Wednesday 8 August 2012

ആത്മാര്‍ത്ഥ സുഹൃത്ത്‌

ഒരു കളഞ്ഞു കിട്ടിയ സെക്കന്റ്‌ ക്ലാസ് പ്രീ-ഡിഗ്രി മാര്‍ക്ക്‌ ലിസ്റ്റും വച്ചുകൊണ്ട് ഡിഗ്രി പഠനത്തിനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. ഇത്രയും കുറഞ്ഞ മാര്‍ക്കുകൊണ്ട് ഒരു ഡിഗ്രി അഡ്മിഷൻ! ഫസ്റ്റ് ക്ലാസ്സുണ്ടായാല്‍ പോലും റെഗുലര്‍ കോളേജില്‍ കയറിക്കൂടല്‍ ഒരു വെല്ലുവിളി ആണ്. പിന്നെയല്ലേ കഷ്ടിച്ച് സെക്കന്റ്‌ ക്ലാസ്! മുന്നില്‍ ഉള്ളത് രണ്ടേ രണ്ട് വഴി: ശ്രീകൃഷ്ണ കോളേജില്‍ ഒരു മാനേജ്‌മന്റ്‌ ക്വോട്ട, അല്ലെങ്കില്‍ ഏതെങ്കിലും പാരലല്‍ കോളേജില്‍ ഇംഗ്ലീഷ് ബിരുദം. രണ്ടുമില്ലെങ്കില്‍ പിന്നെ പ്രീ-ഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല എന്നങ്ങ് സമാധാനിച്ചു കൃഷിപ്പണി തുടങ്ങാം. എന്തായാലും പോത്തുകള്‍ എന്റെ തല്ലു വാങ്ങുന്നതില്‍ നിന്നും പൂര്‍ണമായും രക്ഷപ്പെട്ടു എന്ന് പറയാറായിട്ടില്ല.

ശ്രീകൃഷ്ണ കോളേജില്‍ മാത്രം അതും മാനേജ്‌മന്റ്‌ ക്വാട്ടയില്‍ അപേക്ഷ സമര്‍പ്പിച്ചു. എന്തിനും ഏതിനും ആശ്രയമായ അപ്പുമ്മാവന്‍ തന്നെ അതിനും ശരണം. സയന്‍സ് പെറ്റമ്മമാരില്‍ നിന്നും ഒരു പ്രതീക്ഷയും ഇല്ലാത്തതുകൊണ്ട് പ്രഥമ പരിഗണന പെറ്റമ്മയോ, ചിറ്റമ്മയോ, എന്തിന് വളര്‍ത്തമ്മ പോലുമല്ലാത്ത കൊമേഴ്സിന്! രണ്ടാം പരിഗണന ഫിസിക്സിനും മൂന്നാമതായി ഗണിതവും. എതു കിട്ടിയാലും വിജയിക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ട് എനിക്കെല്ലാം ഒരുപോലെ! കിട്ടിയാല്‍ മൂന്ന് വര്‍ഷം കൂടി കോളേജില്‍ പോകാം അത്ര തന്നെ.

ഇനി ഏതാണ്ട് ഒരു മാസമുണ്ട് അഡ്മിഷനെല്ലാം തുടങ്ങാന്‍. അങ്ങനെ ആ സമയം ചിലവിടാന്‍ ഞാന്‍ ഇടുക്കിയിലെ അയ്യപ്പന്‍ കോവിലിലേക്ക് യാത്രയായി, അച്ഛനമ്മമാരുടെ അടുത്തേക്ക്. അവിടെ വച്ച് ഒരു ദിവസം മുരിങ്ങയില പറിക്കുമ്പോഴുണ്ടായ വീഴ്ചയില്‍ എന്റെ ഇടത്തെ കൈ ഒടിഞ്ഞു. അത് പ്ലാസ്ടറെല്ലാം ഇട്ടു വിശ്രമിക്കുമ്പോഴാണ് അച്ഛന് അപ്പുമ്മാവയുടെ ഫോണ്‍. ശ്രീകൃഷ്ണ കോളേജില്‍ ഗണിത ബിരുദത്തിനു മാനേജ്മെന്റ് ക്വാട്ടയില്‍ എനിക്കൊരു അഡ്മിഷന്‍ ശരിയാക്കിയിട്ടുണ്ട്, അടുത്ത ആഴ്ച തന്നെ ചേരണം. ഒന്നരക്കൈയും വച്ച് ഒരുവിധം നാട്ടിലെത്തി.

അങ്ങിനെ ശ്രീകൃഷ്ണ കോളേജില്‍ ചേര്‍ന്നു. അപേക്ഷ ഫോം വാങ്ങാന്‍ വന്നപ്പോള്‍ കണ്ടതിനേക്കാള്‍ സുന്ദരിയായിരിക്കുന്നു കോളേജ്. എങ്ങനെ അല്ലാതിരിക്കും. ഇപ്പോള്‍ ഇത് എന്റെ കോളേജല്ലേ!! ചുവന്ന പൂക്കള്‍ നിറഞ്ഞ വാകമരങ്ങളും കുങ്കുമമരങ്ങളും ലാങ്കി പൂക്കളും എന്നെ സ്വാഗതം ചെയ്തു. പഠന സൗകര്യങ്ങളേക്കാള്‍ ഞാന്‍ ശ്രദ്ധിച്ചത് ഉഴപ്പാനുള്ള വഴികളായിരുന്നു. വിശാലമായ മൈതാനങ്ങളും കെട്ടിടങ്ങള്‍ക്കിടയിലുള്ള സ്ഥലങ്ങളില്‍ പാറക്കൂട്ടങ്ങളും പാവുട്ട മരങ്ങളും നിറഞ്ഞ ആ കാമ്പസ് എനിക്ക് വളരെ ഇഷ്ടമായി. കൂടാതെ മൈതാനത്തില്‍ ഹെലിപ്പാഡ് സൌകര്യവുമുണ്ട്!! ഇടക്ക് ഹെലികോപ്ടറില്‍ വന്നാലും ഇറങ്ങാന്‍ ബുദ്ധിമുട്ടില്ല!! എല്ലാംകൊണ്ടും എന്റെ പരിഗണനകള്‍ക്കൊത്തിണങ്ങിയ അന്തരീക്ഷം.

