സമാധാനിച്ചു കൃഷിപ്പണി തുടങ്ങാം. എന്തായാലും പോത്തുകള്‍ എന്റെ തല്ലു വാങ്ങുന്നതില്‍ നിന്നും പൂര്‍ണമായും രക്ഷപ്പെട്ടു എന്ന് പറയാറായിട്ടില്ല.

ശ്രീകൃഷ്ണ കോളേജില്‍ മാത്രം അതും മാനേജ്‌മന്റ്‌ ക്വാട്ടയില്‍ അപേക്ഷ സമര്‍പ്പിച്ചു. എന്തിനും ഏതിനും ആശ്രയമായ അപ്പുമ്മാവന്‍ തന്നെ അതിനും ശരണം. സയന്‍സ് പെറ്റമ്മമാരില്‍ നിന്നും ഒരു പ്രതീക്ഷയും ഇല്ലാത്തതുകൊണ്ട് പ്രഥമ പരിഗണന പെറ്റമ്മയോ, ചിറ്റമ്മയോ, എന്തിന് വളര്‍ത്തമ്മ പോലുമല്ലാത്ത കൊമേഴ്സിന്! രണ്ടാം പരിഗണന ഫിസിക്സിനും മൂന്നാമതായി ഗണിതവും. എതു കിട്ടിയാലും വിജയിക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ട് എനിക്കെല്ലാം ഒരുപോലെ! കിട്ടിയാല്‍ മൂന്ന് വര്‍ഷം കൂടി കോളേജില്‍ പോകാം അത്ര തന്നെ.

ഇനി ഏതാണ്ട് ഒരു മാസമുണ്ട് അഡ്മിഷനെല്ലാം തുടങ്ങാന്‍. അങ്ങനെ ആ സമയം ചിലവിടാന്‍ ഞാന്‍ ഇടുക്കിയിലെ അയ്യപ്പന്‍ കോവിലിലേക്ക് യാത്രയായി, അച്ഛനമ്മമാരുടെ അടുത്തേക്ക്. അവിടെ വച്ച് ഒരു ദിവസം മുരിങ്ങയില പറിക്കുമ്പോഴുണ്ടായ വീഴ്ചയില്‍ എന്റെ ഇടത്തെ കൈ ഒടിഞ്ഞു. അത് പ്ലാസ്ടറെല്ലാം ഇട്ടു വിശ്രമിക്കുമ്പോഴാണ് അച്ഛന് അപ്പുമ്മാവയുടെ ഫോണ്‍. ശ്രീകൃഷ്ണ കോളേജില്‍ ഗണിത ബിരുദത്തിനു മാനേജ്മെന്റ് ക്വാട്ടയില്‍ എനിക്കൊരു അഡ്മിഷന്‍ ശരിയാക്കിയിട്ടുണ്ട്, അടുത്ത ആഴ്ച തന്നെ ചേരണം. ഒന്നരക്കൈയും വച്ച് ഒരുവിധം നാട്ടിലെത്തി.

അങ്ങിനെ ശ്രീകൃഷ്ണ കോളേജില്‍ ചേര്‍ന്നു. അപേക്ഷ ഫോം വാങ്ങാന്‍ വന്നപ്പോള്‍ കണ്ടതിനേക്കാള്‍ സുന്ദരിയായിരിക്കുന്നു കോളേജ്. എങ്ങനെ അല്ലാതിരിക്കും. ഇപ്പോള്‍ ഇത് എന്റെ കോളേജല്ലേ!! ചുവന്ന പൂക്കള്‍ നിറഞ്ഞ വാകമരങ്ങളും കുങ്കുമമരങ്ങളും ലാങ്കി പൂക്കളും എന്നെ സ്വാഗതം ചെയ്തു. പഠന സൗകര്യങ്ങളേക്കാള്‍ ഞാന്‍ ശ്രദ്ധിച്ചത് ഉഴപ്പാനുള്ള വഴികളായിരുന്നു. വിശാലമായ മൈതാനങ്ങളും കെട്ടിടങ്ങള്‍ക്കിടയിലുള്ള സ്ഥലങ്ങളില്‍ പാറക്കൂട്ടങ്ങളും പാവുട്ട മരങ്ങളും നിറഞ്ഞ ആ കാമ്പസ് എനിക്ക് വളരെ ഇഷ്ടമായി. കൂടാതെ മൈതാനത്തില്‍ ഹെലിപ്പാഡ് സൌകര്യവുമുണ്ട്!! ഇടക്ക് ഹെലികോപ്ടറില്‍ വന്നാലും ഇറങ്ങാന്‍ ബുദ്ധിമുട്ടില്ല!! എല്ലാംകൊണ്ടും എന്റെ പരിഗണനകള്‍ക്കൊത്തിണങ്ങിയ അന്തരീക്ഷം.

പൊതുവേ മാനേജ്‌മന്റ്‌ ക്വാട്ടയില്‍ വരുന്ന കുട്ടികളെ ടീച്ചര്‍മാര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. അവരില്‍ ഭൂരിഭാഗവും അച്ഛനമ്മമാരുടെ നിര്‍ബന്ധം സഹിക്കവയ്യാതെ, അല്ലെങ്കില്‍ അച്ഛനമ്മമാരെ നിര്‍ബന്ധിച്ച്, സ്വാധീനത്തിന്റെ ഒരേയൊരു ബലത്തില്‍ വന്നവരായിരിക്കും. പഠനം എന്നത് അവരുടെയെല്ലാം മുന്‍ഗണനാ പട്ടികയില്‍ അവസാനത്തേതാകും. അതുകൊണ്ട് തന്നെ അവരെ തീരെ ശ്രദ്ധിക്കേണ്ടല്ലോ!! എന്റെ സ്ഥിതിയും മറിച്ചല്ല! പോരാത്തതിനു പ്ലാസ്ടര്‍ ഇട്ട കൈയുമായി ഒരു വില്ലന്‍ ലുക്കോടെയാണ് എന്റെ കലാലയ പ്രവേശം. ചില ടീച്ചര്‍മാരുടെ "ഇവന്‍ ഒരു നടക്കു പോകില്ല" എന്ന നോട്ടം അത് വിളിച്ചു പറയുന്നുണ്ടായിരുന്നു.;

പരിചിതമായ മൂന്ന് മുഖങ്ങള്‍ ഉണ്ടായിരുന്നു പട്ടാമ്പി കോളേജില്‍ നിന്ന്. ഒന്ന് സ്മിത, പട്ടാമ്പിയില്‍ വച്ച് ഒരു സുഹൃത്തിന്റെ 'ഹംസ'മായി വേഷം കെട്ടിയ ഞാനുമായി അത്ര നല്ല രസത്തിലായിരുന്നില്ല. ഞാനിനി വേറെയാരുടെയെങ്കിലും ദൂതുമായി വരുമോ എന്ന ഭയം കൊണ്ടാവണം ഒരാഴ്ചക്കുള്ളില്‍ തന്നെ അവള്‍ വേറെയേതോ കോളേജിലേക്ക് സ്ഥലമാറ്റം വാങ്ങിപ്പോയി. രണ്ട്, ശ്രീജ. മുഖ പരിചയത്തില്‍ കവിഞ്ഞ് ഒരു പിടിയുമില്ല. മൂന്ന്, ജയദാസ്. പട്ടാമ്പിയിലെ പഠിപ്പിസ്ടുകളുടെ ലിസ്റ്റിലെ ഒരു പ്രധാനി. ട്യുഷന്‍ ക്ലാസ്സിലും ഉണ്ടായിരുന്നതുകൊണ്ട് കുറച്ചെങ്കിലും പരിചയം ഉണ്ട്. നന്നായി പഠിക്കുന്ന അവനോടെല്ലാം ഒരു തരം ആരാധനയായിരുന്നു എനിക്ക്.

ക്ലാസ് തുടങ്ങിയിട്ട് ഒരാഴ്ചയായി. രണ്ടും കല്‍പ്പിച്ചു കോളേജില്‍ എത്തിയ എനിക്ക് അതൊന്നും വല്യ പ്രശ്നമേ ആയിരുന്നില്ല. ആദ്യ ദിവസം തന്നെ ഞാന്‍ സ്മിതയോടും ശ്രീജയോടുമെല്ലാം സംസാരിക്കാന്‍ ചെന്നു. ആകെ പരിചയം അവരോടല്ലേ!! പിന്നെ ഓരോരുത്തരെ ആയി പരിചയപ്പെട്ടു. ആരോടും പ്രീ-ഡിഗ്രിയുടെ മാര്‍ക്ക്‌ ചോദിക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ചോദിച്ചാല്‍ അവരെങ്ങാന്‍ എന്റെ മാര്‍ക്ക്‌ ചോദിച്ചാലോ? വന്ന പാടെ പെണ്‍കുട്ടികളോടെല്ലാം പരിചയപ്പെടാന്‍ പോയ എന്നെ സഹപാഠികളും ഒരു നടക്കു പോകില്ലെന്ന് കരുതിക്കാണണം. കാരണം ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഒരു നിശ്ചിത അകലം പാലിച്ചിരുന്നെന്ന് പിന്നീടാണെനിക്ക് മനസ്സിലായത്‌. അതുകൊണ്ട് തന്നെ ആ പരിചയപ്പെടലിനു ശേഷം ഒരു പരിചയം പുതുക്കല്‍ പോലും പിന്നെ കുറച്ചു കാലത്തേക്ക് ഉണ്ടായില്ല.

ദിവസവും ക്ലാസെല്ലാം മുറക്ക് നടക്കുന്നു. എന്തൊക്കെയൊ കേള്‍ക്കുന്നു. പരാബോളയും ഹൈപ്പര്‍ബോളയും എലിപ്സുമെല്ലാം തലയ്ക്കു ചുറ്റും കറങ്ങുന്നു. ആരൊക്കെയോ സംശയങ്ങള്‍ ചോദിക്കുന്നു. ടീച്ചര്‍മാര്‍ വിശദീകരിക്കുന്നു. ടീച്ചര്‍മാര്‍ കുട്ടികളോട് ചോദ്യം ചോദിക്കുന്നു, മിടുക്കന്മാരും മിടുക്കികളും എഴുന്നേറ്റു നിന്ന് ഉത്തരം പറയുന്നു. ആകെ ഒരു പുകമയം. ഇതൊന്നും എന്നെ ബാധിക്കുന്നതല്ലലോ എന്ന് കരുതി ഞാനും സമാധാനിച്ചു. ഭാഗ്യം ടീച്ചര്‍മാര്‍ ആരെയും ചൂണ്ടിക്കാട്ടി ചോദ്യമൊന്നും ചോദിക്കുന്നില്ല. വീട്ടുകണക്കുകളും ഇല്ല. അങ്ങനെ ക്ലാസ് അതിന്റെ വഴിക്കും ഞാന്‍ എന്റെ വഴിക്കും പോയിക്കൊണ്ടിരിക്കുമ്പോഴാണ്‌ വഴിമുടക്കിക്കൊണ്ട് ആ ചോദ്യം വന്നത്.

"കംബൈന്‍ഡ് സ്റ്റഡിക്ക് താല്‍പ്പര്യണ്ടോ?" ജയദാസാണ്.

ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി. ഒന്നാമതായി ഈ പരിപാടി എന്താണെന്നു എനിക്കൊരു പിടിയുമില്ല. മാത്രമല്ല ക്ലാസ്സില്‍ പ്രീ-ഡിഗ്രിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയവരില്‍ ഒരാളാണ് ചോദിക്കുന്നത്. ചോദ്യം ഏറ്റവും കുറവ് മാര്‍ക്കു നേടിയ പ്രതിഭാധനനോടും.

അപകര്‍ഷതാബോധം കൊണ്ട് ഞാനാകെ ചൂളിപ്പോയി. എങ്ങനെ ആലോചിച്ചിട്ടും ഇല്ല എന്ന ഉത്തരമേ മനസ്സില്‍ വരുന്നുള്ളൂ. അതൊന്നു എങ്ങനെ അവന്റെ മുന്നില്‍ അവതരിപ്പിക്കും എന്നത് അതിലും വലിയൊരു ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്നു. അവന്റെ വീടിന് ഏറ്റവും അടുത്തുള്ളവന്‍, പട്ടാമ്പി കോളേജില്‍ കണ്ട പരിചയം, ഇത് രണ്ടും ഒഴിച്ചാല്‍ അവന്‍ എന്നെ തിരഞ്ഞെടുക്കാന്‍ വേറൊരു കാരണവും ഞാന്‍ കണ്ടില്ല. പഠനത്തിനാണെങ്കില്‍ ഇത് രണ്ടും ഒരു മാനദണ്ഡമേ അല്ല!! എന്റെ വിഷമം അവനു മനസ്സിലായി എന്ന് തോന്നുന്നു. അവന്‍ പറഞ്ഞു:

"ഞാന്‍ പ്രീ-ഡിഗ്രിക്ക് വേറൊരാളായി കംബൈന്‍ഡ് സ്റ്റഡി നടത്തീരുന്നു. നല്ലൊരു ഏര്‍പ്പാടാണ്. ഒരുതരം കൊടുക്കല്‍ വാങ്ങൽ. എനിക്കറിയാത്തത് അവന്‍ പറഞ്ഞേരും അവനറിയാത്തത് ഞാനും പറഞ്ഞോടുക്കും. അങ്ങനെ അങ്ങട് പോകും." അവന്‍ പിന്നെയും എന്തൊക്കെയോ അതിന്റെ ഗുണഗണങ്ങളെ ക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ എങ്ങനെ ഇല്ലെന്നു പറയും എന്ന ധര്‍മ്മസങ്കടത്തിലും.

