Wednesday 5 September 2012

അയ്യപ്പന്‍ കോവില്‍

മുല്ലപ്പെരിയാര്‍ വാര്‍ത്തകള്‍ പത്രങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന സമയത്താണ് എന്നെ അയ്യപ്പന്‍ കോവില്‍ ഓര്‍മ്മകള്‍ അലട്ടാന്‍ തുടങ്ങിയത്. പ്രീ-ഡിഗ്രി ഒന്നാം വര്‍ഷം പരീക്ഷ പൂര്‍ത്തിയായ ഉടനെയാണ് അച്ഛന് ഇടുക്കിയിലെ അയ്യപ്പന്‍ കോവിലിലേക്ക് സ്ഥാനക്കയറ്റത്തോടൊപ്പം സ്ഥലം മാറ്റം കിട്ടിയത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രസിദ്ധമായ ഉപ്പുതറ, കരിങ്കുളം ചപ്പാത്ത് എന്നിവയുടെ വളരെ അടുത്ത പ്രദേശമാണ് അയ്യപ്പന്‍ കോവിൽ. അന്നെല്ലാം മഴക്കാലം തുടങ്ങിയാല്‍ ചപ്പാത്ത് പാലത്തിനു മുകളിലൂടെ ആയിരിക്കും വെള്ളം ഒഴുകുന്നത്‌. ഇടക്ക് പെരിയാറിലൂടെ മലവെള്ളം കുത്തിയൊലിച്ചു വന്ന് അപകടങ്ങളും ഉണ്ടാകാറുണ്ട്. ആയിടക്കാണ്‌ കോട്ടയത്തുനിന്നും കട്ടപ്പനയ്ക്ക് പോകുന്ന ചെന്നിക്കര എന്ന ബസ്സ് ചപ്പാത്ത് പാലത്തിനു മുകളില്‍ നിന്നും ഒലിച്ചു താഴെ പോയത്. നീന്തല്‍ വിദഗ്ദ്ധരായ ആളുകള്‍ എപ്പോഴും സേവന സന്നദ്ധരായി അവിടെ ഉണ്ടായിരുന്നത് കൊണ്ട് ഒന്നോ രണ്ടോ പേര്‍ മാത്രമാണ് മരിച്ചത്. ഒരു മലവെള്ള പാച്ചിലിന്റെ പ്രഭാവം ഇതാണെങ്കില്‍ അണക്കെട്ട് പൊട്ടിയാലത്തെ അവസ്ഥ എനിക്ക് ഊഹിക്കാന്‍ പോലും കഴിയുന്നില്ല! അത്തരത്തിലുള്ള ഒരു കുത്തിയൊലിപ്പിനെയാണ് നമ്മുടെ ഭരണകൂടങ്ങള്‍ ഒരു മുറം പോലുമില്ലാതെ നേരിടാനൊരുങ്ങുന്നത്!!

അയ്യപ്പന്‍ കോവിലിനടുത്തുള്ള കോളേജുകള്‍ മറ്റൊരു യൂണിവേഴ്സിറ്റിയിന്‍ കീഴിലായതുകൊണ്ട് എനിക്കന്ന് അച്ഛനമ്മമാരുടെ കൂടെ പോകാനായില്ല. തുടര്‍ന്നുള്ള പഠനം പട്ടാമ്പി സംസ്കൃത കോളേജിലാക്കി, താമസം ജന്മനാടായ കപ്പൂരില്‍ അമ്മമ്മയോടോപ്പവും. അങ്ങനെ പന്ത്രണ്ടു കൊല്ലത്തെ ജീവിതം കൊണ്ട് സ്വന്തം നാട് പോലെ ആയിക്കഴിഞ്ഞിരുന്ന കുഴല്‍മന്ദത്തിനോട് വേദനയോടെ വിട പറഞ്ഞു. അത് വെക്കേഷന്‍ കാലമായിരുന്നതുകൊണ്ട് അവിടത്തെ കോളേജ് സുഹൃത്തുക്കളോടോന്നും നേരെ ചൊവ്വേ യാത്ര പോലും പറയാതെയാണ് പട്ടാമ്പിയിലേക്ക് കൂട്മാറിയത്. ഇവനെന്ത് പറ്റിയെന്ന് പലര്‍ക്കും തോന്നിക്കാണും.

പ്രീ-ഡിഗ്രി രണ്ടാം വര്‍ഷ പരീക്ഷയെല്ലാം കഴിഞ്ഞു ഫലവും വന്നതിനു ശേഷമാണ് ഞാനാദ്യമായി അയ്യപ്പന്‍ കോവിലിലേക്ക് പോയത്. അന്ന് കുടുംബ സമേതമായിരുന്നു യാത്ര. തൃശൂർ, അങ്കമാലി, പെരുമ്പാവൂര്‍ വഴി കോതമംഗലത്തേക്കും അവിടെ നിന്നും നേര്യമംഗലം, കട്ടപ്പന വഴി അയ്യപ്പന്‍ കോവിലിലേക്കും. കോതമംഗലത്തു നിന്നുള്ള ബസ്സ്‌ ഹൈറേഞ്ച് കയറാന്‍ തുടങ്ങിയപ്പോള്‍ തന്നെ അമ്മയും അനുജത്തിയും ഛര്‍ദ്ദി തുടങ്ങി. പ്രതീക്ഷിച്ചിരുന്നതുകൊണ്ട് വേണ്ടത്ര പ്ലാസ്റിക് സഞ്ചികള്‍ കരുതിയിരുന്നു.