പൊതുവേ മാനേജ്‌മന്റ്‌ ക്വാട്ടയില്‍ വരുന്ന കുട്ടികളെ ടീച്ചര്‍മാര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. അവരില്‍ ഭൂരിഭാഗവും അച്ഛനമ്മമാരുടെ നിര്‍ബന്ധം സഹിക്കവയ്യാതെ, അല്ലെങ്കില്‍ അച്ഛനമ്മമാരെ നിര്‍ബന്ധിച്ച്, സ്വാധീനത്തിന്റെ ഒരേയൊരു ബലത്തില്‍ വന്നവരായിരിക്കും. പഠനം എന്നത് അവരുടെയെല്ലാം മുന്‍ഗണനാ പട്ടികയില്‍ അവസാനത്തേതാകും. അതുകൊണ്ട് തന്നെ അവരെ തീരെ ശ്രദ്ധിക്കേണ്ടല്ലോ!! എന്റെ സ്ഥിതിയും മറിച്ചല്ല! പോരാത്തതിനു പ്ലാസ്ടര്‍ ഇട്ട കൈയുമായി ഒരു വില്ലന്‍ ലുക്കോടെയാണ് എന്റെ കലാലയ പ്രവേശം. ചില ടീച്ചര്‍മാരുടെ "ഇവന്‍ ഒരു നടക്കു പോകില്ല" എന്ന നോട്ടം അത് വിളിച്ചു പറയുന്നുണ്ടായിരുന്നു.;

പരിചിതമായ മൂന്ന് മുഖങ്ങള്‍ ഉണ്ടായിരുന്നു പട്ടാമ്പി കോളേജില്‍ നിന്ന്. ഒന്ന് സ്മിത, പട്ടാമ്പിയില്‍ വച്ച് ഒരു സുഹൃത്തിന്റെ 'ഹംസ'മായി വേഷം കെട്ടിയ ഞാനുമായി അത്ര നല്ല രസത്തിലായിരുന്നില്ല. ഞാനിനി വേറെയാരുടെയെങ്കിലും ദൂതുമായി വരുമോ എന്ന ഭയം കൊണ്ടാവണം ഒരാഴ്ചക്കുള്ളില്‍ തന്നെ അവള്‍ വേറെയേതോ കോളേജിലേക്ക് സ്ഥലമാറ്റം വാങ്ങിപ്പോയി. രണ്ട്, ശ്രീജ. മുഖ പരിചയത്തില്‍ കവിഞ്ഞ് ഒരു പിടിയുമില്ല. മൂന്ന്, ജയദാസ്. പട്ടാമ്പിയിലെ പഠിപ്പിസ്ടുകളുടെ ലിസ്റ്റിലെ ഒരു പ്രധാനി. ട്യുഷന്‍ ക്ലാസ്സിലും ഉണ്ടായിരുന്നതുകൊണ്ട് കുറച്ചെങ്കിലും പരിചയം ഉണ്ട്. നന്നായി പഠിക്കുന്ന അവനോടെല്ലാം ഒരു തരം ആരാധനയായിരുന്നു എനിക്ക്.

ക്ലാസ് തുടങ്ങിയിട്ട് ഒരാഴ്ചയായി. രണ്ടും കല്‍പ്പിച്ചു കോളേജില്‍ എത്തിയ എനിക്ക് അതൊന്നും വല്യ പ്രശ്നമേ ആയിരുന്നില്ല. ആദ്യ ദിവസം തന്നെ ഞാന്‍ സ്മിതയോടും ശ്രീജയോടുമെല്ലാം സംസാരിക്കാന്‍ ചെന്നു. ആകെ പരിചയം അവരോടല്ലേ!! പിന്നെ ഓരോരുത്തരെ ആയി പരിചയപ്പെട്ടു. ആരോടും പ്രീ-ഡിഗ്രിയുടെ മാര്‍ക്ക്‌ ചോദിക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ചോദിച്ചാല്‍ അവരെങ്ങാന്‍ എന്റെ മാര്‍ക്ക്‌ ചോദിച്ചാലോ? വന്ന പാടെ പെണ്‍കുട്ടികളോടെല്ലാം പരിചയപ്പെടാന്‍ പോയ എന്നെ സഹപാഠികളും ഒരു നടക്കു പോകില്ലെന്ന് കരുതിക്കാണണം. കാരണം ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഒരു നിശ്ചിത അകലം പാലിച്ചിരുന്നെന്ന് പിന്നീടാണെനിക്ക് മനസ്സിലായത്‌. അതുകൊണ്ട് തന്നെ ആ പരിചയപ്പെടലിനു ശേഷം ഒരു പരിചയം പുതുക്കല്‍ പോലും പിന്നെ കുറച്ചു കാലത്തേക്ക് ഉണ്ടായില്ല.

ദിവസവും ക്ലാസെല്ലാം മുറക്ക് നടക്കുന്നു. എന്തൊക്കെയൊ കേള്‍ക്കുന്നു. പരാബോളയും ഹൈപ്പര്‍ബോളയും എലിപ്സുമെല്ലാം തലയ്ക്കു ചുറ്റും കറങ്ങുന്നു. ആരൊക്കെയോ സംശയങ്ങള്‍ ചോദിക്കുന്നു. ടീച്ചര്‍മാര്‍ വിശദീകരിക്കുന്നു. ടീച്ചര്‍മാര്‍ കുട്ടികളോട് ചോദ്യം ചോദിക്കുന്നു, മിടുക്കന്മാരും മിടുക്കികളും എഴുന്നേറ്റു നിന്ന് ഉത്തരം പറയുന്നു. ആകെ ഒരു പുകമയം. ഇതൊന്നും എന്നെ ബാധിക്കുന്നതല്ലലോ എന്ന് കരുതി ഞാനും സമാധാനിച്ചു. ഭാഗ്യം ടീച്ചര്‍മാര്‍ ആരെയും ചൂണ്ടിക്കാട്ടി ചോദ്യമൊന്നും ചോദിക്കുന്നില്ല. വീട്ടുകണക്കുകളും ഇല്ല. അങ്ങനെ ക്ലാസ് അതിന്റെ വഴിക്കും ഞാന്‍ എന്റെ വഴിക്കും പോയിക്കൊണ്ടിരിക്കുമ്പോഴാണ്‌ വഴിമുടക്കിക്കൊണ്ട് ആ ചോദ്യം വന്നത്.

"കംബൈന്‍ഡ് സ്റ്റഡിക്ക് താല്‍പ്പര്യണ്ടോ?" ജയദാസാണ്.

ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി. ഒന്നാമതായി ഈ പരിപാടി എന്താണെന്നു എനിക്കൊരു പിടിയുമില്ല. മാത്രമല്ല ക്ലാസ്സില്‍ പ്രീ-ഡിഗ്രിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയവരില്‍ ഒരാളാണ് ചോദിക്കുന്നത്. ചോദ്യം ഏറ്റവും കുറവ് മാര്‍ക്കു നേടിയ പ്രതിഭാധനനോടും.

അപകര്‍ഷതാബോധം കൊണ്ട് ഞാനാകെ ചൂളിപ്പോയി. എങ്ങനെ ആലോചിച്ചിട്ടും ഇല്ല എന്ന ഉത്തരമേ മനസ്സില്‍ വരുന്നുള്ളൂ. അതൊന്നു എങ്ങനെ അവന്റെ മുന്നില്‍ അവതരിപ്പിക്കും എന്നത് അതിലും വലിയൊരു ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്നു. അവന്റെ വീടിന് ഏറ്റവും അടുത്തുള്ളവന്‍, പട്ടാമ്പി കോളേജില്‍ കണ്ട പരിചയം, ഇത് രണ്ടും ഒഴിച്ചാല്‍ അവന്‍ എന്നെ തിരഞ്ഞെടുക്കാന്‍ വേറൊരു കാരണവും ഞാന്‍ കണ്ടില്ല. പഠനത്തിനാണെങ്കില്‍ ഇത് രണ്ടും ഒരു മാനദണ്ഡമേ അല്ല!! എന്റെ വിഷമം അവനു മനസ്സിലായി എന്ന് തോന്നുന്നു. അവന്‍ പറഞ്ഞു:

"ഞാന്‍ പ്രീ-ഡിഗ്രിക്ക് വേറൊരാളായി കംബൈന്‍ഡ് സ്റ്റഡി നടത്തീരുന്നു. നല്ലൊരു ഏര്‍പ്പാടാണ്. ഒരുതരം കൊടുക്കല്‍ വാങ്ങൽ. എനിക്കറിയാത്തത് അവന്‍ പറഞ്ഞേരും അവനറിയാത്തത് ഞാനും പറഞ്ഞോടുക്കും. അങ്ങനെ അങ്ങട് പോകും." അവന്‍ പിന്നെയും എന്തൊക്കെയോ അതിന്റെ ഗുണഗണങ്ങളെ ക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ എങ്ങനെ ഇല്ലെന്നു പറയും എന്ന ധര്‍മ്മസങ്കടത്തിലും.