ഞാന്‍ ആ കൊടുക്കല്‍ വാങ്ങലില്‍ പിടിച്ചു. ഞങ്ങളുടെ രണ്ട് പേരുടെയും അറിവിന്റെ ഗണങ്ങള്‍ എടുത്താല്‍ യൂണിയന്‍ അവന്റെ ഗണവും ഇന്റര്‍സെക്ഷന്‍ എന്റെ ഗണവും ആയിരിക്കും.

"ജയദാസ്, നിനക്കറിയാലോ ഇന്റെ പ്രീ-ഡിഗ്രി മാര്‍ക്ക്. ഈ കൊടുക്കല്‍ വാങ്ങല്‍ നിനക്ക് വെറും കൊടുക്കല്‍ മാത്രാവും. അത് വേണോ?" ഞാന്‍ ചോദിച്ചു.

"അതൊന്നും ഒരു പ്രശ്നല്ല. ഇത് വരെ എത്തീല്യേ, ഒന്നും അറിയാണ്ടിരിക്കില്ലലോ. അറിയണത് നമ്മക്ക് കൈമാറാം." എന്നായി അവൻ.

"ഇന്റെ പഠനത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ വല്യൊരു വട്ടപ്പൂജ്യാണ്. പത്താം ക്ലാസ്സിലെ കാര്യങ്ങളേ എനിക്ക് കാര്യയിട്ട് അറിയുള്ളൂ. അതോണ്ട് നീ നന്നായി കഷ്ടപ്പെടും." ഞാന്‍ മുന്നറിയിപ്പ് കൊടുത്തു.

"അതെനിക്ക് വിട്ടു തന്നേക്ക്‌, നീ തയ്യാറാണെങ്കില്‍ വരണ ഞാറാഴ്ച വീട്ടില്‍ വാ." അങ്ങനെ അങ്കം കുറിച്ചു.

ഞായറാഴ്ച അവന്റെ വീട്ടില്‍ പോയി. അവന്റെ അച്ഛന്റെയും അമ്മയുടെയും അച്ചമ്മയുടെയുമെല്ലാം സൗമ്യവും സ്നേഹപൂര്‍ണവുമായ പെരുമാറ്റം കണ്ടപ്പോഴേ മനസ്സിലായി അവനിലും അതിന്റെ വല്യോരംശം ഉണ്ടെന്ന്. ഇല്ലെങ്കില്‍ എന്തിനെന്നെ തന്നെ വിളിക്കണം. ആദ്യത്തെ ക്ലാസ്സുകള്‍ കംബൈന്‍ഡ് സ്റ്റഡി ആയിരുന്നില്ല, എന്റെ യഥാര്‍ത്ഥ പ്രീ-ഡിഗ്രി പഠനം ആയിരുന്നു. അവിടെ വിട്ടുപോയ ഭാഗങ്ങള്‍ അവന്‍ ഭംഗിയായി പൂരിപ്പിച്ചു കൊണ്ടിരുന്നു. ചില കണക്കുകള്‍ മനസ്സില്ലാക്കി തരാന്‍ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും അവന്‍ നിര്‍ദ്ദാരണം ചെയ്തു തന്നു. അങ്ങനെ പതുക്കെ പതുക്കെ ഞാന്‍ ഡിഗ്രി ട്രാക്കില്‍ ഓടാന്‍ തുടങ്ങി. അപകര്‍ഷതാബോധം ആത്മവിശ്വാസത്തിന് വഴിമാറി. ആരാധന സൗഹൃദത്തിനു വഴിമാറി. പിന്നീട് ഞങ്ങളുടെ വീടുകള്‍ മാറി മാറി കംബൈന്‍ഡ് സ്റ്റഡിക്ക് വേദിയായി.
എന്റെ വീട്ടില്‍ പലര്‍ക്കും ഈ പരിപാടി അത്രയ്ക്കങ്ങോട്ട് ദഹിച്ചിരുന്നില്ല. ഇവരെന്താ മുറിയില്‍ അടച്ചിരുന്നു പരിപാടി? പഠനം എന്നും പറഞ്ഞ് കോളേജിലെ പെണ്‍പിള്ളാരുടെ അംഗവര്‍ണനയാണോ? അങ്ങനെയുള്ള ഓരോ സംശയങ്ങള്‍ മുളച്ചു പൊന്തിക്കൊണ്ടിരുന്നു. ജയദാസിന്റെ ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റം അതിനെല്ലാം മറുപടിയായി. അവന്‍ വീട്ടിലെ എല്ലാവരെയും കൈയിലെടുത്തു. ചുരുക്കി പറഞ്ഞാല്‍ അവന്‍ എന്റെ വീട്ടിലെ ഒരംഗമായി. ഞാന്‍ അവന്റെ വീട്ടിലെ ഒരംഗവും, വീട്ടിലെ മാത്രമല്ല നാട്ടിലെ തന്നെ.

ഒരു പാട് സാമൂഹ്യ സേവനങ്ങള്‍ നടക്കുന്ന പിലാക്കാട്ടിരി എന്ന ആ നാട് തന്നെ എനിക്കൊരു അത്ഭുതമായിരുന്നു. നാടകവേദി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സാംസ്‌കാരിക നിലയത്തിന്റെ ഭാഗമായി വായന ശാലയും അയല്‍കൂട്ടവും, മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനം, വോളീബോൾ, ബാഡ്മിന്ടന്‍, അങ്ങിനെ നൂറു കൂട്ടം പരിപാടികൾ. ജയദാസ് തന്നെ ജില്ലാതലത്തില്‍ ഷട്ടില്‍ ബാഡ്മിന്ടന്‍ കളിച്ചിട്ടുള്ളയാളാണ്. പിന്നെ അടുത്ത വീടുകളില്‍ നടക്കുന്ന കല്യാണം, മരണം, മുതലായ എല്ലാ ചടങ്ങുകള്‍ക്കും സഹായിയായി ആദ്യാവസാനം ഉണ്ടാകുന്ന യുവാക്കളും മുതിര്‍ന്നവരും കലര്‍ന്ന ഒരു കൂട്ടം ഉത്സാഹികളും. നാടകവേദിയുടെ ഒരു വര്‍ഷത്തെ നാടകോത്സവത്തിന് നടന്‍ മാള അരവിന്ദന്‍ വന്നു സംസാരിച്ചത് ഓര്‍ക്കുന്നു. മാളയുടെ കോമാളി വേഷങ്ങള്‍ മാത്രം കണ്ടിട്ടുള്ള ഞാന്‍ അദ്ദേഹത്തിന്റെ പ്രസംഗം കേട്ട് കോരിത്തരിച്ചു പോയി. ഇത്രയും നന്നായി സംസാരിക്കുന്ന ആളാണ് അദ്ദേഹം എന്നത് എനിക്കൊരു പുതിയ അറിവായിരുന്നു.

അങ്ങനെ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ പഠനത്തിന്റെ നാളുകള്‍ വിജയകരമായി മുന്നോട്ടു പോയി. മോഹനനും ജയേഷും സംഘത്തില്‍ ചേര്‍ന്നു. നാല്‍വരും ചേര്‍ന്ന് എത്ര കഠിനമായ പ്രശ്നങ്ങളെയും നേരിട്ടു. പ്രഗല്‍ഭരായ അധ്യാപകരുടെ പിന്തുണയും കൂടിയായപ്പോള്‍ ഓരോ ഗണിത സമസ്യകളും ഞങ്ങള്‍ നാല്‍വര്‍ സംഘത്തിനു മുന്‍പില്‍ സുല്ലിട്ടു കൊണ്ടിരുന്നു. അങ്ങനെ ഒന്നാം വര്‍ഷം പരീക്ഷയായി. കംബൈന്‍ഡ് സ്റ്റഡിയുടെ ആദ്യത്തെ ബലപരീക്ഷണം. ധീരമായി തന്നെ ഞങ്ങള്‍ പരീക്ഷയെ നേരിട്ടു. ഒടുവില്‍ ഫലം വന്നപ്പോള്‍ എനിക്ക് ജീവിതത്തില്‍ ആദ്യമായി ഒരു വിഷയത്തിന് നൂറു ശതമാനം മാര്‍ക്ക്! അതും കണക്കിന്!! എനിക്കത് വിശ്വസിക്കാന്‍ കുറച്ചധികം സമയമെടുത്തു. ജയദാസിനോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. അതിനു പറ്റിയ വാക്കുകളൊന്നും ഒരു ഭാഷയിലും ഇത് വരെ ഉണ്ടായിട്ടില്ല. പിന്നെ മനസ്സില്‍ പഠനത്തിനോടുള്ള ആത്മാര്‍ഥത അതൊന്നു മാത്രമായി. അത് മാത്രമായിരുന്നു അവനോടുള്ള നന്ദി പ്രകടനം.

ഇതേ പഠനം രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും ആവര്‍ത്തിച്ചു. അവസാന വര്‍ഷത്തെ ഫലം വന്നപ്പോള്‍ എനിക്കും മോഹനനും ജയദാസിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക്. മാത്രമല്ല എനിക്ക് ക്ലാസില്‍ രണ്ടാം സ്ഥാനവും മോഹനന് നാലാം സ്ഥാനവും. ആരോ ഇതിനെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ അവന്റെ മറുപടി ഇതായിരുന്നു:

"ആര് പറഞ്ഞു എനിക്ക് മാര്‍ക്ക് കുറഞ്ഞെന്ന്. എനിക്ക് പ്രീ-ഡിഗ്രിക്ക് കിട്ടിയതിനേക്കാള്‍ കൂടുതല്‍ തന്നെയാണ് ഡിഗ്രിക്ക് കിട്ടിയത്. ഞാന്‍ പ്രീ-ഡിഗ്രിക്ക് പഠിച്ച അതേപോലെ പഠിച്ചു, അവര്‍ അതിനെക്കാള്‍ കൂടുതല്‍ നന്നായി പഠിച്ചു അതുകൊണ്ട് കൂടുതല്‍ മാര്‍ക്കും കിട്ടി. അതിലെന്താ ഇത്ര പുതുമ?"

ഇത്തരം ഒരു മറുപടി ഇത്രയും ലാഘവത്തോടെ പറയാന്‍ ഒരു ആത്മാര്‍ത്ഥ സുഹൃത്തിന് മാത്രമേ സാധിക്കൂ. അതിനു ശേഷം പലയിടങ്ങളിലും സൗഹൃദദിനത്തിനോടനുബന്ധിച്ചു ഒരു സുഹൃത്തിനെക്കുറിച്ച് പറയാന്‍ പറഞ്ഞാല്‍ എനിക്ക് രണ്ടാമതാലോചിക്കേണ്ടി വരാറില്ല. അന്ന് അവനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ! അവനെന്നോട് അത് ചോദിച്ചില്ലായിരുന്നെങ്കിൽ! അറിയില്ല, ഞാന്‍ എന്താകുമായിരുന്നെന്ന്. പഠിക്കുന്ന കാലത്തു തന്നെ അധ്യാപക ജോലി ആഗ്രഹിച്ചിരുന്ന ജയദാസ് ഇപ്പോള്‍ വാണിയംകുളം TRKHSS-ല്‍ ഗണിതശാസ്ത്ര അധ്യാപകനായി ജോലി ചെയ്യുന്നു. അത് അവിടെ പഠിക്കാനെത്തുന്ന കുട്ടികളുടെ സുകൃതം എന്ന് എനിക്ക് നിസ്സംശയം പറയാം.

Saturday 4 August 2012

കളഞ്ഞു കിട്ടിയ മാര്‍ക്ക്‌ ലിസ്റ്റ്!!

ഒന്നാം വര്‍ഷം ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജിലും രണ്ടാം വര്‍ഷം പട്ടാമ്പി സംസ്കൃത കോളേജിലുമായി പ്രീ-ഡിഗ്രി പഠിച്ചതിന്റെ (പഠിച്ചോ?, ആര്?) ഫലം ഇന്നറിയാന്‍ പോവുകയാണ്. കടന്നു കൂടും എന്ന പ്രതീക്ഷ തീരെയില്ല. പത്താം ക്ലാസ്സില്‍ ഇംഗ്ലീഷിനോടും സയന്‍സ് വിഷയങ്ങളോടും പെറ്റമ്മനയവും, മറ്റു വിഷയങ്ങളോട് ചിറ്റമ്മനയവും പുലര്‍ത്തിപ്പോന്ന എനിക്ക് 'പെറ്റമ്മ' തന്നെ പണി തന്നു. ഒന്നാം വര്‍ഷം രസതന്ത്രത്തില്‍ തോറ്റു. അതുകൊണ്ട് തന്നെ രണ്ടാം വര്‍ഷം കടക്കാന്‍ പ്രയാസം ഏറെയാണ്‌. എന്നാല്‍ അതിനായി വിയര്‍ക്കാനൊന്നും ഞാന്‍ കാര്യമായി മിനക്കെട്ടിട്ടുമില്ല. പിന്നെന്ത് പ്രതീക്ഷിക്കാന്‍!