ഇടത്തോട്ടും വലത്തോട്ടും തൊട്ടിലാട്ടി ബസ്‌ മല കയറി വളഞ്ഞു പുളഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഏതാണ്ട് മുന്‍പിലായി തന്നെ ഒരു സൈഡ് സീറ്റ് സംഘടിപ്പിച്ച ഞാന്‍ മലനിരകളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഇരുന്നു. ഓരോ വളവെത്തുമ്പോഴും മുന്നില്‍ റോഡുണ്ടെന്നേ തോന്നില്ല. ബസ്സ്‌ മുന്നോട്ടു പോകുമ്പോള്‍ ആരോ വിരിക്കുന്ന പോലെ റോഡ്‌ പ്രത്യക്ഷമാകുന്നു! കുറച്ചു നേരം അരികില്‍ മല തുരന്ന പാറയാണെങ്കില്‍ ചിലപ്പോള്‍ അഗാധമായ കൊക്ക! അപ്പോള്‍ പുറത്തേക്ക് നോക്കാന്‍ തന്നെ പേടിയാവും. റോഡിനു മുകളിലൂടെ കുറുകെയും സമാന്തരമായും കറുത്ത, വണ്ണം കുറഞ്ഞ, നല്ല നീളമുള്ള പൈപ്പുകള്‍ കാണുന്നുണ്ട്. ഫോണ്‍ ലൈനുകള്‍ ആയിരിക്കും! നേര്യമംഗലം താണ്ടി കുറച്ചു കഴിഞ്ഞപ്പോള്‍ പുറത്തെ കാഴ്ചകള്‍ ആകെ മാറി. ഞാനിരുന്ന ഭാഗത്ത്‌ കുറെ ദൂരത്തേക്കു കൊക്ക മാത്രം! ആഴം കൂടിയും കുറഞ്ഞും, കുത്തനെയും ചരിഞ്ഞും അതെന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. താഴെ എന്തൊക്കെയോ മരാമത്തു പണി നടക്കുന്നതിന്റെ ലക്ഷണങ്ങൾ. ഒരിടത്ത്‌ ലോവര്‍ പെരിയാര്‍ പ്രൊജക്റ്റ്‌ എന്ന ബോര്‍ഡ് കണ്ടപ്പോഴാണ് അതെന്താണെന്ന് മനസ്സിലായത്‌.

എന്റെ ഏറെ നാളത്തെ ആഗ്രഹമാണ് ഇടുക്കി അണക്കെട്ട് കാണണമെന്നത്. കുറെ പൊയ്ക്കഴിഞ്ഞപ്പോള്‍ ഞാന്‍ അക്ഷമനായി കാത്തിരുന്ന ചെറുതോണിയിലെത്തി. ഇടുക്കിയിലെ പ്രസിദ്ധമായ ആര്‍ച്ച് ഡാം അവിടെയടുത്താണല്ലോ! പക്ഷെ വളരെ നിരപ്പായ ആ സ്ഥലത്ത് അണക്കെട്ടിന്റെ യാതൊരു ലക്ഷണവും ഇല്ല. എന്റെ ക്ഷമ പരീക്ഷിക്കാനായി ഡ്രൈവര്‍ക്കും കൂട്ടാളിക്കും ചായ കുടിക്കാന്‍ തോന്നിയത് അവിടെ വച്ച്! പത്തു മിനുട്ടോളം കഴിഞ്ഞു ബസ്സ്‌ വീണ്ടും യാത്ര തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ദൂരെയായി ആ കാഴ്ച കണ്ടു. രണ്ടു മലകള്‍ക്കിടയില്‍ ഒരു അയക്കോല്‍ കെട്ടി അതില്‍ ചാരനിറത്തിലുള്ള വലിയൊരു ജട്ടി ഉണക്കാനിട്ടതുപോലെ ഇടുക്കി അണക്കെട്ട് മിന്നി മറഞ്ഞു. കുറച്ചു ദൂരം കൂടി പോയപ്പോള്‍ ബസ്സ്‌ വീണ്ടും മല കയറാന്‍ തുടങ്ങി. കുറെ മുകളില്‍ എത്തിയപ്പോള്‍ ഒരു വളവില്‍ നിന്നും അണക്കെട്ട് വളരെ വ്യക്തമായിത്തന്നെ കണ്ടു. ഒരു പക്ഷെ ഇവിടെ നിന്നാവണം കൊലുമ്പന്‍ മൂപ്പന്‍ അണക്കെട്ട് ഉണ്ടാക്കാനായി സ്ഥലം അന്വേഷിച്ചു നടന്ന എഞ്ചിനീയര്‍ക്ക് കുറവന്‍മലയും കുറത്തിമലയും ഇത്രയും അടുത്തടുത്തായി നില്‍ക്കുന്ന ഈ സ്ഥലം കാണിച്ചു കൊടുത്തത്. പക്ഷെ ഡ്രൈവര്‍ ഇതൊക്കെ ഇത്ര കാണാനെന്തിരിയ്ക്കുന്നു എന്ന മട്ടില്‍ അണക്കെട്ടിനെയൊന്നും തെല്ലും ഗൌനിക്കാതെ വളവും തിരിച്ചു മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. കട്ടപ്പന എത്തുമ്പോള്‍ നേരം ഇരുട്ടി തുടങ്ങിയിരുന്നു. കുറേശ്ശെ മഴയും. അവിടെനിന്നും ഒരു കോട്ടയം ബസ്സില്‍ കയറി അയ്യപ്പന്‍ കോവിലിലേക്ക്. മേരികുളത്തില്‍ ബസ്സിറങ്ങി ഒരു ജീപ്പ് വിളിച്ചു വീട്ടിലേക്കു പോയി. വീട്ടില്‍ എത്തുമ്പോഴേക്കും മഴ കനത്തിരുന്നു. നല്ല യാത്രാക്ഷീണവും തണുപ്പുമുണ്ടായിരുന്നത് കൊണ്ട് പുതച്ചു മൂടി സുഖമായി ഉറങ്ങി.