ഞാന്‍ ആ കൊടുക്കല്‍ വാങ്ങലില്‍ പിടിച്ചു. ഞങ്ങളുടെ രണ്ട് പേരുടെയും അറിവിന്റെ ഗണങ്ങള്‍ എടുത്താല്‍ യൂണിയന്‍ അവന്റെ ഗണവും ഇന്റര്‍സെക്ഷന്‍ എന്റെ ഗണവും ആയിരിക്കും.

"ജയദാസ്, നിനക്കറിയാലോ ഇന്റെ പ്രീ-ഡിഗ്രി മാര്‍ക്ക്. ഈ കൊടുക്കല്‍ വാങ്ങല്‍ നിനക്ക് വെറും കൊടുക്കല്‍ മാത്രാവും. അത് വേണോ?" ഞാന്‍ ചോദിച്ചു.

"അതൊന്നും ഒരു പ്രശ്നല്ല. ഇത് വരെ എത്തീല്യേ, ഒന്നും അറിയാണ്ടിരിക്കില്ലലോ. അറിയണത് നമ്മക്ക് കൈമാറാം." എന്നായി അവൻ.

"ഇന്റെ പഠനത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ വല്യൊരു വട്ടപ്പൂജ്യാണ്. പത്താം ക്ലാസ്സിലെ കാര്യങ്ങളേ എനിക്ക് കാര്യയിട്ട് അറിയുള്ളൂ. അതോണ്ട് നീ നന്നായി കഷ്ടപ്പെടും." ഞാന്‍ മുന്നറിയിപ്പ് കൊടുത്തു.

"അതെനിക്ക് വിട്ടു തന്നേക്ക്‌, നീ തയ്യാറാണെങ്കില്‍ വരണ ഞാറാഴ്ച വീട്ടില്‍ വാ." അങ്ങനെ അങ്കം കുറിച്ചു.

ഞായറാഴ്ച അവന്റെ വീട്ടില്‍ പോയി. അവന്റെ അച്ഛന്റെയും അമ്മയുടെയും അച്ചമ്മയുടെയുമെല്ലാം സൗമ്യവും സ്നേഹപൂര്‍ണവുമായ പെരുമാറ്റം കണ്ടപ്പോഴേ മനസ്സിലായി അവനിലും അതിന്റെ വല്യോരംശം ഉണ്ടെന്ന്. ഇല്ലെങ്കില്‍ എന്തിനെന്നെ തന്നെ വിളിക്കണം. ആദ്യത്തെ ക്ലാസ്സുകള്‍ കംബൈന്‍ഡ് സ്റ്റഡി ആയിരുന്നില്ല, എന്റെ യഥാര്‍ത്ഥ പ്രീ-ഡിഗ്രി പഠനം ആയിരുന്നു. അവിടെ വിട്ടുപോയ ഭാഗങ്ങള്‍ അവന്‍ ഭംഗിയായി പൂരിപ്പിച്ചു കൊണ്ടിരുന്നു. ചില കണക്കുകള്‍ മനസ്സില്ലാക്കി തരാന്‍ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും അവന്‍ നിര്‍ദ്ദാരണം ചെയ്തു തന്നു. അങ്ങനെ പതുക്കെ പതുക്കെ ഞാന്‍ ഡിഗ്രി ട്രാക്കില്‍ ഓടാന്‍ തുടങ്ങി. അപകര്‍ഷതാബോധം ആത്മവിശ്വാസത്തിന് വഴിമാറി. ആരാധന സൗഹൃദത്തിനു വഴിമാറി. പിന്നീട് ഞങ്ങളുടെ വീടുകള്‍ മാറി മാറി കംബൈന്‍ഡ് സ്റ്റഡിക്ക് വേദിയായി.
എന്റെ വീട്ടില്‍ പലര്‍ക്കും ഈ പരിപാടി അത്രയ്ക്കങ്ങോട്ട് ദഹിച്ചിരുന്നില്ല. ഇവരെന്താ മുറിയില്‍ അടച്ചിരുന്നു പരിപാടി? പഠനം എന്നും പറഞ്ഞ് കോളേജിലെ പെണ്‍പിള്ളാരുടെ അംഗവര്‍ണനയാണോ? അങ്ങനെയുള്ള ഓരോ സംശയങ്ങള്‍ മുളച്ചു പൊന്തിക്കൊണ്ടിരുന്നു. ജയദാസിന്റെ ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റം അതിനെല്ലാം മറുപടിയായി. അവന്‍ വീട്ടിലെ എല്ലാവരെയും കൈയിലെടുത്തു. ചുരുക്കി പറഞ്ഞാല്‍ അവന്‍ എന്റെ വീട്ടിലെ ഒരംഗമായി. ഞാന്‍ അവന്റെ വീട്ടിലെ ഒരംഗവും, വീട്ടിലെ മാത്രമല്ല നാട്ടിലെ തന്നെ.

ഒരു പാട് സാമൂഹ്യ സേവനങ്ങള്‍ നടക്കുന്ന പിലാക്കാട്ടിരി എന്ന ആ നാട് തന്നെ എനിക്കൊരു അത്ഭുതമായിരുന്നു. നാടകവേദി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സാംസ്‌കാരിക നിലയത്തിന്റെ ഭാഗമായി വായന ശാലയും അയല്‍കൂട്ടവും, മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനം, വോളീബോൾ, ബാഡ്മിന്ടന്‍, അങ്ങിനെ നൂറു കൂട്ടം പരിപാടികൾ. ജയദാസ് തന്നെ ജില്ലാതലത്തില്‍ ഷട്ടില്‍ ബാഡ്മിന്ടന്‍ കളിച്ചിട്ടുള്ളയാളാണ്. പിന്നെ അടുത്ത വീടുകളില്‍ നടക്കുന്ന കല്യാണം, മരണം, മുതലായ എല്ലാ ചടങ്ങുകള്‍ക്കും സഹായിയായി ആദ്യാവസാനം ഉണ്ടാകുന്ന യുവാക്കളും മുതിര്‍ന്നവരും കലര്‍ന്ന ഒരു കൂട്ടം ഉത്സാഹികളും. നാടകവേദിയുടെ ഒരു വര്‍ഷത്തെ നാടകോത്സവത്തിന് നടന്‍ മാള അരവിന്ദന്‍ വന്നു സംസാരിച്ചത് ഓര്‍ക്കുന്നു. മാളയുടെ കോമാളി വേഷങ്ങള്‍ മാത്രം കണ്ടിട്ടുള്ള ഞാന്‍ അദ്ദേഹത്തിന്റെ പ്രസംഗം കേട്ട് കോരിത്തരിച്ചു പോയി. ഇത്രയും നന്നായി സംസാരിക്കുന്ന ആളാണ് അദ്ദേഹം എന്നത് എനിക്കൊരു പുതിയ അറിവായിരുന്നു.