രാവിലെ തന്നെ കുളിച്ചു തൊഴുത്‌ പട്ടാമ്പി കോളേജിലേക്ക് യാത്രയായി. കൂടെ ഒന്നാം വര്‍ഷം പ്രീ-ഡിഗ്രിക്ക് അതേ കോളേജില്‍ പഠിക്കുന്ന എന്റെ അയല്‍ക്കാരന്‍ ശബരിയും. എങ്ങാനും ബോധക്ഷയം ഉണ്ടായാല്‍ തടിയനായ എന്നെ താങ്ങാനൊന്നും കൃശഗാത്രനായ അവനെക്കൊണ്ട്‌ പറ്റില്ലെങ്കിലും ആളെ കൂട്ടി എന്നെ വീട്ടിലെത്തിക്കാന്‍ ഒരുപക്ഷെ അവനെക്കൊണ്ട്‌ ആയേക്കും. അതിനാണ് അവനെ കൂട്ടിയത്. ഇനി ഡിഗ്രി പഠനം എവിടെ വേണം എന്നതിനെക്കുറിച്ചായിരുന്നു ബസ്സിലിരുന്ന് ഞങ്ങളുടെ ചര്‍ച്ച. എനിക്കൊരു പ്രതീക്ഷയുമില്ലെങ്കിലും, പത്താം ക്ലാസ് ഫസ്റ്റ് ക്ലാസ്സോടെ പാസ്സായ എന്നില്‍ അവനു നല്ല വിശ്വാസമുണ്ടായിരുന്നു. അതുകഴിഞ്ഞ രണ്ടു കൊല്ലം ഞാന്‍ ഉഴപ്പിയതൊന്നും അവനറിയില്ലല്ലോ. എനിക്കാണെങ്കില്‍ ആകെ ഒരു പുകപടലമായിരുന്നു മനസ്സില്‍ എങ്കിലും അവന്റെ മുന്നില്‍ അതൊന്നും പുറത്തെടുത്തില്ല.

അങ്ങനെ ഞങ്ങള്‍ കൂറ്റനാടെത്തി. തീര്‍ത്തും അക്ഷമനായിരുന്ന ഞാന്‍ അവനെയും പിടിച്ചിറക്കി. ഒരു മാതൃഭൂമി പേപ്പര്‍ വാങ്ങി, ഫലം നോക്കാന്‍.. പട്ടാമ്പി കോളേജിന്റെയും ചിറ്റൂര്‍ കോളേജിന്റെയും ജയിച്ചവരുടെ ലിസ്റ്റ് അരിച്ചു പെറുക്കി. എന്റെ നമ്പര്‍ കാണാനില്ല. ഈ വിവരവും കൊണ്ട് ഇനി വീട്ടിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. കണ്ണീര്‍ ഗ്രന്ഥികള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞുവെങ്കിലും ശബരി കൂടെയുണ്ടെന്ന ചിന്ത അവയില്‍ അണ കെട്ടി പുറത്തേക്കൊഴുകാതെ നോക്കി. എങ്കിലും എന്റെ ശബ്ദം തീരെ പിന്തുണക്കുന്നുണ്ടായിരുന്നില്ല.

"ഏതായാലും ഇതുവരെ വന്നതല്ലേ, കോളേജില്‍ പോയോക്കാം. ജയിച്ചിട്ട്ണ്ടാകും, ഒറപ്പാ" അങ്ങനെ എന്തൊക്കെയോ അവന്‍ എന്നെ ആശ്വസിപ്പിക്കാന്‍ പറയുന്നുണ്ടായിരുന്നെങ്കിലും ഞാന്‍ ഒന്നും വ്യക്തമായി കേള്‍ക്കുന്നുണ്ടായിരുന്നില്ല.

അവിടെ നിന്നും പട്ടാമ്പിയിലെക്കുള്ള ബസ്സില്‍ പോകുമ്പോള്‍ എന്റെ മനസ്സില്‍ ഡിഗ്രി പഠനത്തിനുള്ള കോളേജിന്റെ ലിസ്റ്റ് മാഞ്ഞ് അവിടെ പെരുമ്പിലാവെന്നും വാണിയംകുളമെന്നും തെളിഞ്ഞു വന്നു. ഏറ്റവും അടുത്തുള്ള രണ്ടു കാലിച്ചന്തകള്‍!! അതെ! ഇനി അതേ വഴിയുള്ളൂ. അവിടെ അഡ്മിഷന്‍ കിട്ടാതിരിക്കില്ല!! പാടത്ത് പണിയെടുക്കുന്നവര്‍ക്ക് ചായ കൊണ്ട് കൊടുക്കുമ്പോള്‍ അവര്‍ ചായ കുടിക്കുന്ന സമയത്ത് പോത്തിനെക്കൊണ്ട് നിലമുഴാറുണ്ടായിരുന്നത് വെറുതെ ആയില്ല. ഒന്ന് ചെത്തി മിനുക്കി എടുത്താല്‍ ഒരു കഷകശ്രീ ആകാം. എന്റെ ചിന്തകള്‍ പോയിരുന്നത് ആ വഴിക്കാണ്.

അങ്ങനെ കോളേജില്‍ എത്തി. കൂട്ടുകാരെല്ലാം വളരെ സന്തോഷത്തിലാണ്. കണ്ടു മുട്ടുന്നവരില്‍ ആരും തോറ്റിട്ടില്ല. ഗേറ്റ് കടക്കുമ്പോള്‍ ആരെ ഞാന്‍ കാണരുതെന്ന് ആഗ്രഹിച്ചുവോ അയാളെ തന്നെ കണ്ടു, രതിയെ. തെറ്റിദ്ധരിക്കല്ലേ, എന്റെ വല്യച്ഛന്റെ മോളാണ്. അതേ കോളേജിലാണ് പഠിച്ചിരുന്നത്. അവളുടെ മുഖത്തെ സന്തോഷം കണ്ടാലറിയാം സെക്കന്റ്‌ ക്ലാസോ അതിനു മുകളിലോ ആണെന്ന്. എങ്കിലും ഞാന്‍ ചോദിച്ചു.

"എങ്ങിനെണ്ട്?"

"ഇക്ക് സെക്കന്റ്‌ ക്ലാസ്ണ്ട്‌, അണക്കോ?"

"ഇന്റെ നമ്പര്‍ പേപ്പറില്‍ കാണാല്യാ! ഇനി മാര്‍ക്ക്‌ ലിസ്റ്റ് കിട്ട്യാലേ പറയാന്‍ പറ്റൂ" ആദ്യം പറയാന്‍ വന്നത് "ഞാന്‍ തോറ്റമ്പി!" എന്നാണെങ്കിലും വിഷമത്തോടെ പറഞ്ഞത് അങ്ങിനെയാണ്. പിന്നീടായാലും അവള്‍ അറിയാന്‍ പോകുന്ന കാര്യമല്ലേ. മറച്ചു വച്ചിട്ട് കാര്യമൊന്നും ഇല്ല. എങ്കിലും കുറച്ചു നീട്ടി വക്കാലോ.

"യ്യോ! അങന്യാണോ! ഹേയ് നീയൊന്നും തോല്‍ക്കാന്‍ വഴീല്യ, പോയ്‌ മാര്‍ക്ക്‌ ലിസ്റ്റ് വാങ്ങ്യോക്ക്. ഇനിക്കും മാര്‍ക്ക്‌ ലിസ്റ്റ് കിട്ടീട്ടില്ല." പത്താം ക്ലാസ്സില്‍ അവളെക്കാള്‍ മാര്‍ക്ക്‌ വാങ്ങിയ എന്നില്‍ അവള്‍ക്കും എന്നേക്കാള്‍ പ്രതീക്ഷ!!

"ശരി. ന്നാ. പോയോക്കട്ടെ." എന്നും പറഞ്ഞു ഞാന്‍ നടന്നു നീങ്ങി.

മാര്‍ക്ക്‌ ലിസ്റ്റ് വാങ്ങാനുള്ള വരിയില്‍ നില്‍ക്കുമ്പോള്‍ ദുഃഖഭാരം താങ്ങാന്‍ എന്റെ കാലുകള്‍ നന്നേ വിഷമിച്ചു. ഒടുവില്‍ എന്റെ ഊഴമായി. വിറകൈകളോടെ മാര്‍ക്ക്‌ ലിസ്റ്റ് വാങ്ങി. ആദ്യം നോക്കിയത് ടോട്ടല്‍ മാര്‍ക്ക്‌ ആണ്. അത് 900 ത്തില്‍ 454. എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ശബരിയും വായിച്ചു ഉറപ്പു വരുത്തി. പിന്നെ ഓരോ വിഷയത്തിന്റെയും മാര്‍ക്ക് നോക്കി. എല്ലാം കടന്നിരിക്കുന്നു. കഷ്ടിച്ചൊരു സെക്കന്റ്‌ ക്ലാസും ഉണ്ട്. മാതൃഭുമിയെ ശപിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല, എങ്കിലും ഒന്ന് കൂടി തുറന്ന് നോക്കി. അപ്പോള്‍ അതാ കിടക്കുന്നു എല്ലാ നമ്പരിന്റെയും താഴെ എന്റെ നമ്പര്‍!. ഒന്നാം വര്‍ഷം ചിറ്റൂര്‍ കോളേജില്‍ ആയതുകൊണ്ട് പട്ടാമ്പി കോളേജിന്റെ സീരിയലില്‍ ആയിരുന്നില്ല എന്റെ നമ്പർ. അതുകൊണ്ട് അവര്‍ അത് തനിയെ താഴെ കൊടുത്തതായിരുന്നു. അത് കണ്ട് ശബരി എന്തോ പറയുന്നുണ്ടായിരുന്നു.

"ഞാനപ്ലും പറഞ്ഞില്യേ, തോല്‍ക്ക്വൊന്നൂല്യാന്ന്?" അവന്‍ പറഞ്ഞത് ഏതാണ്ടിതായിരിക്കണം.
പോകുന്ന വഴി വീണ്ടും രതിയെ കണ്ടു സന്തോഷ വാര്‍ത്ത അറിയിച്ചു. ആശംസകള്‍ കൈമാറി, കൂടെ വല്യച്ചനെയുമെല്ലാം അന്വേഷിച്ചതായും പറയാന്‍ പറഞ്ഞു അവിടെ നിന്നും യാത്രയായി. നേരെ പോയത് ട്യൂഷന്‍ പഠിച്ചിരുന്ന ഗൈഡന്‍സിലെക്കാണ്. മാര്‍ക്ക്‌ ലിസ്റ്റ് എല്ലാവരെയും കാണിച്ചു മാഷുമ്മാരുടെയെല്ലാം അനുഗ്രഹവും കൂട്ടുകാരുടെയെല്ലാം അഭിനന്ദനങ്ങളും വാങ്ങി വീട്ടിലേക്ക് യാത്രയായി. ആ ദിവസം വീട്ടിലെത്തും വരെ ഞാന്‍ ഏറ്റവുമധികം കേട്ടതും പറഞ്ഞതും "കണ്ഗ്രാജുലേഷന്‍സ് " എന്ന വാക്കായിരിക്കും.

ബസ്സിറങ്ങി കുറച്ചു ദൂരം നടക്കണം എന്റെ വീട്ടിലേക്ക്. വഴിയില്‍ തന്നെയാണ് വല്യമ്മയുടെ വീട്. അവിടെ കയറി എല്ലാവരോടും സന്തോഷപൂര്‍വ്വം റിസള്‍ട്ട് പറഞ്ഞു. അവര്‍ മാര്‍ക്ക്‌ ലിസ്റ്റ് ചോദിച്ചപ്പോഴാണ് ആ ഞെട്ടിക്കുന്ന വിവരം ഞാന്‍ മനസ്സിലാക്കിയത്‌. കൊണ്ട് പോയ പുസ്തകത്തിനുള്ളില്‍ മാര്‍ക്ക്‌ ലിസ്റ്റ് ഇല്ല! ഓരോ പേജും മറിച്ചു നോക്കി. ഇല്ല! അത് നഷ്ടപ്പെട്ടിരിക്കുന്നു.

വന്ന വഴി ബസ്സ്‌ സ്റ്റോപ്പ്‌ വരെ എല്ലായിടത്തും അരിച്ചു പെറുക്കി, കാണാനില്ല!! പിന്നെ ഞാന്‍ കൂടുതല്‍ കേട്ട വാക്ക് "ശ്രദ്ധയില്ലാത്തവൻ" എന്നായിരുന്നു. എന്നോട് ഏറെ സ്നേഹമുള്ള ഒരമ്മായി അമ്പലത്തില്‍ എന്തോ വഴിപാട്‌ പോലും നേര്‍ന്നു അത് കിട്ടാൻ. എന്തിനും എന്നെ സഹായിക്കുന്ന, ഏതിനും ഞാന്‍ ഉപദേശം തേടി ചെല്ലുന്ന, അപ്പുമ്മാവന്‍ മാത്രം അപ്പോഴും എന്നെ ആശ്വസിപ്പിച്ചു. അമ്മാവന്‍ തന്നെ യൂണിവേഴ്സിറ്റിയില്‍ നിന്നും മാര്‍ക്ക്‌ ലിസ്റ്റിന്റെ പകര്‍പ്പ് കിട്ടാനുള്ള വഴി അന്വേഷിച്ചു, അതിന്റെ അപേക്ഷയും സംഘടിപ്പിച്ചു. അങ്ങനെ അത് പൂരിപ്പിക്കാനൊരുങ്ങുമ്പോഴാണ് പോസ്റ്റുമാന്റെ ബെല്ലടി. ഒരു കാര്‍ഡുണ്ട്. അതിന്റെ ഉള്ളടക്കം ഏതാണ്ടിതായിരുന്നു:

"അരുൺ,
താങ്കളുടെ പ്രീ-ഡിഗ്രി മാര്‍ക്ക്‌ ലിസ്റ്റ് എന്റെതാണെന്ന് കരുതി ഞാന്‍ കൊണ്ട് പോയി. ഇന്ന് ഞാനത് ഗൈഡന്‍സില്‍ എത്തിച്ചിട്ടുണ്ട്. സൗകര്യം പോലെ വന്നു വാങ്ങിക്കൊള്ളുക. അബദ്ധം പറ്റിയതില്‍ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ.
സുരേഷ്.