രാവിലെ കുറച്ചു വൈകിയാണ് ഉണര്‍ന്നത്. നല്ല തണുപ്പുണ്ട്. ഡിസംബര്‍ ആകുമ്പോഴേക്കും ഈ തണുപ്പ് വല്ലാതെ കൂടും. അതില്‍ നിന്നും രക്ഷ നേടാന്‍ ആ വീട്ടിലെ ഒരു കിടപ്പുമുറിയുടെ ഭിത്തികള്‍ പൂര്‍ണമായും നല്ല കട്ടിയുള്ള മരപ്പലകകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വീട് നില്‍ക്കുന്നത് ഒരു മലയുടെ ചരിവില്‍ ആണ്. അതിന്റെ മറ്റേ ചരിവിലൂടെ പെരിയാര്‍ ഒഴുകുന്നതിന്റെ ആരവം ചെവിയോര്‍ത്താല്‍ കേള്‍ക്കാം. വളരെ ചെറിയ മുറ്റം. അത്തരം ചരിവില്‍ ഇത്രയും വലിപ്പമുള്ള മുറ്റം തന്നെ ആര്‍ഭാടമാണെന്ന് മറ്റു വീടുകള്‍ കണ്ടപ്പോള്‍ മനസ്സിലായി. മുറ്റത്തിറങ്ങി അവിടം മുഴുവന്‍ ഒരു 360 ഡിഗ്രി വീക്ഷണം നടത്തി.

ഒരു ഭാഗത്ത്‌ ജോസഫേട്ടന്റെ വീട്. അതിനടുത്തായി റബ്ബര്‍ ഉണക്കാനുപയോഗിക്കുന്ന ചെറിയ പുകപ്പുര. രണ്ടു പറമ്പുകളും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ വരമ്പുകളോ വേലിക്കെട്ടുകളോ ഒന്നും കാണാനില്ല. ഇവിടെയുള്ള ആള്‍ക്കാരോട് അക്കാര്യത്തില്‍ എനിക്ക് അസൂയ തോന്നി. വീടിന്റെ മുന്‍പിലായി കുറെ ചെറിയ കുറ്റിച്ചെടികൾ. അതിന്റെ കൊമ്പിലെല്ലാം ചുവപ്പും പച്ചയും കായ്കള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. ഇടയിലായി കുറെ എമണ്ടന്‍ പ്ലാവുകൾ. വശങ്ങളിലെക്കുള്ള ചില്ലകളെല്ലാം വെട്ടിയൊതുക്കി ഒറ്റത്തടി വൃക്ഷം പോലെയാണ് അവയെ വളര്‍ത്തിയിരിക്കുന്നത്. അതിലെല്ലാം കുരുമുളക് വള്ളികള്‍ പടര്‍ത്തിയിട്ടുമുണ്ട്. പ്ലാവിന്റെ കടക്കല്‍ നിന്നും വിട്ട് അവിടവിടെയായി ഒരാള്‍ ഉയരമുള്ള ഏതോ ചെടികള്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്നു. മണ്ണിന്റെ വളക്കൂറു കൊണ്ട് കൂവച്ചെടികള്‍ക്ക് അമിത വളര്‍ച്ച കിട്ടിയതുപോലെയുണ്ട്. മുറ്റത്തിന്റെ വക്കിലായി ചുവപ്പ് കലര്‍ന്ന പച്ച നിറമുള്ള ഇലകളോട് കൂടിയ ഒരു ചെറിയ മരം നില്‍ക്കുന്നു. അതില്‍ പഞ്ഞിക്കായക്ക് വലിപ്പവും ചുവപ്പ് നിറവും കിട്ടിയ പോലെയുള്ള മാംസളമായ കായ്കളും.