അങ്ങനെ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ പഠനത്തിന്റെ നാളുകള്‍ വിജയകരമായി മുന്നോട്ടു പോയി. മോഹനനും ജയേഷും സംഘത്തില്‍ ചേര്‍ന്നു. നാല്‍വരും ചേര്‍ന്ന് എത്ര കഠിനമായ പ്രശ്നങ്ങളെയും നേരിട്ടു. പ്രഗല്‍ഭരായ അധ്യാപകരുടെ പിന്തുണയും കൂടിയായപ്പോള്‍ ഓരോ ഗണിത സമസ്യകളും ഞങ്ങള്‍ നാല്‍വര്‍ സംഘത്തിനു മുന്‍പില്‍ സുല്ലിട്ടു കൊണ്ടിരുന്നു. അങ്ങനെ ഒന്നാം വര്‍ഷം പരീക്ഷയായി. കംബൈന്‍ഡ് സ്റ്റഡിയുടെ ആദ്യത്തെ ബലപരീക്ഷണം. ധീരമായി തന്നെ ഞങ്ങള്‍ പരീക്ഷയെ നേരിട്ടു. ഒടുവില്‍ ഫലം വന്നപ്പോള്‍ എനിക്ക് ജീവിതത്തില്‍ ആദ്യമായി ഒരു വിഷയത്തിന് നൂറു ശതമാനം മാര്‍ക്ക്! അതും കണക്കിന്!! എനിക്കത് വിശ്വസിക്കാന്‍ കുറച്ചധികം സമയമെടുത്തു. ജയദാസിനോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. അതിനു പറ്റിയ വാക്കുകളൊന്നും ഒരു ഭാഷയിലും ഇത് വരെ ഉണ്ടായിട്ടില്ല. പിന്നെ മനസ്സില്‍ പഠനത്തിനോടുള്ള ആത്മാര്‍ഥത അതൊന്നു മാത്രമായി. അത് മാത്രമായിരുന്നു അവനോടുള്ള നന്ദി പ്രകടനം.

ഇതേ പഠനം രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും ആവര്‍ത്തിച്ചു. അവസാന വര്‍ഷത്തെ ഫലം വന്നപ്പോള്‍ എനിക്കും മോഹനനും ജയദാസിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക്. മാത്രമല്ല എനിക്ക് ക്ലാസില്‍ രണ്ടാം സ്ഥാനവും മോഹനന് നാലാം സ്ഥാനവും. ആരോ ഇതിനെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ അവന്റെ മറുപടി ഇതായിരുന്നു:

"ആര് പറഞ്ഞു എനിക്ക് മാര്‍ക്ക് കുറഞ്ഞെന്ന്. എനിക്ക് പ്രീ-ഡിഗ്രിക്ക് കിട്ടിയതിനേക്കാള്‍ കൂടുതല്‍ തന്നെയാണ് ഡിഗ്രിക്ക് കിട്ടിയത്. ഞാന്‍ പ്രീ-ഡിഗ്രിക്ക് പഠിച്ച അതേപോലെ പഠിച്ചു, അവര്‍ അതിനെക്കാള്‍ കൂടുതല്‍ നന്നായി പഠിച്ചു അതുകൊണ്ട് കൂടുതല്‍ മാര്‍ക്കും കിട്ടി. അതിലെന്താ ഇത്ര പുതുമ?"

ഇത്തരം ഒരു മറുപടി ഇത്രയും ലാഘവത്തോടെ പറയാന്‍ ഒരു ആത്മാര്‍ത്ഥ സുഹൃത്തിന് മാത്രമേ സാധിക്കൂ. അതിനു ശേഷം പലയിടങ്ങളിലും സൗഹൃദദിനത്തിനോടനുബന്ധിച്ചു ഒരു സുഹൃത്തിനെക്കുറിച്ച് പറയാന്‍ പറഞ്ഞാല്‍ എനിക്ക് രണ്ടാമതാലോചിക്കേണ്ടി വരാറില്ല. അന്ന് അവനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ! അവനെന്നോട് അത് ചോദിച്ചില്ലായിരുന്നെങ്കിൽ! അറിയില്ല, ഞാന്‍ എന്താകുമായിരുന്നെന്ന്. പഠിക്കുന്ന കാലത്തു തന്നെ അധ്യാപക ജോലി ആഗ്രഹിച്ചിരുന്ന ജയദാസ് ഇപ്പോള്‍ വാണിയംകുളം TRKHSS-ല്‍ ഗണിതശാസ്ത്ര അധ്യാപകനായി ജോലി ചെയ്യുന്നു. അത് അവിടെ പഠിക്കാനെത്തുന്ന കുട്ടികളുടെ സുകൃതം എന്ന് എനിക്ക് നിസ്സംശയം പറയാം.

Saturday 4 August 2012

കളഞ്ഞു കിട്ടിയ മാര്‍ക്ക്‌ ലിസ്റ്റ്!!

ഒന്നാം വര്‍ഷം ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജിലും രണ്ടാം വര്‍ഷം പട്ടാമ്പി സംസ്കൃത കോളേജിലുമായി പ്രീ-ഡിഗ്രി പഠിച്ചതിന്റെ (പഠിച്ചോ?, ആര്?) ഫലം ഇന്നറിയാന്‍ പോവുകയാണ്. കടന്നു കൂടും എന്ന പ്രതീക്ഷ തീരെയില്ല. പത്താം ക്ലാസ്സില്‍ ഇംഗ്ലീഷിനോടും സയന്‍സ് വിഷയങ്ങളോടും പെറ്റമ്മനയവും, മറ്റു വിഷയങ്ങളോട് ചിറ്റമ്മനയവും പുലര്‍ത്തിപ്പോന്ന എനിക്ക് 'പെറ്റമ്മ' തന്നെ പണി തന്നു. ഒന്നാം വര്‍ഷം രസതന്ത്രത്തില്‍ തോറ്റു. അതുകൊണ്ട് തന്നെ രണ്ടാം വര്‍ഷം കടക്കാന്‍ പ്രയാസം ഏറെയാണ്‌. എന്നാല്‍ അതിനായി വിയര്‍ക്കാനൊന്നും ഞാന്‍ കാര്യമായി മിനക്കെട്ടിട്ടുമില്ല. പിന്നെന്ത് പ്രതീക്ഷിക്കാന്‍!