ദേഷ്യമാണോ സന്തോഷമാണോ അപ്പോള്‍ വന്നത് എന്നറിയില്ല. മാര്‍ക്ക്‌ ലിസ്റ്റ് പലര്‍ കൈമാറി പരിശോധിച്ചുകൊണ്ടിരുന്നപ്പോള്‍ പറ്റിയതായിരിക്കാം ആ അബദ്ധം. ഞാനും അത് ശ്രദ്ധിച്ചില്ല. കൈയിലിരുന്ന പുസ്തകത്തിനകത്ത് വച്ചുവെന്ന ഉറച്ച വിശ്വാസത്തോടെയാണ് ഞാനും അവിടെ നിന്നും പോന്നത്. എന്തായാലും കിട്ടിയല്ലോ, ഭാഗ്യം. അമ്മായിയുടെ വഴിപാടു ഫലിച്ചു. പിറ്റേന്ന് തന്നെ ഗൈഡന്‍സില്‍ ചെന്ന് അനുഗ്രഹിച്ചവരില്‍ നിന്നെല്ലാം ശകാരവും ഉപദേശവും വയറു നിറച്ചു വാങ്ങി മാര്‍ക്ക്‌ ലിസ്റ്റും കൊണ്ട് തിരിച്ചു പോന്നു.

Friday 3 August 2012

ഞാന്‍ ബിസിയാ!

ഇല്ലാത്ത തിരക്കഭിനയിക്കുന്നവരെ കാണാന്‍ നല്ല രസമാ, അല്ലെ? ആകെയൊരു ഇരിക്കപ്പൊറുതിയില്ലാത്ത സ്വഭാവം. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. ഫലപ്രദമായ ഒന്നുമായിരിക്കില്ല ചെയ്യുന്നത് എന്ന് മാത്രം. ചിലര്‍ പോകുന്നത് കണ്ടാല്‍ നടക്കുകയാണോ ഓടുകയാണോ എന്ന് തിരിച്ചറിയാന്‍ തന്നെ പ്രയാസമാണ്. ഇത്രേം ധൃതിയില്‍ അവരെന്തു മലമറിക്കാനാ പോകുന്നത് എന്ന് ഞാന്‍ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട്. ആദ്യമായി ഈ രസം അനുഭവിച്ചത് കോളേജില്‍ പഠിക്കുന്ന കാലത്ത് എന്റെ ഒരു സുഹൃത്തിനെ നിരീക്ഷിച്ചപ്പോഴാണ്.

അവന്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ എത്തിയാല്‍ ബസ്സുകള്‍ അകത്തേക്ക് പ്രവേശിക്കുന്ന വഴിയില്‍ തന്നെ നില്‍ക്കും. എന്നിട്ട് വാച്ചിലും വരുന്ന ഓരോ ബസ്സിനെയും മാറി മാറി നോക്കും. തനിക്കുള്ള ബസ്സ് വന്നാല്‍ നിറുത്തുന്നതിന് മുന്‍പ് തന്നെ അതില്‍ ചാടിക്കയറി ഇറങ്ങുന്ന യാത്രക്കാരുടെ മുഴുവന്‍ തെറിയും ഇരന്നു വാങ്ങും. എന്നാലും വിടില്ല, നൂണ്ട് നുഴഞ്ഞു ഏതെങ്കിലും സീറ്റില്‍ കയറി ഇരിക്കും. എന്നിട്ടോ, പോകാന്‍ നേരത്ത് സീറ്റില്‍ ഇരുന്നതിനു കണ്ടക്ടറുടെ വായിലിരുന്നതെല്ലാം സന്തോഷപൂര്‍വ്വം സ്വീകരിച്ച് സീറ്റ്‌ ഏതെങ്കിലും ഫുള്‍ ടിക്കറ്റ്‌കാരന് ഒഴിഞ്ഞു കൊടുക്കും.

കഴിഞ്ഞില്ല!! തിരിച്ചു പോകുമ്പോഴും ആശാന്‍ ബിസിയാണ്. ബസ് സ്റ്റോപ്പിനടുത്തുള്ള ഒരു കടയുടെ പിന്നില്‍ സൈക്കിള്‍ വച്ചിട്ടാണ് ഞങ്ങളുടെ കോളേജ് യാത്ര. ബസ്സില്‍ നിന്നും ബദ്ധപ്പെട്ട് ഇറങ്ങി, "ഡാ, നാളെ കാണാട്രാ" എന്നും പറഞ്ഞ്, ഓടിപ്പോയി സൈക്കിളും എടുത്തു പരമാവധി വേഗത്തില്‍ ഒരു പോക്കു പോകും. വീട്ടില്‍ പോയിട്ട് എന്താണിവന് ഇത്രയ്ക്കു വല്യ പണി എന്നറിയാന്‍ ഒരു ദിവസം ഞാന്‍ അവന്റെ പിന്നാലെ പിടിച്ചു. അവന്‍ എത്തിയിട്ടും കുറെ കഴിഞ്ഞാണ് ഞാനവിടെ എത്തിയത്. നോക്കിയപ്പോ, അവനതാ വിയര്‍ത്തു കുളിച്ചു കോലായില്‍ മലര്‍ന്നു കിടന്നു കിതക്കുന്നു. ഒരു ടേബിള്‍ ഫാനും അടുത്തുണ്ട്. ഇതിന്റെയൊക്കെ വല്ല കാര്യോമുണ്ടോ?

ഇനി വേറെ ചില കൂട്ടരുണ്ട്. എന്തെങ്കിലും ജോലി വരുന്നുണ്ടെന്നറിഞ്ഞാല്‍ ഉടനെയങ്ങ് ബിസിയാകും. ജോലി വരുന്നത് മണത്തറിയാനുള്ള ഇവരുടെ കഴിവും സമ്മതിക്കണം. സര്‍ക്കാരാപ്പീസുകളില്‍ ഇക്കൂട്ടരെ കൂട്ടമായി കാണാം. ദൂരേന്നു തല കണ്ടാല്‍ തന്നെ അവര്‍ ജോലിയിലാണ്ടുപോകും. എന്തൊരു ശുഷ്കാന്തി! ഏകാഗ്രത കൊണ്ട് നമ്മള്‍ വന്നു മുന്നില്‍ നിന്നാല്‍പ്പോലും അറിയില്ല. ഇനി ചിക്കിച്ചുമച്ച് ശ്രദ്ധ ക്ഷണിച്ച് എന്തെങ്കിലും പറയാന്‍ തുടങ്ങിയാലോ, ആദ്യത്തെ വാക്കില്‍ നിന്നും തന്നെ അവര്‍ എല്ലാം മനസ്സിലാക്കി നമ്മെ 'ശരി'യായ ആളുടെ അടുത്തേക്ക് പറഞ്ഞു വിട്ടിരിക്കും. മിക്കവാറും ഒരു കറക്കം കഴിഞ്ഞു നമ്മള്‍ ആദ്യം കണ്ടയാളുടെ അടുത്ത് തന്നെ വീണ്ടും എത്തുമെന്ന് മാത്രം. സമയത്തിന്റെ വില നന്നായി അറിയാവുന്ന ഇക്കൂട്ടര്‍ വൈകിട്ട് ഒരു നിമിഷം പോലും വൈകാതെ ഓഫീസില്‍ നിന്നും ഇറങ്ങാനും പ്രത്യേകം ശ്രദ്ധിക്കും. വീട്ടില്‍ പോയാലും ഇവര്‍ വളരെ ബിസിയാണേ!!

ഇതിലും ബിസി ആയവരാണ് യാത്രക്കാർ. പ്രത്യേകിച്ച് ട്രെയിന്‍ യാത്രക്കാർ. അവര്‍ പോകുന്നത് കണ്ടാല്‍ തോന്നും അവരുടെയെല്ലാം ആരോ മരിക്കാന്‍ കിടക്കുന്നെടത്തേക്ക് വായു ഗുളികയുമായി പോകുകയാണെന്ന്. ടിക്കെറ്റിന് ക്യു നില്‍ക്കുന്നിടത്തു നിന്നും തുടങ്ങുന്ന അവരുടെ അക്ഷമ ക്യുവിനെ എസ് രൂപത്തിലാക്കുന്നു. കൌണ്ടറിനോടടുക്കുമ്പോള്‍ വരിയുടെ വണ്ണം കൂടുന്നു. ചിലര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച് തെറിയഭിഷേകം ഏറ്റുവാങ്ങുന്നു. ഇനി ടിക്കെറ്റ് എടുത്തു പ്ലാട്ഫോമില്‍ ചെന്നാലോ, എല്ലാവര്‍ക്കും മുന്‍പേ കയറണം. അതിനായി ഇറങ്ങുന്നവരെ നേരെ ചൊവ്വേ ഇറങ്ങാന്‍ പോലും സമ്മതിക്കില്ല. ഏറ്റവും അവസാനം ഇറങ്ങുന്നവന്റെ എല്ലൊടിഞ്ഞില്ലെങ്കില്‍ ഭാഗ്യം. ഇരിക്കാന്‍ സീറ്റൊഴിവോന്നും ഇല്ലെങ്കിലും എന്തിനീ തള്ളിക്കയറ്റം? ആദ്യം കയറിയാല്‍ ആദ്യം എത്തുമോ? ഇനി കയറിയാല്‍ തന്നെ അവര്‍ വാതില്‍ക്കല്‍ തന്നെ നിലയുറപ്പിക്കും, വേഗം ഇറങ്ങാന്‍. പിന്നെ ആര്‍ക്കും സ്വസ്ഥമായി കയറാനോ ഇറങ്ങാനോ കഴിയില്ല. കൈയില്‍ തട്ടി, കാലില്‍ ചവിട്ടി, ബാഗ്‌ തട്ടി തുടങ്ങി പ്രശ്നങ്ങള്‍ വേറെയും. ഇവരെല്ലാം ഇങ്ങനെ തിരക്കുപിടിച്ച് ഓഫീസില്‍ എത്തിയിട്ട് ആദ്യത്തെ ചോദ്യം ചായ വന്നില്ലേ? എന്നതായിരിക്കും.

ഇനിയാണ് കംപ്യുട്ടര്‍ പ്രൊഫഷണല്‍ 'ബിസി'നെസ്സുകാർ. ടീം ലീഡര്‍ മുതല്‍ മുകളിലോട്ടാണ് ഇത്തരം ബിസിനെസ്സുകാര്‍ കൂടുതൽ. അവര്‍ എപ്പോഴും ബിസി ആയിരിക്കും. തല മോണിട്ടറിനുള്ളില്‍ കടത്തി ഇരിക്കുന്നത് കണ്ടാല്‍ ആ കമ്പനി നില്‍ക്കുന്നതേ അവന്റെ/അവളുടെ തലയിലാണെന്ന് തോന്നും. ഇവരുടെ പ്രധാന ഹോബിയാണ് താഴെയുള്ളവരെക്കൊണ്ട് തന്റെ പണികള്‍ ചെയ്യിച്ചെടുക്കൽ. "എനിക്ക് ക്ലയന്റിനൊരു മെയില്‍ അയക്കാനുണ്ട്, ആ റിപ്പോര്‍ട്ടോന്നു ശരിയാക്കി തരാമോ?" എന്ന് ചോദിച്ചാല്‍ ശപിച്ചിട്ടാണെങ്കിലും ആരും ചെയ്തു കൊടുക്കും. ഇല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് വേറെയേതെങ്കിലും തരത്തില്‍ അനുഭവിക്കേണ്ടി വരും. സംശയവും കൊണ്ട് ആരും അടുത്തു വരാതിരിക്കാനുള്ള ഒരു ആവരണം കൂടിയാണ് അവര്‍ക്ക് ഈ 'ബിസി'നെസ്. ഇനി എന്തെങ്കിലും ശരിയായില്ലെങ്കിലോ അപ്പോള്‍ "ഞാന്‍ ഇവിടെ എപ്പോഴും ഉണ്ടായിരുന്നല്ലോ, ഈ സംശയം എന്തുകൊണ്ട് നേരത്തേ ചോദിച്ചില്ല?" എന്നായിരിക്കും.