മറുവശത്ത് ഇത്തരത്തിലുള്ള ചെടികളും ഒരു ചെറിയ കിണറും. കിണറിനു പിന്നിലായി കുറെ കപ്പയും നട്ടിട്ടുണ്ട്. വീടിനു പുറകിലായി ഞാന്‍ ബസ്സിലിരുന്നു കണ്ട തരത്തിലുള്ള ഒരു പൈപ്പ്. അതില്‍ നിന്നും വെള്ളം ഒഴുകിപ്പൊയ്ക്കൊണ്ടിരിക്കുന്നു. ആരോ മോട്ടോര്‍ നിര്‍ത്താന്‍ മറന്നതായിരിക്കുമെന്നു കരുതി അമ്മയോട് പറഞ്ഞു. അപ്പോഴാണ് അറിഞ്ഞത് അത് ദൂരെ എവിടെയോ ഉള്ള ഒരു ഓലിയില്‍ നിന്നും വെള്ളം കൊണ്ട് വരുന്ന പൈപ്പാണെന്ന്. വളരെ ചെറിയ അരുവി അല്ലെങ്കില്‍ പാറകള്‍ക്കിടയില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലത്തെയാണ് അവിടുള്ളവര്‍ ഓലിഎന്ന് വിളിക്കുന്നത്‌. ചിലയിടങ്ങളില്‍ പാറ പൊട്ടിച്ചു കൃത്രിമമായും ഓലികള്‍ ഉണ്ടാക്കാറുണ്ട്. ഓലികളിലെ ആ തണുത്ത വെള്ളത്തില്‍ ഒന്ന് കുളിച്ചാല്‍ മാത്രം മതി, ക്ഷീണം പമ്പ കടക്കാന്‍!

കുറച്ചു കഴിഞ്ഞ് ജോസഫേട്ടന്റെ വീട്ടില്‍ പോയി അവരെയെല്ലാം പരിചയപ്പെട്ടു. ജോസഫേട്ടനും, ഭാര്യ ലീലാമ്മ ചേടത്തിയും, നാല് ആണ്മക്കളും അടങ്ങിയ ഒരു വിശാല കുടുംബം. അവരുടെ പ്രധാന വരുമാന മാര്‍ഗം കൃഷിയാണ്. മൂത്ത മകന്‍ ജിജി എന്റെ പ്രായക്കാരനാണ്. അവന്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പഠിപ്പു നിര്‍ത്തി. കൃഷിയില്‍ മാതാ-പിതാക്കളെ സഹായിക്കുന്നതോടൊപ്പം ഒരു ഏല ഫാക്ടറിയില്‍ ചെറിയ ജോലിയുമുണ്ട്‌. ജിജിയുടെ കൂടെ അവിടമെല്ലാം ചുറ്റിക്കണ്ടു. ആ വലിയ കൂവച്ചെടികള്‍ ഏലമാണെന്നും, കുറ്റിച്ചെടിയുടെ കൊമ്പില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കാപ്പിക്കുരുവാണെന്നും, ചുവന്ന പഞ്ഞിക്കായ്കള്‍ കൊക്കോ ആണെന്നുമെല്ലാം അറിഞ്ഞത് അവന്‍ പറഞ്ഞപ്പോഴാണ്. പണ്ട് "ഇടവിളയായി കൊക്കോ നടുവിൻ!" എന്ന റേഡിയോ ആഹ്വാനം കേട്ട് ഞങ്ങളുടെ നാട്ടില്‍ കുറെ പേര്‍ ചേനയും ചേമ്പും കാച്ചിലും വാഴയുമെല്ലാം വെട്ടിക്കളഞ്ഞ് കൊക്കോ നട്ടു നോക്കിയിരുന്നു. മണ്ണും കാലാവസ്ഥയും പിടിക്കാത്തതുകൊണ്ടായിരിക്കണം എവിടെയും കൊക്കോകൃഷി വിജയിച്ചില്ല. ചേമ്പും ചേനയുമെല്ലാം പോയത് മിച്ചം.

ഞാന്‍ വന്നതറിഞ്ഞ് ലീലാമ്മ ചേടത്തി അവിടത്തെ ശൈലിയിലുണ്ടാക്കിയ കപ്പപ്പുഴുക്കും മീന്‍കറിയും കൊണ്ടു വന്ന് തന്നു. മീന്‍ കറി വായില്‍ വച്ച് നോക്കി. നല്ല ചൊടിയുള്ള എരിവ്. പി ടി ഉഷയുടെ കടുമാങ്ങാ കഥ ഓര്‍ത്തുപോയി. ഉണക്കിയ കപ്പ വെള്ളത്തിലിട്ടു പതം വരുത്തിയ ശേഷം പുഴുങ്ങി താളിച്ചെടുത്തതാണ് അവിടത്തെ കപ്പപ്പുഴുക്ക്. അതുതന്നെയാണ് അവരുടെ പ്രധാന ഭക്ഷണവും. മീന്‍ കറിയും കൂട്ടി ഇതങ്ങു കഴിച്ചാല്‍ ഏതു മലയും അനായാസം കയറിയിറങ്ങാം. ഗതാഗത സൗകര്യം അത്രയ്ക്ക് അനുഗ്രഹിച്ചിട്ടില്ലാത്ത, കയറ്റിറക്കങ്ങള്‍ നിറഞ്ഞ, അവിടത്തെ വഴികളിലൂടെ കാതങ്ങളോളം നടന്നു പോകാന്‍ അവിടെയുള്ളവരെ സഹായിക്കുന്നത് ഭക്ഷണക്രമവും അധ്വാനവും മാത്രം.