രാവിലെ തന്നെ കുളിച്ചു തൊഴുത്‌ പട്ടാമ്പി കോളേജിലേക്ക് യാത്രയായി. കൂടെ ഒന്നാം വര്‍ഷം പ്രീ-ഡിഗ്രിക്ക് അതേ കോളേജില്‍ പഠിക്കുന്ന എന്റെ അയല്‍ക്കാരന്‍ ശബരിയും. എങ്ങാനും ബോധക്ഷയം ഉണ്ടായാല്‍ തടിയനായ എന്നെ താങ്ങാനൊന്നും കൃശഗാത്രനായ അവനെക്കൊണ്ട്‌ പറ്റില്ലെങ്കിലും ആളെ കൂട്ടി എന്നെ വീട്ടിലെത്തിക്കാന്‍ ഒരുപക്ഷെ അവനെക്കൊണ്ട്‌ ആയേക്കും. അതിനാണ് അവനെ കൂട്ടിയത്. ഇനി ഡിഗ്രി പഠനം എവിടെ വേണം എന്നതിനെക്കുറിച്ചായിരുന്നു ബസ്സിലിരുന്ന് ഞങ്ങളുടെ ചര്‍ച്ച. എനിക്കൊരു പ്രതീക്ഷയുമില്ലെങ്കിലും, പത്താം ക്ലാസ് ഫസ്റ്റ് ക്ലാസ്സോടെ പാസ്സായ എന്നില്‍ അവനു നല്ല വിശ്വാസമുണ്ടായിരുന്നു. അതുകഴിഞ്ഞ രണ്ടു കൊല്ലം ഞാന്‍ ഉഴപ്പിയതൊന്നും അവനറിയില്ലല്ലോ. എനിക്കാണെങ്കില്‍ ആകെ ഒരു പുകപടലമായിരുന്നു മനസ്സില്‍ എങ്കിലും അവന്റെ മുന്നില്‍ അതൊന്നും പുറത്തെടുത്തില്ല.

അങ്ങനെ ഞങ്ങള്‍ കൂറ്റനാടെത്തി. തീര്‍ത്തും അക്ഷമനായിരുന്ന ഞാന്‍ അവനെയും പിടിച്ചിറക്കി. ഒരു മാതൃഭൂമി പേപ്പര്‍ വാങ്ങി, ഫലം നോക്കാന്‍.. പട്ടാമ്പി കോളേജിന്റെയും ചിറ്റൂര്‍ കോളേജിന്റെയും ജയിച്ചവരുടെ ലിസ്റ്റ് അരിച്ചു പെറുക്കി. എന്റെ നമ്പര്‍ കാണാനില്ല. ഈ വിവരവും കൊണ്ട് ഇനി വീട്ടിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. കണ്ണീര്‍ ഗ്രന്ഥികള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞുവെങ്കിലും ശബരി കൂടെയുണ്ടെന്ന ചിന്ത അവയില്‍ അണ കെട്ടി പുറത്തേക്കൊഴുകാതെ നോക്കി. എങ്കിലും എന്റെ ശബ്ദം തീരെ പിന്തുണക്കുന്നുണ്ടായിരുന്നില്ല.

"ഏതായാലും ഇതുവരെ വന്നതല്ലേ, കോളേജില്‍ പോയോക്കാം. ജയിച്ചിട്ട്ണ്ടാകും, ഒറപ്പാ" അങ്ങനെ എന്തൊക്കെയോ അവന്‍ എന്നെ ആശ്വസിപ്പിക്കാന്‍ പറയുന്നുണ്ടായിരുന്നെങ്കിലും ഞാന്‍ ഒന്നും വ്യക്തമായി കേള്‍ക്കുന്നുണ്ടായിരുന്നില്ല.

അവിടെ നിന്നും പട്ടാമ്പിയിലെക്കുള്ള ബസ്സില്‍ പോകുമ്പോള്‍ എന്റെ മനസ്സില്‍ ഡിഗ്രി പഠനത്തിനുള്ള കോളേജിന്റെ ലിസ്റ്റ് മാഞ്ഞ് അവിടെ പെരുമ്പിലാവെന്നും വാണിയംകുളമെന്നും തെളിഞ്ഞു വന്നു. ഏറ്റവും അടുത്തുള്ള രണ്ടു കാലിച്ചന്തകള്‍!! അതെ! ഇനി അതേ വഴിയുള്ളൂ. അവിടെ അഡ്മിഷന്‍ കിട്ടാതിരിക്കില്ല!! പാടത്ത് പണിയെടുക്കുന്നവര്‍ക്ക് ചായ കൊണ്ട് കൊടുക്കുമ്പോള്‍ അവര്‍ ചായ കുടിക്കുന്ന സമയത്ത് പോത്തിനെക്കൊണ്ട് നിലമുഴാറുണ്ടായിരുന്നത് വെറുതെ ആയില്ല. ഒന്ന് ചെത്തി മിനുക്കി എടുത്താല്‍ ഒരു കഷകശ്രീ ആകാം. എന്റെ ചിന്തകള്‍ പോയിരുന്നത് ആ വഴിക്കാണ്.

അങ്ങനെ കോളേജില്‍ എത്തി. കൂട്ടുകാരെല്ലാം വളരെ സന്തോഷത്തിലാണ്. കണ്ടു മുട്ടുന്നവരില്‍ ആരും തോറ്റിട്ടില്ല. ഗേറ്റ് കടക്കുമ്പോള്‍ ആരെ ഞാന്‍ കാണരുതെന്ന് ആഗ്രഹിച്ചുവോ അയാളെ തന്നെ കണ്ടു, രതിയെ. തെറ്റിദ്ധരിക്കല്ലേ, എന്റെ വല്യച്ഛന്റെ മോളാണ്. അതേ കോളേജിലാണ് പഠിച്ചിരുന്നത്. അവളുടെ മുഖത്തെ സന്തോഷം കണ്ടാലറിയാം സെക്കന്റ്‌ ക്ലാസോ അതിനു മുകളിലോ ആണെന്ന്. എങ്കിലും ഞാന്‍ ചോദിച്ചു.

"എങ്ങിനെണ്ട്?"

"ഇക്ക് സെക്കന്റ്‌ ക്ലാസ്ണ്ട്‌, അണക്കോ?"

"ഇന്റെ നമ്പര്‍ പേപ്പറില്‍ കാണാല്യാ! ഇനി മാര്‍ക്ക്‌ ലിസ്റ്റ് കിട്ട്യാലേ പറയാന്‍ പറ്റൂ" ആദ്യം പറയാന്‍ വന്നത് "ഞാന്‍ തോറ്റമ്പി!" എന്നാണെങ്കിലും വിഷമത്തോടെ പറഞ്ഞത് അങ്ങിനെയാണ്. പിന്നീടായാലും അവള്‍ അറിയാന്‍ പോകുന്ന കാര്യമല്ലേ. മറച്ചു വച്ചിട്ട് കാര്യമൊന്നും ഇല്ല. എങ്കിലും കുറച്ചു നീട്ടി വക്കാലോ.

"യ്യോ! അങന്യാണോ! ഹേയ് നീയൊന്നും തോല്‍ക്കാന്‍ വഴീല്യ, പോയ്‌ മാര്‍ക്ക്‌ ലിസ്റ്റ് വാങ്ങ്യോക്ക്. ഇനിക്കും മാര്‍ക്ക്‌ ലിസ്റ്റ് കിട്ടീട്ടില്ല." പത്താം ക്ലാസ്സില്‍ അവളെക്കാള്‍ മാര്‍ക്ക്‌ വാങ്ങിയ എന്നില്‍ അവള്‍ക്കും എന്നേക്കാള്‍ പ്രതീക്ഷ!!

"ശരി. ന്നാ. പോയോക്കട്ടെ." എന്നും പറഞ്ഞു ഞാന്‍ നടന്നു നീങ്ങി.