തിരക്ക് അഭിനയിക്കുന്നവന് ഒരു അവാര്‍ഡ് കൊടുക്കുകയാണെങ്കില്‍ അതിനു ഏറ്റവും അര്‍ഹരായവരാണ് ഡ്രൈവര്‍മാർ. ജൂറി എത് സംസ്ഥാനക്കാരന്‍ ആയാലും അതിനു രണ്ടഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല. ഇവിടെ ചക്രത്തിന്റെ എണ്ണം നോക്കുകയേ വേണ്ട. ഇരുചക്രം മുതല്‍ പത്തോ അതിലധികമോ ചക്രമുണ്ടായാലും ആദ്യം എത്തണം എന്ന് മാത്രമാണ് അവരുടെ ലക്‌ഷ്യം. അതിനു വേണ്ടി നാല് പേരെ ഇടിച്ചിട്ടായാലും കുഴപ്പമില്ല. വഴിയില്‍ കാണുന്ന എല്ലാവരോടും സമരം പ്രഖ്യാപിച്ചിട്ടാണ് അവര്‍ വണ്ടി എടുക്കുന്നത് തന്നെ. ചില ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ റോട്ടില്‍ പോകുന്നത് ചെസ്സിലെ കുതിര പോണ പോലെയാണ്. ആരെങ്കിലും കുറുകെ കടക്കാന്‍ ശ്രമിച്ചാല്‍ അവന്റെ മുന്നില്‍ നിര്‍ത്തിയിട്ടു ചീത്ത വിളിക്കും. അവനു കടക്കാന്‍ രണ്ടു സെക്കന്റേ വേണ്ടി വരൂ. പക്ഷെ രണ്ടു മിനിട്ടെങ്കിലും ചീത്ത പറയാന്‍ എടുക്കും. ഇരുചക്രക്കാര്‍ക്ക് ഇപ്പോള്‍ റോഡരികിലെ നടപ്പാതയും കൂടി സ്വന്തമാണ്. ഇത്രയും ബദ്ധപ്പെട്ടു അഞ്ചോ പത്തോ നിമിഷം ലാഭിക്കുന്നത് എന്തിന് വേണ്ടി? ആര്‍ക്കു വേണ്ടി?

നമുക്ക് ഇത്രയും തിരക്ക് വേണോ? എന്തിനാണീ അലച്ചിൽ? നാം എങ്ങോട്ടാണീ ഓടുന്നത്?ഇത് സമൂഹത്തില്‍ സഹിഷ്ണുത കുറഞ്ഞു വരുന്നതിന്റെയും സ്വാര്‍ത്ഥത കൂടി വരുന്നതിന്റെയും ലക്ഷണമായിട്ടാണ് എനിക്ക് തോന്നുന്നത്. അനാവശ്യ കാര്യങ്ങളില്‍ കാണിക്കുന്ന ഈ വേഗതയും മത്സരബുദ്ധിയും പ്രത്യുല്പാദനപരമായി ഉപയോഗിച്ചിരുന്നെങ്കില്‍ നമ്മുടെ നാട് എന്നോ നന്നായേനെ. വേഗത വേണ്ട എന്നല്ല, വേഗത്തില്‍ ചെയ്യുന്നതിനേക്കാള്‍ എത്രയോ മഹത്തരമല്ലേ വൃത്തിയായും കൃത്യമായും ചെയ്യുന്നത്.

Tuesday 24 July 2012

ഡോക്ടര്‍മാരെ സൂക്ഷിക്കുക

കാലത്തെഴുന്നേറ്റപ്പോള്‍ തന്നെ തൊണ്ടയില്‍ മീന്‍മുള്ള് കൊണ്ട പോലെ ഒരു വേദന. സഹധര്‍മ്മിണി 'മുട്ടഭുക്ക്' ആയതുകൊണ്ട് ഇറച്ചിയും മീനും അപൂര്‍വ്വമായേ വാങ്ങാറുള്ളൂ. പോരാത്തതിനു ഭാര്യയും മോനും നാട്ടിലും ആണ്. തലേന്ന് മീന്‍ വാങ്ങീട്ടുമില്ല എവിടെ നിന്നും കഴിച്ചിട്ടുമില്ല.

ആ! എന്തോ! ഒരു ചെറിയ വേദനയല്ലേ. പൊയ്ക്കോളും!! തിങ്കളാഴ്ച രാവിലെ തലവേദനയുണ്ടോന്നൊരു സംശയം, വയറു വേദനിക്കുന്നു എന്ന തോന്നൽ, പുറം വേദനയുണ്ടോന്നൊരു ശങ്ക ഒക്കെ പതിവുള്ളതാണ്.

പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞു പ്രാതല്‍ കഴിക്കുമ്പോഴും തൊണ്ട വേദനിക്കുന്നു. ഭക്ഷണം ഇറക്കുവാന്‍ ചെറിയ വിഷമം. വായ്‌ തുറന്നു കണ്ണാടിയില്‍ നോക്കിയപ്പോള്‍ ചെറിയ വീക്കം കാണുന്നുണ്ട്. ചെറുനാവിന്റെ ഇടതും വലതും ഉള്ള മുഴകള്‍ കൂട്ടി മുട്ടുന്നു. ഇതവന്‍ തന്നെ ടോണ്‍സില്‍സ്.

കുട്ടിക്കാലത്ത് പലപ്പോഴും ടോണ്‍സില്‍ വീങ്ങാറുണ്ടായിരുന്നു. ഒരിക്കല്‍ വെള്ളം പോലും ഇറക്കാന്‍ വയ്യാത്ത അത്രയും വലുതായി, ഭയങ്കര വേദനയും. അന്ന് ഒരു ഡോക്ടര്‍ എന്തൊക്കെയോ മരുന്ന് തന്നിട്ട് പറഞ്ഞു:

"ഇത് കഴിച്ചോളൂ, മാറും. പക്ഷെ ഒരു മാസത്തിനുള്ളില്‍ വീണ്ടും വന്നാല്‍ ഓപ്പറേഷന്‍ ചെയ്തു എടുത്തു കളയേണ്ടി വരും."

അന്നത്തെ മരുന്നില്‍ അത് മാറി. പിന്നെയും പല തവണ ഇതിന്റെ ചെറിയ ഉപദ്രവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കുലുക്കുഴിഞ്ഞാല്‍ അത് പോകാറുമുണ്ട്.

ഉടനെ കുറച്ചു ചൂടുവെള്ളം എടുത്തു ഉപ്പിട്ട് കുലുക്കുഴിഞ്ഞു. കുറച്ച് ആശ്വാസമായി. എങ്കിലും വൈകുന്നേരമായപ്പോഴേക്കും വീണ്ടും വേദന തുടങ്ങി. അങ്ങനെ രണ്ടു ദിവസം കടന്നു പോയി. വേദനക്ക് ഒട്ടും കുറവില്ല കൂടുതലേ ഉള്ളൂ. ചെറുതായി ചുമയും തുടങ്ങി. ഇനിയും സ്വയം ചികിത്സിച്ചാല്‍ ചിലപ്പോള്‍ പണി കിട്ടും. ഉടനെ തന്നെ അടുത്തുള്ള അത്ര മോശമല്ലാത്ത ഒരു ആശുപത്രിയിലെ ENT ഡോക്ടറെ കണ്ടു. അദ്ദേഹം വായിലേക്ക് ടോര്‍ച്ചടിച്ച് പരിശോധന തുടങ്ങി. ഒടുവില്‍ എന്നെ ദയനീയമായി നോക്കി സഹതാപത്തോടെ, സഹാനുഭൂതിയോടെ പറഞ്ഞു:

"ഓപ്പറേഷന്‍ ഉടനെ തന്നെ വേണ്ടി വരും. ഇല്ലെങ്കില്‍ ആപത്താണ്."

ഇല്ലെങ്കില്‍ ഇപ്പൊ മരിക്കും എന്ന് പറയാന്‍ അങ്ങോരെ ആരോ വിലക്കുന്നതു പോലെ തോന്നി. പിന്നെ എന്തോ ആലോചിച്ച് ഡോക്ടര്‍ എഴുന്നേറ്റു പോയി. കുറച്ചു കഴിഞ്ഞു ഒരു പെണ്‍കുട്ടിയേയും കൂട്ടി വന്നു. "എന്റെ മോള്‍ തീവണ്ടികള്‍ കൂട്ടിമുട്ടുന്നത് കണ്ടിട്ടില്ല" എന്ന സൈനുദ്ദീന്‍ ഡയലോഗാണ് മനസ്സില്‍ വന്നത്.

കുട്ടിയുടെ കഴുത്തില്‍ ഒരു സ്ടെത്തും കൈയില്‍ ഒരു ചെറിയ നോട്ട് പാഡും ഉണ്ട്. മുഖത്ത് ചെറിയൊരു ജാള്യതയും കാണാനുണ്ട്. ഡോക്ടറാവാന്‍ പഠിച്ചുകൊണ്ടിരിക്കുന്നവള്‍ ആണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി. ഇപ്പോള്‍ എല്ലാ ആശുപത്രികളും മെഡിക്കല്‍ കോളേജ് കൂടെ ആണല്ലോ!!

പിന്നെ ഒരു ചെറിയ പ്രാക്ടിക്കല്‍ ക്ലാസ്സ്‌ ആയിരുന്നു, ഞാന്‍ സ്പെസിമെനും. മുഴുവല്‍ ടെക്നിക്കല്‍ ടേംസ് ആയിരുന്നത് കൊണ്ട് ഒന്നും മനസ്സിലായില്ല. ഓറോഫാറിങ്സ്, നാസോ ഫാറിങ്സ്, ടോണ്‍സിലെക്ടമി അങ്ങനെ എന്തൊക്കെയോ കേട്ടു. ആകെ മനസ്സിലായത് ആന്റിബയോടിക്സ് എന്നും ടങ്ങ് എന്നും മാത്രം. ഒരു ജീവനുള്ള ബോഡിയെ അതും വീങ്ങിയ ടോണ്‍സിലോടു കൂടി പഠിക്കാന്‍ കിട്ടിയതിന്റെ എല്ലാ സന്തോഷവും ആ മുഖത്തുണ്ട്‌. ഡോക്ടറുടെ ലെക്ച്ചറിനിടയില്‍ എന്തൊക്കെയോ കുറിച്ചെടുക്കുന്നും ഉണ്ട്. നാക്ക്‌ അമര്‍ത്തിയും ടോര്‍ച്ചടിച്ചും ലെന്‍സ്‌ വച്ച് നോക്കിയും പല കസര്‍ത്തുക്കളും കുട്ടി ഡോക്ടറും കാട്ടി. താനും ഒരു സംഭവമാണെന്ന് ബോഡിക്ക് തോന്നിക്കോട്ടേ! ഭാവിയിലെ ഇരയല്ലേ!! എന്റെ തൊണ്ട കൊണ്ട് കുട്ടി ഡോക്ടര്‍ക്ക് എന്തെങ്കിലും പുതിയ അറിവ് കിട്ടുകയാണെങ്കില്‍ ആയിക്കോട്ടെ എന്ന് ഞാനും കരുതി. ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ എനിക്കെന്തോ വലിയ കുഴപ്പം വരാനുണ്ടെന്ന മട്ടില്‍ കുട്ടി ഡോക്ടര്‍ എന്നെ ദയനീയമായി ഒന്ന് നോക്കി. അതും കൂടി കണ്ടപ്പോള്‍ എന്റെ ധൈര്യമെല്ലാം ചോര്‍ന്നു പോയി.

അവസാനം ഡോക്ടര്‍ ചോദിച്ചു:

"ഇന്ഷ്യുറന്‍സ് ഉണ്ടല്ലോ ല്ലേ? ലിമിറ്റ് എത്രയാ?"

"ഉണ്ട് സർ. ഒരു ലക്ഷം." ഞാന്‍ പറഞ്ഞു.

ഒരു ലച്ചം!! മുറിവ് കെട്ടാന്‍ പോലും തികയില്ലല്ലോ!! എന്ന മട്ടിലൊരു നോട്ടവും നോക്കി ഡോക്ടര്‍ പറഞ്ഞു.

"ബ്ലഡ്‌ പരിശോധിക്കാന്‍ കൊടുത്തിട്ട് വന്നോളൂ. ഓപ്പറേഷന്‍ തിയേറ്റര്‍ ലഭ്യത നോക്കി തിയ്യതി നിശ്ചയിക്കാം."

ഞാന്‍ കുറിപ്പടിയും വാങ്ങി ഉടന്‍ സ്ഥലം വിട്ടു. ഹും! വല്യ പെരുന്നാള് വന്നിട്ട് ബാപ്പ പള്ളീല്‍ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ!! എങ്കിലും ഒരു ഡോക്ടറേക്കാളും അറിവ് എനിക്കില്ലലോ. ഒരു രണ്ടാം അഭിപ്രായം എടുക്കാം. അതാ നല്ലത്.

നേരെ ഓഫീസില്‍ പോയി കാര്യം അവതരിപ്പിച്ചു. എന്റെ കാര്യം പോക്കാണെന്നും ഇവിടെ എനിക്ക് ആരും ഇല്ലാത്തതുകൊണ്ട് ഓപ്പറേഷന്‍ നാട്ടില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നുമെല്ലാം പറഞ്ഞ് ഒരു വിധം സഹതാപവും ഒരാഴ്ചത്തെ ലീവും സമ്പാദിച്ചു. വേണമെങ്കില്‍ ലാപ്‌ടോപ്‌ കൈയില്‍ എടുക്കാമെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിച്ചോളാനും പറഞ്ഞു.

തത്കാലില്‍ ഒരു ടിക്കറ്റെടുത്ത് നാട്ടില്‍ എത്തി. അടുത്തുള്ള ഒരു ENT ഡോക്ടറെ കണ്ടു. വീട്ടില്‍ എല്ലാവരും ഇദ്ദേഹത്തെ തന്നെയാണ് കാണാറ്. ചെന്നൈ ഡോക്ടറുടെ കുറിപ്പടിയും ചെറിയൊരു വിവരണവും കൊടുത്തു. മൂപ്പരും നാക്കമര്‍ത്തല്‍, ടോര്‍ച്ചടിക്കല്‍ മുതലായ കലാപരിപാടികള്‍ നടത്തി. എന്നിട്ട് പറഞ്ഞു:

"ഇത് വളരെ സാധാരണയായി കാണുന്ന വീക്കം ആണ്. എന്തോ ഇന്‍ഫെക്ഷന്‍ ഉണ്ട്. ഒന്ന് രണ്ടു ഗുളികകള്‍ തരാം. മാറിക്കോളും. ഇതുപോലെ വീക്കം മാസത്തില്‍ മൂന്നോ നാലോ തവണ വരികയാണെങ്കില്‍ മാത്രമേ ഓപ്പറേഷനെക്കുറിച്ച് ചിന്തിക്കേണ്ടൂ."