അവരുടെ ദിനം പുലരും മുന്‍പേ റബ്ബര്‍ വെട്ടലില്‍ തുടങ്ങുന്നു. പിന്നെ പ്രഭാത പരിപാടികള്‍ കഴിഞ്ഞാല്‍ മറ്റു പണികള്‍ തുടങ്ങുകയായി. ജോസഫേട്ടന്‍ കൈക്കോട്ടെടുത്താല്‍ ലീലാമ്മ ചേടത്തി മടാളെടുക്കും (തൂമ്പാ അല്ലെങ്കില്‍ മണ്‍വെട്ടിയെന്നും വെട്ടുകത്തിയെന്നും അവരുടെ ഭാഷ്യം), തമ്മിലടിക്കാനല്ല, മത്സരിച്ചു അധ്വാനിക്കാൻ. പോളിയോ ബാധിച്ച ഷോജി അടക്കം മറ്റു കുട്ടികളും തന്നാലായത് ചെയ്തുകൊടുക്കും. അവിടത്തെ കൈക്കോട്ട് എന്റെ നാട്ടിലേത് പോലല്ല. തായക്ക്‌ നല്ല നീളമുണ്ട്. അതുകൊണ്ടെങ്ങനെ കിളക്കുമെന്നു ഞാനാദ്യം അതിശയപ്പെട്ടെങ്കിലും അധികം ഉറപ്പില്ലാത്ത കറുത്ത മണ്ണ് അതുകൊണ്ട് അനായാസം നിരപ്പാക്കാം എന്ന് മനസ്സിലായി. റബ്ബര്‍ മരങ്ങള്‍ക്ക് തടമെടുക്കൽ, റബ്ബര്‍ പാല്‍ സംഭരണം, ഉറക്കാനിടൽ, പരത്തി ഷീറ്റാക്കൽ, ഷീറ്റുണക്കാനിടൽ, പുക കൊള്ളിക്കൽ, കുരുമുളക് പറിക്കൽ, ഏലം ശേഖരിക്കൽ, അതുണക്കി പാകത്തിന് പുക കൊള്ളിക്കൽ, അങ്ങനെ നൂറു കൂട്ടം പണിയാണ്. ഒരിക്കല്‍ ജിജിയുടെ കൂടെ റബ്ബര്‍ ഷീറ്റാക്കാന്‍ കൂടെ പോയി. അവന്‍ ആ യന്ത്രം തിരിക്കുന്നത് കണ്ടപ്പോള്‍ ഒന്ന് ശ്രമിച്ചു നോക്കി. ഇഡ്ഡലിയും സാമ്പാറും ക്രിക്കറ്റ് കളി കൊണ്ടുള്ള വ്യായാമവുമൊന്നും പോര അതിനെന്ന് മനസ്സിലായി. അവരുടെ മാത്രമല്ല ഇടുക്കിക്കാരുടെ മൊത്തം അദ്ധ്വാന ശീലം സമ്മതിക്കണം.

വൈകീട്ട് ജിജിയുടെ കൂടെ പെരിയാര്‍ കാണാനായി മലയുടെ അങ്ങേ ചരുവിലേക്ക് പോയി. പ്രകൃതിരമണീയമായ ഇടുക്കിയുടെ ഒരു പരിച്ഛേദമാണ് അവിടം. പാറക്കൂട്ടങ്ങള്‍ക്കിയിലൂടെ പെരിയാര്‍ പാല്‍ നിറത്തില്‍ പതഞ്ഞൊഴുകുന്നു. ഇടുക്കി അണക്കെട്ടിന്റെ ക്യാച്മെന്റ് ഏരിയയുടെ തെക്കേ അറ്റം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ഒഴുകുന്ന അധികജലവും അരുവികളില്‍ നിന്നും മറ്റു പോഷക നദികളില്‍ നിന്നുള്ള ജലവും ഒന്നുചേര്‍ന്ന് വള്ളക്കടവ്-വണ്ടിപ്പെരിയാര്‍ വഴി ഒഴുകി ഇടുക്കി അണക്കെട്ടിന്റെ ജലാശയത്തില്‍ ചേരുന്നത് ഇവിടെ വച്ചാണ്. പണ്ട് ഇവിടെയുണ്ടായിരുന്ന അയ്യപ്പന്‍ കോവിലിന്റെ അവശിഷ്ടങ്ങള്‍ അവിടെ കാണാനുണ്ട്. ഇടുക്കി അണക്കെട്ട് വന്നപ്പോള്‍ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നുവത്രേ! അണക്കെട്ട് നിറഞ്ഞു കഴിഞ്ഞാല്‍ ആ അവശിഷ്ടങ്ങള്‍ വെള്ളത്തിനടിയില്‍ ആയിരിക്കും. അതിനു മുകളിലൂടെ ആയിരിക്കും ചെറിയ വള്ളങ്ങളും പെഡല്‍ ബോട്ടുകളും സഞ്ചരിക്കുക. നിശ്ചലമായ ആ വലിയ ജലാശയത്തിലൂടെ ഇടുക്കി അണക്കെട്ട് വരെ വളളത്തില്‍ പോകാം. അടിയൊഴുക്ക് ശക്തമായതുകൊണ്ടും മീന്‍ പിടിക്കാന്‍ വലിയ വലകള്‍ അവിടവിടെയായി വിരിച്ചിരിക്കുന്നതുകൊണ്ടും അത്യന്തം അപകടകരമാണ് അതിലൂടെയുള്ള യാത്ര. അച്ഛന്‍ ഒരു തവണ ബാങ്കിലുള്ളവരുടെ കൂടെ വള്ളത്തില്‍ തട്ടാത്തിക്കുടി എന്ന സ്ഥലം വരെ പോയതിന്റെ അനുഭവം എന്നോട് പറഞ്ഞിരുന്നു. അന്ന് അണക്കെട്ട് നിറഞ്ഞിട്ടില്ലാത്തതുകൊണ്ട് എനിക്ക് വള്ളത്തില്‍ പോകാന്‍ സാധിച്ചില്ല.