മാര്‍ക്ക്‌ ലിസ്റ്റ് വാങ്ങാനുള്ള വരിയില്‍ നില്‍ക്കുമ്പോള്‍ ദുഃഖഭാരം താങ്ങാന്‍ എന്റെ കാലുകള്‍ നന്നേ വിഷമിച്ചു. ഒടുവില്‍ എന്റെ ഊഴമായി. വിറകൈകളോടെ മാര്‍ക്ക്‌ ലിസ്റ്റ് വാങ്ങി. ആദ്യം നോക്കിയത് ടോട്ടല്‍ മാര്‍ക്ക്‌ ആണ്. അത് 900 ത്തില്‍ 454. എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ശബരിയും വായിച്ചു ഉറപ്പു വരുത്തി. പിന്നെ ഓരോ വിഷയത്തിന്റെയും മാര്‍ക്ക് നോക്കി. എല്ലാം കടന്നിരിക്കുന്നു. കഷ്ടിച്ചൊരു സെക്കന്റ്‌ ക്ലാസും ഉണ്ട്. മാതൃഭുമിയെ ശപിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല, എങ്കിലും ഒന്ന് കൂടി തുറന്ന് നോക്കി. അപ്പോള്‍ അതാ കിടക്കുന്നു എല്ലാ നമ്പരിന്റെയും താഴെ എന്റെ നമ്പര്‍!. ഒന്നാം വര്‍ഷം ചിറ്റൂര്‍ കോളേജില്‍ ആയതുകൊണ്ട് പട്ടാമ്പി കോളേജിന്റെ സീരിയലില്‍ ആയിരുന്നില്ല എന്റെ നമ്പർ. അതുകൊണ്ട് അവര്‍ അത് തനിയെ താഴെ കൊടുത്തതായിരുന്നു. അത് കണ്ട് ശബരി എന്തോ പറയുന്നുണ്ടായിരുന്നു.

"ഞാനപ്ലും പറഞ്ഞില്യേ, തോല്‍ക്ക്വൊന്നൂല്യാന്ന്?" അവന്‍ പറഞ്ഞത് ഏതാണ്ടിതായിരിക്കണം.
പോകുന്ന വഴി വീണ്ടും രതിയെ കണ്ടു സന്തോഷ വാര്‍ത്ത അറിയിച്ചു. ആശംസകള്‍ കൈമാറി, കൂടെ വല്യച്ചനെയുമെല്ലാം അന്വേഷിച്ചതായും പറയാന്‍ പറഞ്ഞു അവിടെ നിന്നും യാത്രയായി. നേരെ പോയത് ട്യൂഷന്‍ പഠിച്ചിരുന്ന ഗൈഡന്‍സിലെക്കാണ്. മാര്‍ക്ക്‌ ലിസ്റ്റ് എല്ലാവരെയും കാണിച്ചു മാഷുമ്മാരുടെയെല്ലാം അനുഗ്രഹവും കൂട്ടുകാരുടെയെല്ലാം അഭിനന്ദനങ്ങളും വാങ്ങി വീട്ടിലേക്ക് യാത്രയായി. ആ ദിവസം വീട്ടിലെത്തും വരെ ഞാന്‍ ഏറ്റവുമധികം കേട്ടതും പറഞ്ഞതും "കണ്ഗ്രാജുലേഷന്‍സ് " എന്ന വാക്കായിരിക്കും.

ബസ്സിറങ്ങി കുറച്ചു ദൂരം നടക്കണം എന്റെ വീട്ടിലേക്ക്. വഴിയില്‍ തന്നെയാണ് വല്യമ്മയുടെ വീട്. അവിടെ കയറി എല്ലാവരോടും സന്തോഷപൂര്‍വ്വം റിസള്‍ട്ട് പറഞ്ഞു. അവര്‍ മാര്‍ക്ക്‌ ലിസ്റ്റ് ചോദിച്ചപ്പോഴാണ് ആ ഞെട്ടിക്കുന്ന വിവരം ഞാന്‍ മനസ്സിലാക്കിയത്‌. കൊണ്ട് പോയ പുസ്തകത്തിനുള്ളില്‍ മാര്‍ക്ക്‌ ലിസ്റ്റ് ഇല്ല! ഓരോ പേജും മറിച്ചു നോക്കി. ഇല്ല! അത് നഷ്ടപ്പെട്ടിരിക്കുന്നു.

വന്ന വഴി ബസ്സ്‌ സ്റ്റോപ്പ്‌ വരെ എല്ലായിടത്തും അരിച്ചു പെറുക്കി, കാണാനില്ല!! പിന്നെ ഞാന്‍ കൂടുതല്‍ കേട്ട വാക്ക് "ശ്രദ്ധയില്ലാത്തവൻ" എന്നായിരുന്നു. എന്നോട് ഏറെ സ്നേഹമുള്ള ഒരമ്മായി അമ്പലത്തില്‍ എന്തോ വഴിപാട്‌ പോലും നേര്‍ന്നു അത് കിട്ടാൻ. എന്തിനും എന്നെ സഹായിക്കുന്ന, ഏതിനും ഞാന്‍ ഉപദേശം തേടി ചെല്ലുന്ന, അപ്പുമ്മാവന്‍ മാത്രം അപ്പോഴും എന്നെ ആശ്വസിപ്പിച്ചു. അമ്മാവന്‍ തന്നെ യൂണിവേഴ്സിറ്റിയില്‍ നിന്നും മാര്‍ക്ക്‌ ലിസ്റ്റിന്റെ പകര്‍പ്പ് കിട്ടാനുള്ള വഴി അന്വേഷിച്ചു, അതിന്റെ അപേക്ഷയും സംഘടിപ്പിച്ചു. അങ്ങനെ അത് പൂരിപ്പിക്കാനൊരുങ്ങുമ്പോഴാണ് പോസ്റ്റുമാന്റെ ബെല്ലടി. ഒരു കാര്‍ഡുണ്ട്. അതിന്റെ ഉള്ളടക്കം ഏതാണ്ടിതായിരുന്നു:

"അരുൺ,
താങ്കളുടെ പ്രീ-ഡിഗ്രി മാര്‍ക്ക്‌ ലിസ്റ്റ് എന്റെതാണെന്ന് കരുതി ഞാന്‍ കൊണ്ട് പോയി. ഇന്ന് ഞാനത് ഗൈഡന്‍സില്‍ എത്തിച്ചിട്ടുണ്ട്. സൗകര്യം പോലെ വന്നു വാങ്ങിക്കൊള്ളുക. അബദ്ധം പറ്റിയതില്‍ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ.
സുരേഷ്.

ദേഷ്യമാണോ സന്തോഷമാണോ അപ്പോള്‍ വന്നത് എന്നറിയില്ല. മാര്‍ക്ക്‌ ലിസ്റ്റ് പലര്‍ കൈമാറി പരിശോധിച്ചുകൊണ്ടിരുന്നപ്പോള്‍ പറ്റിയതായിരിക്കാം ആ അബദ്ധം. ഞാനും അത് ശ്രദ്ധിച്ചില്ല. കൈയിലിരുന്ന പുസ്തകത്തിനകത്ത് വച്ചുവെന്ന ഉറച്ച വിശ്വാസത്തോടെയാണ് ഞാനും അവിടെ നിന്നും പോന്നത്. എന്തായാലും കിട്ടിയല്ലോ, ഭാഗ്യം. അമ്മായിയുടെ വഴിപാടു ഫലിച്ചു. പിറ്റേന്ന് തന്നെ ഗൈഡന്‍സില്‍ ചെന്ന് അനുഗ്രഹിച്ചവരില്‍ നിന്നെല്ലാം ശകാരവും ഉപദേശവും വയറു നിറച്ചു വാങ്ങി മാര്‍ക്ക്‌ ലിസ്റ്റും കൊണ്ട് തിരിച്ചു പോന്നു.