ആ മരുന്നു ഒരാഴ്ച കഴിച്ചപ്പോള്‍ തന്നെ തൊണ്ട വേദന മാറി. ഇതിനായിരുന്നു ആ ചെന്നൈ ഡോക്ടറേമാന്റെ ഓപ്പറേഷന്‍ ഉമ്മാക്കി!! ഈ ടോണ്‍സിൽസും അപ്പെന്റിസും ഇത്തരം ഡോക്ടര്‍മാരുടെ ഇഷ്ടവ്യാധികള്‍ ആണെന്ന് തോന്നുന്നു. അങ്ങോട്ട് എടുത്തു കളഞ്ഞാലും വല്യ പ്രശ്നവുമില്ല ഓപ്പറേഷന്‍ ചാര്‍ജ് ഈടാക്കുകയും ചെയ്യാം.

ഇപ്പോള്‍ വന്ന് വന്ന് ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കരുത് എന്നറിയാന്‍ പറ്റാത്ത അവസ്ഥയായി. എല്ലാ ഡോക്ടര്‍മാരും ഇങ്ങനെയാണെന്നൊന്നും ഞാന്‍ കരുതുന്നില്ല. പല നല്ല ഡോക്ടര്‍മാരും മാനേജ്മെന്റിന്റെ സമ്മര്‍ദ്ദത്തില്‍ ഇങ്ങനെയെല്ലാം ചെയ്യുന്നതാവാം. എന്തൊക്കെ കച്ചവടം നടത്തിയാലും വൈദ്യശാസ്ത്രവും വിദ്യാഭ്യാസവും ഒരിക്കലും ഒരു കച്ചവടം ആകരുത്. വോട്ടു ബാങ്കും സംഘടനാ ബലവും സ്വാധീനവും മാത്രം നോക്കി സ്വകാര്യ സ്കൂളുകളും കോളേജുകളും ആശുപത്രികളും അനുവദിക്കുന്ന അധികാരി, രാഷ്ട്രീയ വര്‍ഗ്ഗത്തില്‍ നിന്നും നമുക്കൊന്നും പ്രതീക്ഷിക്കാനില്ല. ആകെ ചെയ്യാന്‍ പറ്റുന്നത് ഒരു നല്ല ഡോക്ടറെ കുടുംബ ഡോക്ടര്‍ ആയി കണ്ട് അവരുടെ ഉപദേശപ്രകാരം മാത്രം മറ്റു ഡോക്ടര്‍മാരെ കാണുക എന്നത് മാത്രമാണ്. ഇതെന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. നിങ്ങളില്‍ ആര്‍ക്കും യോജിക്കാം വിയോജിക്കാം.

അനുബന്ധം: താഹിര്‍ കെ കെ യുടെ ഡോക്ടര്‍ക്കെന്താ കൊമ്പുണ്ടോഎന്ന പോസ്ടാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. ആര്‍ക്കെങ്കിലും പ്രേരണാക്കുറ്റം ചുമത്തി തഹിറിനെ ശിക്ഷിക്കണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday 3 July 2012

ബാങ്കിംഗ് ഓഫ് ന്യൂ ജനറേഷന്‍

അങ്ങിനെ ആ പ്രഖ്യാപനവും വന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്സ് അക്കൌണ്ടിന് മിനിമം ബാലന്‍സ് വേണം എന്ന നിര്‍ബന്ധം നിര്‍ബാധം എടുത്തുകളയുന്നു. ഹാവൂ!! ഇനി ഒരു രൂപ നിര്‍ത്തി (അതും വേണോ ആവോ?) ബാക്കി 999 രൂപയ്ക്കു കൂടി അടിച്ചു പൊളിക്കാം. ഒരു ദിവസം നൂറു രൂപ ചെലവാക്കുന്നവന് പത്തു ദിവസം അധികം ജീവിക്കാം. ഹോ!! അവരുടെ ജനസേവന സന്നദ്ധതയെ സമ്മതിക്കണം!!

കണ്ടു കണ്ണ് തള്ളി ഉള്ളതെല്ലാം എടുത്തു തെള്ളിക്കളയല്ലേ!! ഇതെല്ലാം ഫിച്ച് റേറ്റിംഗ് കുറച്ച വിവരം മറച്ചു വക്കാനുള്ള തത്രപാടുകള്‍ ആവാം. എന്തായാലും ഇന്ത്യന്‍ ബാങ്കുകളുടെ റേറ്റിങ്ങ് കുറച്ചപ്പോള്‍ തന്നെ ഫിച്ചിനു പണി കിട്ടി. അവരെ ഇനി ESMA നിരീക്ഷിക്കാന്‍ പോകുകയാണത്രേ!! ഇന്ത്യന്‍ ബാങ്കുകളെ തൊട്ടു കളിച്ചാൽ..........

ഒരു വാതില്‍ അടഞ്ഞാല്‍ ഒന്‍പതു വാതില്‍ തുറക്കും എന്നല്ലേ. ഇനി ഇതില്‍ ഉണ്ടാകുന്ന നഷ്ടം എങ്ങിനെയെല്ലാം നികത്താന്‍ പറ്റും എന്ന് ഗവേഷണം തുടങ്ങിയതായി രഹസ്യ റിപ്പോര്‍ട്ട്‌ കിട്ടിയിട്ടുണ്ട്. ഇവിടെയാണ് ന്യൂജനറേഷന്‍ ബാങ്കുകളുടെ സഹായം മറ്റു ബാങ്കുകള്‍ ഉപയോഗപ്പെടുത്തുന്നത്. അവര്‍ക്കാണെങ്കില്‍ ടാര്‍ഗറ്റ് ഒപ്പിക്കാന്‍ എന്ത് കുരുട്ടുബുദ്ധിയും ഉപയോഗിക്കാം. ആദ്യമെല്ലാം പഴയ ജനറേഷന്‍ ബാങ്കുകള്‍ അടക്കം എല്ലാവരും എതിര്‍ക്കും, കളിയാക്കും, പ്രതിഷേധിക്കും. കുറച്ചു കഴിഞ്ഞാല്‍ നമ്മളതെല്ലാം മറക്കും. നമ്മള്‍ ഇന്ത്യാക്കാരല്ലേ എല്ലാം മറന്നും പൊറുത്തും അല്ലെ നമുക്ക് ശീലം!! അങ്ങിനെ പതുക്കെ ആരും അറിയാതെ തലയില്‍ മുണ്ടിട്ട് പഴയ ജനറേഷന്‍ ബാങ്കുകള്‍ അതെല്ലാം അവരുടെ നിയമാവലിയിലും ചേര്‍ക്കും. ആദ്യമൊന്നും നമ്മള്‍ ഉപഭോക്താക്കള്‍ അറിയില്ല. ഒരു സുപ്രഭാതത്തില്‍ അക്കൗണ്ടില്‍ പണം കുറവ് കാണുമ്പോഴായിരിക്കും അറിയുക. ചോദിച്ചാല്‍ പറയും ഇതെല്ലാം എന്നേ ബാങ്കിന്റെ വെബ്‌സൈറ്റില്‍ ഉണ്ടല്ലോ. നിങ്ങളതൊന്നും നോക്കാറില്ലേ?... പിന്നേ!! നമ്മള്‍ക്കൊക്കെ നെറ്റില്‍ അതല്ലേ പണി!!

ഇപ്പോള്‍ ഉള്ള ചാര്‍ജുകള്‍ തന്നെ നല്ല തമാശയാണ്. എന്തെങ്കിലും അപേക്ഷ (ഇലക്ട്രോണിക് ക്ലിയറന്‍സ് സര്‍വീസ് പോലെ) കൊണ്ട് പോയി സീല് വച്ച് വാങ്ങാന്‍ സിഗ്നെചര്‍ വെരിഫികേഷന്‍ ചാര്‍ജ് എന്നൊന്ന് സേവന നികുതിയുള്‍പ്പെടെ ഈടാക്കും. എന്നാല്‍ ലോക്കല്‍ ചെക്ക് ഡിപോസിറ്റ് ചെയ്യാന്‍ ചാര്‍ജൊന്നും ഇല്ല. അപ്പോള്‍ ഇക്കണ്ട ചെക്കൊക്കെ സിഗ്നെചര്‍ വെരിഫികേഷന്‍ ചെയ്യാതെയാണോ പാസ്സാക്കിയിരുന്നത്? ഓര്‍ക്കുമ്പോള്‍ ചെക്ക് ബുക്ക്‌ വാങ്ങാന്‍ തന്നെ പേടി തോന്നുന്നു. ഒരു ലീഫെങ്ങാന്‍ നഷ്ടമായാല്‍ പോയില്ലേ കാര്യം!!

അടുത്ത തമാശയാണ് NEFT, RTGS മണി ട്രാന്‍സ്ഫർ. ഒരു ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേക്ക് പണം ഓണ്‍ലൈനില്‍ മാറ്റുന്നതിന് ചാര്‍ജ് സേവന നികുതിയുള്‍പ്പെടെ ഈടാക്കും. എന്നാല്‍ ലോക്കല്‍ ചെക്കിനും അറ്റ്‌ പാര്‍ ചെക്കിനും ഇത് വേണ്ട. ചെക്ക് ബുക്ക് അച്ചടിച്ച്‌ വിതരണം ചെയ്യുന്നത് ബാങ്കിന് നഷ്ടമാണ്. ഓണ്‍ലൈന്‍ ആണെങ്കില്‍ ഒന്നും ചെലവാകുന്നും ഇല്ല, ഉണ്ടോ? അങ്ങനെ നോക്കുമ്പോള്‍ ശരിക്കും ചാര്‍ജ് ചെയ്യേണ്ടത് ചെക്കിനല്ലേ. അയ്യയ്യോ!! ഞാനെന്തിനാ ഇതെല്ലാം അവര്‍ക്ക് പറഞ്ഞു കൊടുക്കുന്നത്?

വായ്പകളുടെ പലിശ ഉന്നതങ്ങളില്‍ നില്ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. RBI ക്കാണെങ്കില്‍ അത് കുറക്കാന്‍ ഭയങ്കര മടിയും. അതെങ്ങാന്‍ കുറച്ചാല്‍ വരുന്ന പലിശയിലെ അന്തരം ഉപയോഗിച്ച് ആളുകള്‍ ലാവിഷായി ചെലവാക്കാന്‍ തുടങ്ങിയാല്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി എന്താവും? എന്റമ്മോ ഓര്‍ക്കാനേ വയ്യ!! ഇപ്പോള്‍ തന്നെ ആളുകള്‍ ഇല്ലാത്ത കാശു പലിശക്കെടുത്തിട്ടാണ് കാറും വീടും മൊബൈലും പെട്രോളുമൊക്കെ വാങ്ങുന്നത്. അപ്പോള്‍ പലിശ കൂടി കുറച്ചാല്‍ അത്തരം അവശ്യ സാധനങ്ങളുടെ വില കൂടില്ലേ? സാധാരണ ജനങ്ങള്‍ പിന്നെ എങ്ങനെ ജീവിക്കും. അതിനിടെ കഷ്ടപ്പെട്ട് കാലുപിടിച്ചു പറഞ്ഞപ്പോള്‍ ഒരു പരീക്ഷണത്തിന്‌ RBI റേറ്റ് കുറച്ചപ്പോള്‍ പല ബാങ്കുകളും അനങ്ങിയില്ല. മാത്രമല്ല, ഡിപ്പോസിറ്റിന്റെ പലിശ RBI കുറക്കാതെ തന്നെ തന്നിഷ്ടത്തിന് ഒന്നുകൂടി കുറക്കുകയും ചെയ്തു. പണപ്പെരുപ്പം കുറക്കാന്‍ നമ്മുടെ പ്രധാന മന്ത്രിക്കും ധനകാര്യമന്ത്രിക്കുമൊന്നും ഇല്ലാത്ത ശുഷ്കാന്തി RBI ക്കെങ്കിലും ഉണ്ടല്ലോ!! സമാധാനമായി!!