കാലവര്‍ഷം തുടങ്ങിയതിനാല്‍ നല്ല ഒഴുക്കുണ്ട്. ധാരാളം കയങ്ങള്‍ (ആഴമേറിയ ഭാഗങ്ങൾ) ഉണ്ടെന്നും സൂക്ഷിക്കണമെന്നും ജിജി എനിക്ക് മുന്നറിയിപ്പ് തന്നു. നന്നായി നീന്താനറിയാമെന്നു പറഞ്ഞപ്പോള്‍ അവനു ചിരിയാണ് വന്നത്. അവിടത്തെ ഒരു കയം ചൂണ്ടിക്കാട്ടി അതിന്റെ പേര് ആശാന്‍ കയമാണെന്നും അതിന് ആ പേര് കിട്ടിയത് നീന്തല്‍ പഠിപ്പിക്കുന്ന ഒരു ആശാന്‍ അതില്‍ മുങ്ങി മരിച്ചപ്പോള്‍ ആണെന്നും അവന്‍ പറഞ്ഞു. അമ്പലക്കുളത്തില്‍ ഇട്ടാ വട്ടത്തില്‍ നീന്തി പരിചയമുള്ള ഞാന്‍ കയത്തിലെ ഒഴുക്കില്‍ എന്ത് ചെയ്യാൻ!! ചിലയിടങ്ങളില്‍ ആളുകള്‍ ചൂണ്ടയിടുന്നുണ്ട്. അവരുടെ അടുത്തെല്ലാം ചുട്ട കപ്പ ഇരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ജിജിയോടു ചോദിച്ചു:

"ഇവര്‍ക്ക് രാവിലെ തൊട്ടു വൈകീട്ട് വരെ ഇതന്യാണോ പണി? കപ്പയെല്ലാം കരുതീട്ട്ണ്ടല്ലോ!"

"ഓ! ആ കപ്പ തിന്നാനൊന്നുമല്ലെന്നേ, അത് ചൂണ്ടേല്‍ കൊരുക്കാനൊള്ളതാ." അവന്‍ മറുപടി പറഞ്ഞു.

"ഈ കപ്പയെങ്ങനെ ചൂണ്ടയില്‍ കൊരുക്കും? അത് വെള്ളത്തിലിട്ടാല്‍ ഒഴുകി പോകില്ലേ?" എന്റെ സംശയം.

പണ്ട് ഞാഞ്ഞൂലിനെ പിടിക്കാന്‍ അറപ്പായതുകൊണ്ട് ചോറ് വറ്റ് മുതല്‍ പലതും ഇരയാക്കി പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. എന്റെ സംശയം തീര്‍ക്കാന്‍ പിറ്റേന്ന് തന്നെ ജിജി ഒരു ചൂണ്ട സംഘടിപ്പിച്ചു തന്നു. ഒരു മൂട് കപ്പയും ചുട്ടെടുത്ത് ഞങ്ങള്‍ ചൂണ്ടയിടാന്‍ പോയി. ചുട്ട കപ്പയുടെ കാമ്പെടുത്ത്‌ കൈവെള്ളയില്‍ വച്ച് കുറച്ചു നേരം ഞെരടിയപ്പോള്‍ അത് നല്ല പശ പോലെയായി. അതെടുത്തു ചൂണ്ടയില്‍ കൊരുത്ത് കയത്തിലേക്കിട്ടു. അന്ന് മുഴുവന്‍ ശ്രമിച്ചിട്ട് ആകെ കിട്ടിയത് ഒരേയൊരു മുഷി (ഞങ്ങളുടെ നാട്ടിലെ മൊയ്യ്) അതും വളരെ ചെറിയതും മെലിഞ്ഞതും. ഞങ്ങള്‍ ചൂണ്ടയിട്ട ആ കയത്തിനെ എത്തിയോപ്പിയ കയം എന്ന് പേരിട്ട് സസന്തോഷം തിരിച്ചു പോന്നു.

പിറ്റേ ദിവസം അച്ഛന്റെ ബാങ്കിലെ കാഷ്യറായ TKD നായര്‍ അങ്കിളിന്റെ വീട്ടില്‍ പോയി. ആ ബാങ്കില്‍ സ്ഥലം മാറി വരുന്ന ആര്‍ക്കും വീട് കിട്ടുന്നത് വരെ അഭയം ആ വീടാണ്. അന്നുമുണ്ട് ആരോ അവരുടെ അതിഥിയായി. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഗംഭീരമായ രൂപമാണെങ്കിലും വളരെ സൌമ്യമായ സ്വഭാവമാണ് അങ്കിളിന്റേത്. അവരുടെ ഭാര്യക്ക് എന്റെ അച്ഛന്‍പെങ്ങളുടെ രൂപ-ഭാവ സാദൃശ്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ അതൊരു അന്യവീടായേ തോന്നിയില്ല. അവര്‍ക്ക് മൂന്നു ആണ്മക്കളാണ്. മൂത്തയാള്‍ പുറത്തെവിടെയോ ജോലിയില്‍ ആണ്. രണ്ടാമന്‍ രാജീവേട്ടന്‍ ഇലക്ട്രോണിക്സ് പഠിക്കുന്നു. മൂന്നാമന്‍ സഞ്ജീവേട്ടന്‍ ഡിഗ്രിക്ക് പഠിക്കുന്നു. അവരുടെ കൂടെ തേക്കടിയിലേക്ക് പോകണം എന്നെല്ലാം പദ്ധതിയിട്ടിരിക്കുന്ന സമയത്താണ് എനിക്ക് ശ്രീകൃഷ്ണ കോളേജില്‍ ഡിഗ്രിക്ക് അഡ്മിഷന്‍ ശരിയായത്. ഉടനെ തന്നെ തിരിച്ചു പോന്നതുകൊണ്ട് അതു നടന്നില്ല.