Friday 3 August 2012

ഞാന്‍ ബിസിയാ!

ഇല്ലാത്ത തിരക്കഭിനയിക്കുന്നവരെ കാണാന്‍ നല്ല രസമാ, അല്ലെ? ആകെയൊരു ഇരിക്കപ്പൊറുതിയില്ലാത്ത സ്വഭാവം. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. ഫലപ്രദമായ ഒന്നുമായിരിക്കില്ല ചെയ്യുന്നത് എന്ന് മാത്രം. ചിലര്‍ പോകുന്നത് കണ്ടാല്‍ നടക്കുകയാണോ ഓടുകയാണോ എന്ന് തിരിച്ചറിയാന്‍ തന്നെ പ്രയാസമാണ്. ഇത്രേം ധൃതിയില്‍ അവരെന്തു മലമറിക്കാനാ പോകുന്നത് എന്ന് ഞാന്‍ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട്. ആദ്യമായി ഈ രസം അനുഭവിച്ചത് കോളേജില്‍ പഠിക്കുന്ന കാലത്ത് എന്റെ ഒരു സുഹൃത്തിനെ നിരീക്ഷിച്ചപ്പോഴാണ്.

അവന്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ എത്തിയാല്‍ ബസ്സുകള്‍ അകത്തേക്ക് പ്രവേശിക്കുന്ന വഴിയില്‍ തന്നെ നില്‍ക്കും. എന്നിട്ട് വാച്ചിലും വരുന്ന ഓരോ ബസ്സിനെയും മാറി മാറി നോക്കും. തനിക്കുള്ള ബസ്സ് വന്നാല്‍ നിറുത്തുന്നതിന് മുന്‍പ് തന്നെ അതില്‍ ചാടിക്കയറി ഇറങ്ങുന്ന യാത്രക്കാരുടെ മുഴുവന്‍ തെറിയും ഇരന്നു വാങ്ങും. എന്നാലും വിടില്ല, നൂണ്ട് നുഴഞ്ഞു ഏതെങ്കിലും സീറ്റില്‍ കയറി ഇരിക്കും. എന്നിട്ടോ, പോകാന്‍ നേരത്ത് സീറ്റില്‍ ഇരുന്നതിനു കണ്ടക്ടറുടെ വായിലിരുന്നതെല്ലാം സന്തോഷപൂര്‍വ്വം സ്വീകരിച്ച് സീറ്റ്‌ ഏതെങ്കിലും ഫുള്‍ ടിക്കറ്റ്‌കാരന് ഒഴിഞ്ഞു കൊടുക്കും.

കഴിഞ്ഞില്ല!! തിരിച്ചു പോകുമ്പോഴും ആശാന്‍ ബിസിയാണ്. ബസ് സ്റ്റോപ്പിനടുത്തുള്ള ഒരു കടയുടെ പിന്നില്‍ സൈക്കിള്‍ വച്ചിട്ടാണ് ഞങ്ങളുടെ കോളേജ് യാത്ര. ബസ്സില്‍ നിന്നും ബദ്ധപ്പെട്ട് ഇറങ്ങി, "ഡാ, നാളെ കാണാട്രാ" എന്നും പറഞ്ഞ്, ഓടിപ്പോയി സൈക്കിളും എടുത്തു പരമാവധി വേഗത്തില്‍ ഒരു പോക്കു പോകും. വീട്ടില്‍ പോയിട്ട് എന്താണിവന് ഇത്രയ്ക്കു വല്യ പണി എന്നറിയാന്‍ ഒരു ദിവസം ഞാന്‍ അവന്റെ പിന്നാലെ പിടിച്ചു. അവന്‍ എത്തിയിട്ടും കുറെ കഴിഞ്ഞാണ് ഞാനവിടെ എത്തിയത്. നോക്കിയപ്പോ, അവനതാ വിയര്‍ത്തു കുളിച്ചു കോലായില്‍ മലര്‍ന്നു കിടന്നു കിതക്കുന്നു. ഒരു ടേബിള്‍ ഫാനും അടുത്തുണ്ട്. ഇതിന്റെയൊക്കെ വല്ല കാര്യോമുണ്ടോ?

ഇനി വേറെ ചില കൂട്ടരുണ്ട്. എന്തെങ്കിലും ജോലി വരുന്നുണ്ടെന്നറിഞ്ഞാല്‍ ഉടനെയങ്ങ് ബിസിയാകും. ജോലി വരുന്നത് മണത്തറിയാനുള്ള ഇവരുടെ കഴിവും സമ്മതിക്കണം. സര്‍ക്കാരാപ്പീസുകളില്‍ ഇക്കൂട്ടരെ കൂട്ടമായി കാണാം. ദൂരേന്നു തല കണ്ടാല്‍ തന്നെ അവര്‍ ജോലിയിലാണ്ടുപോകും. എന്തൊരു ശുഷ്കാന്തി! ഏകാഗ്രത കൊണ്ട് നമ്മള്‍ വന്നു മുന്നില്‍ നിന്നാല്‍പ്പോലും അറിയില്ല. ഇനി ചിക്കിച്ചുമച്ച് ശ്രദ്ധ ക്ഷണിച്ച് എന്തെങ്കിലും പറയാന്‍ തുടങ്ങിയാലോ, ആദ്യത്തെ വാക്കില്‍ നിന്നും തന്നെ അവര്‍ എല്ലാം മനസ്സിലാക്കി നമ്മെ 'ശരി'യായ ആളുടെ അടുത്തേക്ക് പറഞ്ഞു വിട്ടിരിക്കും. മിക്കവാറും ഒരു കറക്കം കഴിഞ്ഞു നമ്മള്‍ ആദ്യം കണ്ടയാളുടെ അടുത്ത് തന്നെ വീണ്ടും എത്തുമെന്ന് മാത്രം. സമയത്തിന്റെ വില നന്നായി അറിയാവുന്ന ഇക്കൂട്ടര്‍ വൈകിട്ട് ഒരു നിമിഷം പോലും വൈകാതെ ഓഫീസില്‍ നിന്നും ഇറങ്ങാനും പ്രത്യേകം ശ്രദ്ധിക്കും. വീട്ടില്‍ പോയാലും ഇവര്‍ വളരെ ബിസിയാണേ!!