കിട്ടിയ രഹസ്യങ്ങള്‍ മുഴുവന്‍ വെളിപ്പെടുത്താന്‍ പറ്റില്ലെങ്കിലും ഒരു ഉദാഹരണം ഇതാ:


കണ്ടിട്ട് മനസ്സിലായില്ലേ? ആ... അത് തന്നെ... ടൈം ടേബിള്‍ ഫീസ്.......... ഇവനാണ് ഒരു പുതിയ അവതാരം - കണ്‍വീനിയന്‍സ് ഫീ. അതായത്, നമ്മള്‍ ബില്ലുകള്‍ അടക്കാന്‍ ക്യു നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അസൗകര്യം ഒഴിവാക്കി തരുന്നതിനു ഒരു ചെറിയ തുക ഈടാക്കുന്നു. അതിപ്പോ വല്യ കാര്യമാണോ? നമ്മള്‍ അടുത്ത വീട്ടിലെ പണിക്കാരനെ ക്യു നില്ക്കാന്‍ അയക്കുമ്പോള്‍ ചായക്കാശിനു പത്തു രൂപ കൊടുക്കാറില്ലേ. ഓണ്‍ലൈനില്‍ അടക്കുമ്പോള്‍ അത് വേണ്ടല്ലോ. അപ്പോള്‍ അങ്ങനെ മിച്ചം വരുന്ന തുക ബാങ്കിന് കൊടുക്കുക. പിന്നെ വല്യ തുകയെല്ലാം അങ്ങനെ പണിക്കാരന്റെ കൈയില്‍ കൊടുത്തു വിടാനൊക്ക്വോ? അപ്പോള്‍ നമ്മള്‍ തന്നെ പോണം. അങ്ങനെ ആകുമ്പോള്‍ ഒഴിവാക്കി തരുന്ന അസൗകര്യത്തിന്റെ അളവ് കൂടും, ആനുപാതികമായി ഫീസും കൂടും. അത്രയേ ഉള്ളൂ. ഇതൊരു തുടക്കം മാത്രം. ഇങ്ങനെ എന്തെല്ലാം ഫീസുകള്‍ ചാര്‍ജുകള്‍ ടാക്സുകള്‍ അണിയറയില്‍ ഒരുങ്ങി ഇറങ്ങി വരുന്നുണ്ടെന്നു ആര്‍ക്കറിയാം?

അടുത്ത് തന്നെ ബാങ്കുകള്‍ ഈടാക്കാന്‍ സാധ്യതയുള്ള ചില ചാര്‍ജുകള്‍ എന്റെ ഭാവനയിൽ:
  1. ബാങ്കില്‍ വന്നു പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും
  2. പുതിയ ചെക്ക് ബുക്ക് അച്ചടിക്കുന്നതിനും അയക്കുന്നതിനും
  3. മറ്റു എഴുത്തുകൾ, സ്റ്റെറ്റ്മെന്റുകള്‍ മുതലായവ അയക്കുന്നതിന്
  4. ATM കാര്‍ഡ്‌ ഉപയോഗിക്കുന്നതിന് (ഇപ്പോള്‍ തന്നെ ചില ബാങ്കുകള്‍ ഇത് ഈടാക്കുന്നുണ്ട്)
  5. ATM കാര്‍ഡ്‌ ഒരു നിശ്ചിത കാലം ഉപയോഗിക്കാതെ വക്കുന്നതിന്
  6. ATM പിന്‍, ഇന്റര്‍നെറ്റ്‌ പിന്‍ എന്നിവ മറന്നാല്‍ മാറ്റുന്നതിന് (ഇതും ഇപ്പോള്‍ ചില ബാങ്കുകള്‍ ഈടാക്കുന്നുണ്ട്)
  7. അക്കൗണ്ടില്‍ ഒരു നിശ്ചിതകാലം പണം നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യാത്തതിന്
  8. അഡ്രസ്‌, ഫോണ്‍ നമ്പര്‍ മുതലായ വിവരങ്ങള്‍ ചേര്‍ക്കുന്നതിനും തിരുത്തുന്നതിനും

പണ്ടൊക്കെ ദേശസാല്‍കൃത ബാങ്കുകള്‍ക്ക് അല്പം മയം ഉണ്ടായിരുന്നു. ഇപ്പോള്‍ ന്യൂ ജനറേഷന്‍, ദേശസാല്‍കൃതം, സ്വകാര്യം എന്നീ വിവേചനങ്ങളെല്ലാം പോയി. എല്ലാം പണമിടപാട് സ്ഥാപനം മാത്രം. പണപ്പെരുപ്പം മഹാശ്ചര്യം നമുക്കും കിട്ടണം പണം!!

Thursday 14 June 2012

പരലോകം

മരണവുമായുള്ള മണിക്കൂറുകള്‍ നീണ്ട സമരത്തിനൊടുവില്‍ മരണം ജയിച്ചു... ശശിധരന്റെ ആത്മാവ് ശരീരം വിട്ടു പറന്നുയര്‍ന്നു.....

കുറെ നേരമായിട്ടും എവിടെയും എത്താത്തതിനാല്‍ ആത്മാവ് ചിന്തിച്ചു...

ഒന്നും കാണാനില്ലല്ലോ!! എവിടെ വൈതരണി? എവിടെ അഗ്നി കുണ്ഡങ്ങൾ? എവിടെ എണ്ണ തിളയ്ക്കുന്ന പാത്രങ്ങൾ? ഭൂമിയില്‍ കുറെ പാപങ്ങള്‍ ചെയ്തു കൂട്ടിയതല്ലേ അതെല്ലാം കടന്നു പോകണ്ടേ?

"പേടിക്കേണ്ട.... വരൂ... ഇവിടെ അതൊന്നും ഇല്ല.... അതെല്ലാം ഭൂമിയിലെ നിങ്ങളുടെ പ്രവൃത്തികളെ നിയന്ത്രിക്കാനായി പറഞ്ഞുണ്ടാക്കിയ മായിക സങ്കല്‍പ്പങ്ങള്‍ മാത്രമാണ്... "

എവിടെ നിന്നാണാ ശബ്ദം!! ആരെയും കാണാനില്ലല്ലോ!! ഞാനെവിടെയാണ്??

അശരീരി തുടര്‍ന്നു:

"ഇതാണ് ആത്മാക്കളുടെ ലോകം ഇവിടെ സസ്യവും ജന്തുവുമില്ല, ആണും പെണ്ണുമില്ല, വലുതും ചെറുതുമില്ല, മനസ്സും ശരീരവുമില്ല, ആകാരവും സ്വഭാവവുമില്ല, വികാരവും വിചാരവും ഇല്ല, ദൂരവും വേഗതയും ഇല്ല!!"

"ആരാണ് നിങ്ങൾ?? എനിക്കൊന്നും കാണുന്നില്ലല്ലോ!!"

"ഇവിടെ ഇരുട്ടും വെളിച്ചവുമില്ല. എങ്കിലും എല്ലാവര്‍ക്കും പരസ്പരം തിരിച്ചറിയനാവും. ഭൂമിയില്‍ ഇതെല്ലാം ഉണ്ടായിട്ടും ഒരാള്‍ക്ക് മറ്റൊരാളെ തിരിച്ചറിയാന്‍ കഴിയുന്നില്ല!! എങ്കില്‍ പിന്നെ വെളിച്ചത്തിന്റെ ആവശ്യമെന്ത്?"

"ഞാനാണ്‌ ഈ ലോകത്തിന്റെ കാവല്‍ക്കാരന്‍.. നിങ്ങളെന്നെ ചിത്രഗുപ്തന്‍ എന്ന പേരിലായിരിക്കും കേട്ടിട്ടുള്ളത്..."

"വരൂ നമുക്ക് ഇവിടമെല്ലാം ഒന്ന് പരിചയപ്പെടാം..."

ശശിധരന്റെ ആത്മാവിന് കുറേശ്ശെ കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങി....

"ഇപ്പോള്‍ നിങ്ങള്‍ നില്‍ക്കുന്നത് ഈ ലോകത്തിന്റെ പ്രവേശന ദ്വാരത്തിനടുത്താണ്.... ഭൂമിയില്‍ മരിക്കുന്ന എല്ലാ ആത്മാക്കളും ഇതിലെയാണ് വരിക...."

ആത്മാവ് ചുറ്റും നോക്കി. തന്നെപ്പോലെ വേറെയും കുറെ ആത്മാക്കള്‍ അവിടെ കൂട്ടമായി നില്‍ക്കുന്നു.അവര്‍ തങ്ങളുടെ മുന്‍ ജന്മങ്ങളിലെ അനുഭവങ്ങള്‍ പരസ്പരം കൈമാറുന്നുമുണ്ട്.

മുളച്ചയുടന്‍ ആറ്റക്കിളി കൊത്തിക്കൊണ്ടുപോയ ഒരു നെന്മണി, വിരിയുന്നതിനു മുന്‍പ് തന്നെ പാമ്പ് വിഴുങ്ങിയ ഒരു മുട്ട, കനികളും പൂക്കളും തണലും നല്‍കിയ വിവിധ തരം വൃക്ഷലതാദികൾ, ആയിരം വര്‍ഷം തലയുയര്‍ത്തി നിന്ന, ഒടുവില്‍ വികസനത്തിനായി വെട്ടി വീഴ്ത്തപ്പെട്ട ഒരു വന്‍ വടവൃക്ഷം, തുകലിനും കൊഴുപ്പിനും വേണ്ടി വേട്ടയാടപ്പെട്ട ഒരു നീലത്തിമിംഗലം, സമയമായപ്പോള്‍ വന്നവരും, സ്വയം ഇങ്ങോട്ട് പോന്നവരും, ചിലര്‍ പറഞ്ഞയച്ചവരുമായ പലതരം മനുഷ്യര്‍ തുടങ്ങി ഗര്‍ഭപാത്രത്തില്‍ നിന്നും പറിച്ചെറിയപ്പെട്ട ഭ്രൂണാവസ്ഥയിലുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ വരെ!! എത്ര തരം ജന്മങ്ങൾ!!

ആത്മാവ് ഓര്‍ത്തു...

അപ്പോള്‍ ഞാന്‍ ശശിധരന്റെ മാത്രം ആത്മാവല്ല.... അതിനു മുന്‍പ് ഞാനെന്തായിരുന്നു?

പട്ടിണി കിടന്നു ചത്ത ദിനോസര്‍ മുതല്‍ തന്റെ പതിനഞ്ചു വയസ്സുകാരിയായ മകള്‍ ഒരുത്തന്റെ കൂടെ ഒളിച്ചോടി പോയതില്‍ ഹൃദയം തകര്‍ന്നു മരിച്ച ശശിധരന്‍ വരെയുള്ള ഭൂമിയിലെ തന്റെ അവതാരങ്ങള്‍ ആത്മാവിന്റെ മുന്നിലൂടെ മിന്നി മറഞ്ഞു.
"ഇതാണ് ആത്മാക്കള്‍ ഭൂമിയിലേക്ക്‌ പോകുന്ന വഴി... ഇവരെല്ലാം ഭൂമിയിലേക്ക് പോകാന്‍ ഊഴവും കാത്ത് നില്‍ക്കുകയാണ്. സമയമാകുമ്പോള്‍ ഭൂമിയിലെ അമ്മമാര്‍ വിളിക്കും അപ്പോള്‍ ഊഴത്തിനനുസരിച്ചു ആ അമ്മയുടെ സന്താനമായി അവര്‍ ഭൂമിയിലേക്ക്‌ പോകും... ജാതി, ഇനം, തരം എല്ലാം നിര്‍ണയിക്കുന്നത് അപ്പോള്‍ മാത്രമാണ്..."

അപ്പോള്‍ അവിടെ ഒരു അമ്മയുടെ, അല്ല ഒരു കുഞ്ഞു പെണ്‍കുട്ടിയുടെ ശബ്ദം മുഴങ്ങി.....

"എനിക്കൊരു കുഞ്ഞിനെ തരൂ...."

അത് കേട്ടിട്ടും ഇളകാതെ നില്‍ക്കുന്ന കാവല്‍ക്കാരനോട് ആത്മാവ് ചോദിച്ചു.

"ആ അഭ്യര്‍ത്ഥന നിങ്ങള്‍ കേട്ടില്ലേ?"

"കേട്ടു.... പക്ഷെ സമയമായിട്ടില്ല.... വരൂ നമുക്ക് പോകാം...."

"ഇനി നിങ്ങള്‍ ഇവരിലൊന്നാണ്. നിങ്ങളുടെ ഊഴം ആകുമ്പോള്‍ അറിയിക്കാം..."

കാവല്‍ക്കാരന്‍ ആത്മാവിന്റെ മുന്നില്‍ നിന്നും മറഞ്ഞു പോയി...

ആത്മാവ് അവിടെയെല്ലാം ചുറ്റിതിരിഞ്ഞു പ്രവേശന ദ്വാരത്തിനടുത്തെത്തിയപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ ആത്മാവ് ആ വഴിയെ വന്നു. ആ സമയം ഭൂമിയില്‍ ഏതോ നഗരത്തിന്റെ അടുത്തുള്ള ഒരു കുറ്റിക്കാട്ടില്‍ നിന്നും ഒരു കൂട്ട നിലവിളി ഉയര്‍ന്നു....

ഈ കഥ ഇ-മഷിയുടെ ബ്ലോഗിലും വായിക്കാം.

Wednesday 23 May 2012

ഒരു സ്വതന്ത്ര രാഷ്ട്രീയ കൊലപാതക വാരിക

തലക്കെട്ട്‌ കണ്ടു ഞെട്ടിയോ? ഇതേതാ ഒരു പുതിയ തരം വാരിക?

ഇത് നിറക്കാന്‍ മാത്രം രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇനി വാരാവാരം ഉണ്ടാകാന്‍ പോകുന്നു എന്നെങ്ങാനും കരുതിയോ??

അതൊന്നുമല്ല..... അതിനു മാത്രം രാഷ്ട്രീയ കൊലപാതകമെന്നല്ല അല്ലാത്ത കൊലപാതകങ്ങള്‍ കൂടി നടക്കാതിരിക്കട്ടെ...... പിന്നെ പറഞ്ഞു വരുന്നത് കേരളത്തിലെ ഒരു പ്രധാന സ്വതന്ത്ര രാഷ്ട്രീയ വാരികയുടെ പുതിയ ലക്കത്തെക്കുറിച്ചാണ്.

മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ വാങ്ങാനാണ് കടയില്‍ കയറിയത്. അതില്ലാത്തതുകൊണ്ട് മറ്റു പുസ്തകങ്ങളിലൂടെ കണ്ണോടിച്ചു നോക്കിയപ്പോഴാണ് മേയ് 20, 2012 എന്നെഴുതിയ പ്രസ്തുത വാരിക കണ്ണില്‍ പെട്ടത് വാച്ചില്‍ നോക്കി തിയ്യതി മെയ്‌ 10 തന്നെ അല്ലെ എന്നുറപ്പ് വരുത്തി. സാധാരണയായി ഇവിടത്തെ അണ്ണന്റെ കടയില്‍ കഴിഞ്ഞ ആഴ്ചത്തെ മലയാളം വാരികകളെ കിട്ടാറുള്ളൂ. അപ്പോഴാണ് അടുത്ത ആഴ്ചത്തെ (അതോ അതിന്റെ അടുത്തതോ) വാരിക. അതും രാഷ്ട്രീയ വാരിക. അണ്ണന്‍ പാര്‍സല്‍ സര്‍വീസ് മാറ്റിയോ? അതോ പ്രസാധകര്‍ രാഷ്ട്രീയ സംഭവവികാസങ്ങള്‍ മുന്‍കൂട്ടി കാണാന്‍ തുടങ്ങിയോ? പരസ്യങ്ങളില്‍ "നേരത്തെ അറിയാന്‍", "ഇന്നത്തെ വാര്‍ത്ത‍ ഇന്ന് തന്നെ" എന്നൊക്കെ കണ്ടിട്ടുണ്ട്... ഇനി ഇവര്‍ ഒരു ഒന്ന് രണ്ടു മുഴം കൂട്ടി എറിഞ്ഞതാണോ? പരസ്യം ചെയ്യാതെ അവര്‍ അടുത്ത ആഴ്ചത്തെ വാര്‍ത്തകള്‍ ഇപ്പോള്‍ തന്നെ ലഭ്യമാക്കിയല്ലോ....എന്തായാലും നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പും ടി പി ചന്ദ്രശേഖരന്റെ വധവും ഒക്കെയായി കേരള രാഷ്ട്രീയം ശനിദശ പിടിച്ചിരിക്കുന്ന കാലമല്ലേ എന്തെങ്കിലും വായിക്കാന്‍ കാണും എന്ന് കരുതി വാങ്ങിച്ചു.

തിയ്യതി കണ്ടപ്പോള്‍ തന്നെ ഒരു പോസ്റ്റിനുള്ള വഹ കിട്ടി. ഉള്ളടക്കം കണ്ടപ്പോള്‍ പോസ്റ്റിന്റെ തലക്കെട്ടിന്റെ കാര്യത്തിലും ഒരു തീരുമാനം ആയി. ഓരോ പേജും മറിക്കുമ്പോള്‍ ഞാന്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടുകയായിരുന്നു. രണ്ടു ഇരട്ട കൊലപാതകങ്ങള്‍, പ്രമാദമായ സൌമ്യ വധം അടക്കം (ഇനിയെങ്കിലും അവരെ വെറുതെ വിട്ടുകൂടെ? ഗോവിന്ദ ചാമിയെ അല്ല!) മൂന്നു ഒറ്റ കൊലപാതകങ്ങള്‍, മൂന്നു ആത്മഹത്യകള്‍, പിന്നെ ഒരു (കു)പ്രസിദ്ധ വധശ്രമവുമാണ് പ്രധാന ലേഖനങ്ങളില്‍. ഇതില്‍ പലതിലും വരികള്‍ക്കിടയില്‍ ഭൂതക്കണ്ണാടി വച്ച് വായിച്ചിട്ട് പോലും രാഷ്ട്രീയത്തിന്റെ പൊടി പോലും കാണാന്‍ എനിക്ക് പറ്റിയില്ല. കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എനിക്ക് രാഷ്ട്രീയ ജ്ഞാനം വളരെ കുറവാണേ. മാത്രമല്ല കൊലപാതകങ്ങളെ രാഷ്ട്രീയം അരാഷ്ട്രീയം എന്നൊക്കെ തരം തിരിക്കുന്നത് ഇപ്പോള്‍ മാധ്യമങ്ങള്‍ ആണെന്ന് ഈ അടുത്ത് എവിടെയോ കേട്ടു.

പിന്നെ രാഷ്ട്രീയ വാരികയെന്ന പേര് നിലനിര്‍ത്താന്‍ കുറച്ചു മേമ്പൊടികള്‍.... നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പു വിശേഷങ്ങള്‍, വെളിച്ചിക്കാലയിലെ കളിമണ്‍ ഖനനം, അങ്ങിനെ ഒന്നോ രണ്ടോ രാഷ്ട്രീയ ലേഖനങ്ങള്‍. പിന്നെ ഇതുകൊണ്ടൊന്നും വായനക്കാരെ പിടിച്ചു നിര്‍ത്താന്‍ കഴിയില്ല, അല്ലെങ്കില്‍ കാരം പോര, എന്ന തോന്നല്‍ ഉണ്ടായതു കൊണ്ടോന്നറിയില്ല ഒരുഗ്രന്‍ പൈങ്കിളി നോവലും... അത് ഖണ്ടശ്ശ ആണേ.... യഥാ പ്രജ.... തഥാ വാരിക!!!

ഈ വാരിക പുറത്തു വിട്ടിരിക്കുന്നത് മെയ്‌ 6 നു ആണ് എന്ന് രേഖപ്പെടുതിയിട്ടുന്ടെങ്കിലും മെയ്‌ 4 നു നടന്ന ടി പി വധത്തെക്കുറിച്ച് ഒരക്ഷരം ഇതില്‍ കണ്ടില്ല (ഏതക്ഷരം? എന്ന് ചോദിക്കരുത്). ആ സംഭവം കൊലപാതകമായും രാഷ്ട്രീയമായും ഇവര്‍ അന്ഗീകരിച്ചിട്ടില്ല എന്ന് തോന്നുന്നു. അതോ..... അല്ലെങ്കില്‍ വേണ്ട.... റോണന്‍ കീറ്റിങ്ങിന്റെ വരികളാണ് ഓര്‍മ വരുന്നത് "യു സേ ഇറ്റ്‌ ബെസ്റ്റ്...... വെന്‍ യു സേ നതിംഗ് അറ്റ്‌ ഓള്‍.........."

വേസ്റ്റ് ഉണ്ടാകുന്നതെങ്ങിനെ

"ഈ ബുഷ്‌ ഇനി കിട്ടില്ല സർ!" കുറെ നേരത്തെ തിരിച്ചും മറിച്ചും നോക്കലിനു ശേഷം അദ്ദേഹം ആയുധം വച്ച് കീഴടങ്ങി.

"വേറെയൊരു ജാര്‍ വാങ്ങുന്നതാണ് നല്ലത്." അദ്ദേഹം വിധി പ്രസ്താവിച്ച് പേന ഉടച്ചു.

നിന്നിട്ട് കാര്യമില്ല. വേറെ വഴിയും ഇല്ല. ഒന്നുകില്‍ അദ്ദേഹത്തിനു ഒരു ചുക്കും അറിയില്ല എന്നു സ്വയം സമാധാനിച്ച് സാധനം തിരിച്ചു വാങ്ങി അടുത്ത കട അന്വേഷിക്കുക. അല്ലെങ്കില്‍ ഒരു പുതിയ ജാര്‍ വാങ്ങുക. അമ്മിയെ പടിയടച്ചു പിണ്ഡം വച്ചത് കൊണ്ട് ചമ്മന്തി മുതല്‍ കറിക്ക് തേങ്ങ അരക്കാന്‍ വരെ ഇവന്‍ പണി മുടക്കിയാല്‍ നടക്കില്ല തന്നെ. അവിടെയാണ് ഈ ഇത്തിരിക്കുഞ്ഞന്‍ ബുഷ്‌ തന്റെ ശൌര്യം കാണിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് ബുഷിന്‌ പോലും കാണില്ല ഇത്രയും ശൌര്യം. ആ ബുഷ്‌ പോയാല്‍ ഒബാമ, അല്ലാതെ വേറെ അമേരിക്ക എന്നല്ലലോ!!

അവിടെ നിന്നും ഇറങ്ങി അടുത്ത കടയില്‍ ചെന്നപ്പോഴാണ് ടെക്നിക് പിടി കിട്ടിയത്. പ്രസ്താവനയിലും വിധിയെഴുത്തിലും അണുവിട വ്യത്യാസമില്ല. പഴയ ജാര്‍ കൊടുത്താല്‍ പുതിയതിന് ഇരുപത്തഞ്ചു രൂപയുടെ കിഴിവ് തരാനും അവര്‍ തയ്യാര്‍. അഞ്ചോ പത്തോ രൂപ വിലയുള്ള ബുഷ്‌ വിറ്റാല്‍ കിട്ടുന്നതിന്റെ എത്രയോ മടങ്ങ്‌ ലാഭം ഒരു ജാര്‍ വിറ്റാല്‍ കിട്ടും എന്ന വളരെ ലളിതമായ കച്ചവട തന്ത്രമാണ് ഇതിനു പിന്നില്‍.

മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും അവസ്ഥ മറിച്ചല്ല. ലാപ്‌ടോപ്പിലെല്ലാം എന്ത് പ്രശ്നമുണ്ടായാലും ആ ഘടകം അങ്ങനെ മാറ്റി വക്കുകയല്ലാതെ മറ്റൊരും പോംവഴിയും ലഭിക്കാറില്ല. അങ്ങിനെ രണ്ടോ മൂന്നോ ഘടകങ്ങള്‍ മാറ്റി വയ്ക്കുമ്പോഴേക്കും ഒരു പുതിയ ലാപ്ടോപ് വാങ്ങാനുള്ള പണം ചെലവായിട്ടുണ്ടാവും. പിന്നീടു എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ ആ ലാപ്ടോപ് തന്നെ അങ്ങോട്ട്‌ മാറ്റിക്കൂടെ എന്നിരിക്കും ആലോചന. മാത്രമല്ല സോപ്പിനു ചീപ് സൌജന്യം എന്ന മട്ടിലുള്ള പ്രലോഭനങ്ങള്‍ കൊണ്ട് കച്ചവടക്കാര്‍ നമ്മെ അങ്ങിനെ ചിന്തിപ്പിക്കും, നമ്മള്‍ അതില്‍ വീഴുകയും ചെയ്യും.

പഴയ ജാര്‍ കൈയില്‍ വച്ചിട്ട് വീട്ടിലെ സ്ഥലം മുടക്കാം എന്നല്ലാതെ എനിക്കെന്തു പ്രയോജനം? അത് അവര്‍ വാങ്ങിയാല്‍ കുറച്ചു ഇരുമ്പ് ഭാഗങ്ങള്‍ മാത്രം എടുത്തു ബാക്കി എവിടെയെങ്കിലും കൊണ്ടുപോയി തട്ടും. പക്ഷെ അത് പരിസ്ഥിതിയില്‍ ഏല്പിക്കുന്ന ആഘാതത്തെക്കുറിച്ച് ആരും ബോധവാന്മാരല്ല എന്നെനിക്കു തോന്നുന്നില്ല, പക്ഷെ ആരും ആശങ്കാകുലരല്ല. ഇങ്ങനെ പലയിടത്ത് നിന്നായി പല തരത്തിലുള്ള പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ നമ്മുടെ പരിസ്ഥിതി ഏറ്റുവാങ്ങുന്നു.

ഇത്തരത്തില്‍ പരിസ്ഥിതിയെ ബാധിക്കുന്ന മറ്റൊരു കച്ചവട തന്ത്രമാണ് എക്സ്ചേഞ്ച് ഓഫര്‍. "ഈ പഴയ കുക്കര്‍ കൊടുത്താല്‍ എന്ത് കിട്ടും?" എന്ന ചോദ്യത്തിന് "എന്തും കിട്ടും" എന്ന ഉത്തരം ചില്ലറ വ്യാമോഹമോന്നുമല്ല ഉണ്ടാക്കുന്നത്. ഏത് പഴയ ഉപകരണവും, ഇസ്തിരിപ്പെട്ടി മുതല്‍ ടെലിവിഷന്‍ വരെ, ഏത് അവസ്ഥയിലുള്ളതായാലും അവര്‍ തിരികെ വാങ്ങി നല്ലൊരു തുക പുതിയതിന്റെ വിലയില്‍ കുറക്കുന്നത്. ഈ പഴയ ഉപകരണങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നുവോ ആവൊ? എന്തായാലും ഇത്തരം പഴയ ഉപകരണങ്ങള്‍ വില്കുന്ന ഒരു സ്ഥാപനവും ഞാന്‍ കണ്ടിട്ടില്ല (എന്റെ അറിവിന്റെ പരിമിതിയും ആകാം). ഒന്നുകില്‍ ചില്ലറ വൃത്തിയാക്കലെല്ലാം ചെയ്തു പുതിയ പായ്ക്കില്‍ നമ്മളെ തേടി വരുന്നുണ്ടാവാം..... അല്ലെങ്കില്‍ ഇ-വേസ്റ്റ് കൂമ്പാരത്തിലേക്ക് നമ്മുടെ ഗംഭീരമായ സംഭാവന ആകും.