പിന്നീടും പല തവണ അയ്യപ്പന്‍ കോവില്‍ സന്ദര്‍ശിച്ചെങ്കിലും അച്ഛന് മണ്ണാര്‍ക്കാടിനടുത്തുള്ള പൊറ്റശ്ശേരിയിലേക്ക് സ്ഥലമാറ്റം കിട്ടിയതിനു ശേഷം അങ്ങോട്ട്‌ പോയിട്ടില്ല. അയ്യപ്പന്‍ കോവില്‍ വീണ്ടും പഴയ സ്ഥലത്തിലേക്കു മാറ്റുന്നു എന്ന് പറഞ്ഞു കേട്ടു. എത്രത്തോളമായി എന്നറിയില്ല. എന്നെങ്കിലുമൊരിക്കല്‍ സമയം കിട്ടുകയാണെങ്കില്‍ അവിടമെല്ലാം പോകണം, അവരെയെല്ലാം കാണണം. ജോസഫേട്ടനും കുടുംബവും എങ്ങനെയിരിക്കുന്നു? ജിജി ഇപ്പോള്‍ എന്ത് ചെയ്യുന്നു? അറിയില്ല!! അവരുടെ വീട് പെരിയാറില്‍ നിന്നും ഒരുപാട് ഉയരത്തില്‍ ആയതുകൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാലും അവരുടെ വീടിനൊന്നും സംഭവിക്കാന്‍ സാധ്യതയില്ല. പക്ഷെ അവിടെ മറ്റു പല വീടുകളും പെരിയാറിന്റെ തീരത്തുണ്ട്. നമുക്ക് പ്രാര്‍ത്ഥിക്കാം. അണക്കെട്ടൊരിക്കലും പൊട്ടാതിരിക്കട്ടെ! ആര്‍ക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ!!

അനുബന്ധം: ഈ യാത്രാക്കുറിപ്പ് മലയാളം ബ്ലോഗേഴ്സ് കൂട്ടായ്മയുടെ ഓണ്‍ലൈന്‍ മാഗസീന്‍ ആയ ഇ-മഷിയുടെ ആദ്യ ലക്കത്തില്‍ പ്രസിദ്ധീകരിച്ചതാണ്.

ചിത്രങ്ങള്‍ക്ക് കടപ്പാട് നെടുങ്കണ്ടം.കോം, ഗൂഗിള്‍.

19 comments:

  1. നല്ല എഴുത്ത്
    വായനക്ക നല്ല രസമുള്ള വരികൾ
    നല്ല യാത്ര വിവരണം, പശ്ചാതലം വിവരിക്കുമ്പോൾ വായനക്കാർ അവിടെ തന്നെയാണ് എന്നൊരു പ്രതീതി കിട്ടുന്നുണ്ട്

    ReplyDelete
  2. വായിച്ചിരുന്നു.....
    ഇ മഷിയില്‍..

    വളരെ നന്നായി അവതരിപ്പിച്ചു...

    ReplyDelete
    Replies
    1. ഇഷ്ടപ്പെട്ടു യാത്രാവിവരണം

      മെയിന്‍ കമന്റ് ബോക്സ് തുറന്ന് വരുന്നില്ല. അതുകൊണ്ട് കുറുക്കുവഴിയായി അബ്സര്‍ ഡോക്ടര്‍ക്ക് റിപ്ലൈ പോലെ ഒരു കമന്റ്. ഡോണ്ട് മിസ് അണ്ടര്‍സ്റ്റാന്‍ഡേ....!!!

      Delete
  3. അണക്കെട്ട്‌ ഭദ്രമായിരിക്കട്ടെ. എല്ലാവരും സുഖമായിരിക്കട്ടെ..... നന്നായി ഈ കുറിപ്പ്‌. വ്യക്തം, ഹൃദ്യം.

    ReplyDelete
  4. ഷാജു, അബ്സാറിക്ക, അജിത്തേട്ടന്‍, വിജയേട്ടന്‍.. എല്ലാവര്ക്കും നന്ദി.

    ReplyDelete
  5. വായിച്ചിരുന്നു ഇ-മഷിയില്‍ .മനോഹരമായ യാത്രാ വിവരണം ആയിരുന്നു .വായിക്കുന്നവര്‍ക്കും യാത്രപോയത് പോലൊരു ഫീല്‍ ഉണ്ടാക്കാന്‍ ഈ പോസ്റ്റിനു കഴിഞ്ഞു .അഭിനന്ദനങ്ങള്‍ അരുണ്‍. :)

    ReplyDelete
  6. ഇ മഷിയില്‍ വായിച്ച സുന്ദരമായ യാത്രാ വിവരണം.

    തെളിമയുള്ള കുറച്ചു കൂടി ചിത്രങ്ങള്‍ ചേര്‍ക്കാമായിരുന്നു എന്നൊരു പരാതി ബാക്കി നിര്‍ത്തി പോകുന്നു ....