ഇതിലും ബിസി ആയവരാണ് യാത്രക്കാർ. പ്രത്യേകിച്ച് ട്രെയിന്‍ യാത്രക്കാർ. അവര്‍ പോകുന്നത് കണ്ടാല്‍ തോന്നും അവരുടെയെല്ലാം ആരോ മരിക്കാന്‍ കിടക്കുന്നെടത്തേക്ക് വായു ഗുളികയുമായി പോകുകയാണെന്ന്. ടിക്കെറ്റിന് ക്യു നില്‍ക്കുന്നിടത്തു നിന്നും തുടങ്ങുന്ന അവരുടെ അക്ഷമ ക്യുവിനെ എസ് രൂപത്തിലാക്കുന്നു. കൌണ്ടറിനോടടുക്കുമ്പോള്‍ വരിയുടെ വണ്ണം കൂടുന്നു. ചിലര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച് തെറിയഭിഷേകം ഏറ്റുവാങ്ങുന്നു. ഇനി ടിക്കെറ്റ് എടുത്തു പ്ലാട്ഫോമില്‍ ചെന്നാലോ, എല്ലാവര്‍ക്കും മുന്‍പേ കയറണം. അതിനായി ഇറങ്ങുന്നവരെ നേരെ ചൊവ്വേ ഇറങ്ങാന്‍ പോലും സമ്മതിക്കില്ല. ഏറ്റവും അവസാനം ഇറങ്ങുന്നവന്റെ എല്ലൊടിഞ്ഞില്ലെങ്കില്‍ ഭാഗ്യം. ഇരിക്കാന്‍ സീറ്റൊഴിവോന്നും ഇല്ലെങ്കിലും എന്തിനീ തള്ളിക്കയറ്റം? ആദ്യം കയറിയാല്‍ ആദ്യം എത്തുമോ? ഇനി കയറിയാല്‍ തന്നെ അവര്‍ വാതില്‍ക്കല്‍ തന്നെ നിലയുറപ്പിക്കും, വേഗം ഇറങ്ങാന്‍. പിന്നെ ആര്‍ക്കും സ്വസ്ഥമായി കയറാനോ ഇറങ്ങാനോ കഴിയില്ല. കൈയില്‍ തട്ടി, കാലില്‍ ചവിട്ടി, ബാഗ്‌ തട്ടി തുടങ്ങി പ്രശ്നങ്ങള്‍ വേറെയും. ഇവരെല്ലാം ഇങ്ങനെ തിരക്കുപിടിച്ച് ഓഫീസില്‍ എത്തിയിട്ട് ആദ്യത്തെ ചോദ്യം ചായ വന്നില്ലേ? എന്നതായിരിക്കും.

ഇനിയാണ് കംപ്യുട്ടര്‍ പ്രൊഫഷണല്‍ 'ബിസി'നെസ്സുകാർ. ടീം ലീഡര്‍ മുതല്‍ മുകളിലോട്ടാണ് ഇത്തരം ബിസിനെസ്സുകാര്‍ കൂടുതൽ. അവര്‍ എപ്പോഴും ബിസി ആയിരിക്കും. തല മോണിട്ടറിനുള്ളില്‍ കടത്തി ഇരിക്കുന്നത് കണ്ടാല്‍ ആ കമ്പനി നില്‍ക്കുന്നതേ അവന്റെ/അവളുടെ തലയിലാണെന്ന് തോന്നും. ഇവരുടെ പ്രധാന ഹോബിയാണ് താഴെയുള്ളവരെക്കൊണ്ട് തന്റെ പണികള്‍ ചെയ്യിച്ചെടുക്കൽ. "എനിക്ക് ക്ലയന്റിനൊരു മെയില്‍ അയക്കാനുണ്ട്, ആ റിപ്പോര്‍ട്ടോന്നു ശരിയാക്കി തരാമോ?" എന്ന് ചോദിച്ചാല്‍ ശപിച്ചിട്ടാണെങ്കിലും ആരും ചെയ്തു കൊടുക്കും. ഇല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് വേറെയേതെങ്കിലും തരത്തില്‍ അനുഭവിക്കേണ്ടി വരും. സംശയവും കൊണ്ട് ആരും അടുത്തു വരാതിരിക്കാനുള്ള ഒരു ആവരണം കൂടിയാണ് അവര്‍ക്ക് ഈ 'ബിസി'നെസ്. ഇനി എന്തെങ്കിലും ശരിയായില്ലെങ്കിലോ അപ്പോള്‍ "ഞാന്‍ ഇവിടെ എപ്പോഴും ഉണ്ടായിരുന്നല്ലോ, ഈ സംശയം എന്തുകൊണ്ട് നേരത്തേ ചോദിച്ചില്ല?" എന്നായിരിക്കും.

തിരക്ക് അഭിനയിക്കുന്നവന് ഒരു അവാര്‍ഡ് കൊടുക്കുകയാണെങ്കില്‍ അതിനു ഏറ്റവും അര്‍ഹരായവരാണ് ഡ്രൈവര്‍മാർ. ജൂറി എത് സംസ്ഥാനക്കാരന്‍ ആയാലും അതിനു രണ്ടഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല. ഇവിടെ ചക്രത്തിന്റെ എണ്ണം നോക്കുകയേ വേണ്ട. ഇരുചക്രം മുതല്‍ പത്തോ അതിലധികമോ ചക്രമുണ്ടായാലും ആദ്യം എത്തണം എന്ന് മാത്രമാണ് അവരുടെ ലക്‌ഷ്യം. അതിനു വേണ്ടി നാല് പേരെ ഇടിച്ചിട്ടായാലും കുഴപ്പമില്ല. വഴിയില്‍ കാണുന്ന എല്ലാവരോടും സമരം പ്രഖ്യാപിച്ചിട്ടാണ് അവര്‍ വണ്ടി എടുക്കുന്നത് തന്നെ. ചില ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ റോട്ടില്‍ പോകുന്നത് ചെസ്സിലെ കുതിര പോണ പോലെയാണ്. ആരെങ്കിലും കുറുകെ കടക്കാന്‍ ശ്രമിച്ചാല്‍ അവന്റെ മുന്നില്‍ നിര്‍ത്തിയിട്ടു ചീത്ത വിളിക്കും. അവനു കടക്കാന്‍ രണ്ടു സെക്കന്റേ വേണ്ടി വരൂ. പക്ഷെ രണ്ടു മിനിട്ടെങ്കിലും ചീത്ത പറയാന്‍ എടുക്കും. ഇരുചക്രക്കാര്‍ക്ക് ഇപ്പോള്‍ റോഡരികിലെ നടപ്പാതയും കൂടി സ്വന്തമാണ്. ഇത്രയും ബദ്ധപ്പെട്ടു അഞ്ചോ പത്തോ നിമിഷം ലാഭിക്കുന്നത് എന്തിന് വേണ്ടി? ആര്‍ക്കു വേണ്ടി?

നമുക്ക് ഇത്രയും തിരക്ക് വേണോ? എന്തിനാണീ അലച്ചിൽ? നാം എങ്ങോട്ടാണീ ഓടുന്നത്?ഇത് സമൂഹത്തില്‍ സഹിഷ്ണുത കുറഞ്ഞു വരുന്നതിന്റെയും സ്വാര്‍ത്ഥത കൂടി വരുന്നതിന്റെയും ലക്ഷണമായിട്ടാണ് എനിക്ക് തോന്നുന്നത്. അനാവശ്യ കാര്യങ്ങളില്‍ കാണിക്കുന്ന ഈ വേഗതയും മത്സരബുദ്ധിയും പ്രത്യുല്പാദനപരമായി ഉപയോഗിച്ചിരുന്നെങ്കില്‍ നമ്മുടെ നാട് എന്നോ നന്നായേനെ. വേഗത വേണ്ട എന്നല്ല, വേഗത്തില്‍ ചെയ്യുന്നതിനേക്കാള്‍ എത്രയോ മഹത്തരമല്ലേ വൃത്തിയായും കൃത്യമായും ചെയ്യുന്നത്.