    ReplyDelete
  7. ഈ മഷിയില്‍ കണ്ടിരുന്നു എന്നാല്‍ മുഴുവനും വായിക്കാന്‍ ഇവിടെ ക്കഴിഞ്ഞു
    നല്ലൊരു യാത്ര ഒപ്പം നടത്തിയ ഒരു പ്രതീതി. ലീലാമ്മ ചേടത്തിയുടെ ശൈലിയിലുണ്ടാക്കിയ കപ്പപ്പുഴുക്കും മീന്‍കറിയും വായിച്ചപ്പോള്‍ എന്റെ കുട്ടിക്കാലമാണോര്‍മ്മയില്‍ ഓടിയത്തിയത് സത്യത്തില്‍ വായില്‍ വെള്ളമൂറി.:-) ഇവിടെ
    സിക്കന്ത്രാബാ ദിലും കപ്പ കിട്ടും മീനും പക്ഷെ നാടന്‍ കപ്പയുടെ/അല്ല കപ്പപ്പുഴുക്കിന്റെ രുചി ഒന്ന് വേറെ തന്നെ.
    എഴുതുക അറിയിക്കുക ചേരുന്നു കൂട്ടര്‍ക്കൊപ്പം

    ReplyDelete
  8. നല്ല എഴുത്ത്.
    ഒരു സാദാ യാത്രാവിവരണത്തേക്കാള്‍ എത്രയോ മുന്‍പില്‍ നിക്കുന്നു..!
    തുടര്‍ന്നും എഴുതുക.
    ഒത്തിരി ആശംസകളോടെ..പുലരി

    ReplyDelete
  9. അനാമിക, വേണ്വേട്ടന്‍, ഫിലിപ്പേട്ടന്‍, പ്രഭേട്ടന്‍, അകമഴിഞ്ഞ പ്രോത്സാഹനത്തിനു നന്ദി.
    വേണ്വേട്ടാ, അന്നത്തെ ഫോട്ടോസ് ഒന്നും ഇല്ല. പിന്നെ ഗൂഗിളില്‍ നിന്നും തിരഞ്ഞെടുത്തു ചേര്‍ത്തവയാണ് ഇവ.

    ReplyDelete
  10. വളരെ ലളിതമായ ഭാഷയില്‍ നന്നായി പറഞ്ഞിരിക്കുന്നു.യാത്ര തുടരട്ടെ...

    ReplyDelete
    Replies
    1. വെള്ളിക്കുളങ്ങരക്കാരന് നന്ദി.

      Delete
  11. അയ്യപ്പന്‍ കൊവിലിലെക്കുള്ള യാത്രാ വിവരണം മികച്ചതായിരുന്നു.. യാത്രകള്‍ ഇഷ്ടപ്പെടുന്നതിന്നാല്‍ പെട്ടെന്ന് വായിച്ചു തീര്‍ന്നു.. കപ്പയിട്ടു മുഷിയെ പിടിച്ചത് ഇഷ്ടമായി.. യാത്രകള്‍ അനുഭവിപ്പിക്കാന്‍ ഒരു യാത്രാവിവരണത്തിന് കഴിയുമ്പോഴാണ് അത് മികച്ചതാകുന്നത്.. ഈ യാത്ര എന്നെ അനുഭവിപ്പിക്കാന്‍ അരുണിന് അനായാസേന കഴിഞ്ഞു..

    ReplyDelete
  12. സുന്ദരമായ യാത്രാ വിവരണം.യാത്ര തുടരട്ടെ...

    ReplyDelete
  13. യാത്രകള്‍ ഇഷ്ടപ്പെടുന്ന കൂട്ടുകാര്‍ക്ക് നന്ദി..

    ReplyDelete
  14. മനോഹരമായ ഒരു യാത്രാ വിവരണം. നിര്‍ത്താനേ തോന്നിയില്ല. അണക്കെട്ട് ഒരിക്കലും തകരാതിരിക്കട്ടെ. പ്രാര്‍ഥിക്കാം.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  15. വിവരണങ്ങള്‍ നന്നായി. വിവരണങ്ങളിലൂടെ ചില സ്ഥലങ്ങള്‍ മനസ്സില്‍ തെളിഞ്ഞു.
    ആശംസകള്‍.

    ReplyDelete
  16. നന്ദി അഷ്‌റഫ്‌, റാംജി. താങ്കളെപ്പോലെ പ്രഗല്ഭരായവര്‍ ഈ വഴിക്ക് വന്നതും അഭിപ്രായം പങ്കുവച്ചതും ഒരു അഭിമാനമായി കരുതുന്നു.

    ReplyDelete
  17. തട്ടാത്തിക്കുടി ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോഴാണ് ഈ ബ്ലോഗില്‍ എത്തിപ്പെട്ടത് . അയ്യപ്പന്‍ കൊവിലിനടുത്തുള്ള കാഞ്ചിയാര്‍ ആണ് എന്റെ സ്വദേശം . പുറത്തുള്ള ഒരാള്‍ ഈ സ്ഥലത്തേക്കുറിച്ചെഴുതിയതു വായിച്ചതില്‍ വളരെ സന്തോഷം .

    ReplyDelete

പാപം ചെയ്തവര്‍ക്കും കല്ലെറിയാം.....