Friday 18 October 2013

കണക്കിലെ കളി


നിങ്ങളുടെ മനസ്സ് വായിക്കാം


ഒരു ചെറിയ സംഖ്യ വിചാരിച്ചോളൂ...






Monday 28 January 2013

കാര്‍ വാങ്ങുമ്പോള്‍


പെട്രോളിന്റെയും ഡീസലിന്റെയും വില കാറോട്ട മത്സരത്തിലെന്നപോലെ കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുന്നു. ഒരു കാറ് വാങ്ങണം എന്ന സാധാരണക്കാരന്റെ മോഹം അതിമാഹം ആയി മാറുന്നു. ഇനി എങ്ങനെയെങ്കിലും കുറച്ചു പണം സ്വരൂപിച്ചു ഒരു കാറ് വാങ്ങിക്കളയാം എന്ന് വിചാരിച്ചാലോ ഓരോ വര്‍ഷവും ഇരുപതോ മുപ്പതോ പുതിയ/പുതുക്കിയ വണ്ടികള്‍ ഷോറൂമുകളില്‍ എന്നെയൊന്നു വാങ്ങൂ എന്നും പറഞ്ഞു നിരന്നു നില്‍ക്കുന്നു. അതും പല വലുപ്പത്തില്‍ വിലകളില്‍ ഇന്ധനക്ഷമതകളില്‍ - എതു വാങ്ങണം? ആകെക്കൂടി ഒരു കണ്‍ഫ്യൂഷൻ!!

ഏറ്റവും കഷ്ടം പെട്രോള്‍ വണ്ടി വാങ്ങണോ അതോ ഡീസല്‍ വണ്ടിയോ എന്ന് തീരുമാനിക്കലായിരുന്നു. ഡീസലിന്റെ വില നിയന്ത്രണം കൂടി എണ്ണക്കമ്പനികളെ എല്‍പ്പിച്ചതുകൊണ്ട് ആ കണ്ഫ്യൂഷന്‍ അങ്ങോട്ട്‌ മാറി - രണ്ടായാലും കണക്കാ!! വല്യപ്പന്‍ ചാകുന്നതിനു മുന്‍പ് തന്റെ സ്വത്തെല്ലാം വീതം വക്കുന്നതുപോലെയല്ലേ നമ്മുടെ സര്‍ക്കാര്‍ എല്ലാം വീതം വച്ചോണ്ടിരിക്കുന്നത്. ഇനി മൂന്നു പുറവും കിടക്കുന്ന കടലുകള്‍ കൂടി ആരെയെങ്കിലും ഏല്‍പ്പിച്ചിട്ട് വേണം കണ്ണടക്കാൻ!!

ഒരു കാര്‍ കമ്പനി തന്നെ പല തരത്തിലുള്ള സുഖസൗകര്യങ്ങള്‍ ഒരുക്കി, മോഹിപ്പിക്കുന്ന വിലയും ഇട്ടു, പല വണ്ടികള്‍ ഒരു ഉപഭോക്താവിന്റെ മുന്‍പില്‍ അവതരിപ്പിച്ചാല്‍ അന്ധാളിച്ചു പോകുകയല്ലാതെ പിന്നെന്തു ചെയ്യും? അപ്പോള്‍ പിന്നെ പല കാര്‍ കമ്പനികള്‍ ഇങ്ങനെ അസംഖ്യം മോഡലുകളുമായി വന്നാലത്തെ കാര്യം പറയാനുണ്ടോ? അതില്‍ നിന്നും ഒരെണ്ണത്തിനെ തിരഞ്ഞെടുക്കുന്നത് തീര്‍ത്തും ക്ലേശകരം തന്നെ.

തന്റെ കാറില്‍ എന്തെല്ലാം സൗകര്യങ്ങളും സംവിധാനങ്ങളും വേണം എന്നത് തികച്ചും വ്യക്തിപരമായ ഒരു തീരുമാനമാണ്. അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. മാത്രമല്ല അവയക്കുറിച്ച് നെടിയതും കുറിയതുമായ വിവരങ്ങള്‍ എല്ലായിടത്തും സുലഭമാണ്. മലയാളത്തില്‍ മാതൃഭൂമിയുടെ എം ബി ഫോര്‍ വീല്‍സ്, മനോരമയുടെ ഫാസ്റ്റ്ട്രാക്ക്, ഓവര്‍ടേക്ക് എന്നീ മാഗസീനുകള്‍ കൂടാതെ ഓട്ടോകാർ, ഓവര്‍ഡ്രൈവ് മുതലായ ഇംഗ്ലീഷ് മാഗസീനുകള്‍ എന്നിവ ഇതെല്ലാം വിശദമായി പ്രതിപാദിക്കുന്നു. പലതരം കാറുകളില്‍ ഉള്ള സംവിധാനങ്ങള്‍ താരതമ്യം ചെയ്യാനുള്ള കാര്‍വാലെ, ഗാഡി തുടങ്ങിയ സൈറ്റുകളും ലഭ്യമാണ്.

എല്ലാവരും പറയുന്നതുപോലെ തന്നെ നമ്മുടെ ആവശ്യം കണക്കിലെടുത്ത് വേണം ഏതു കാര്‍ വാങ്ങണം എന്ന് തീരുമാനിക്കേണ്ടത് എന്നതില്‍ തര്‍ക്കമില്ല. ഇതില്‍ സഞ്ചാരികളുടെ എണ്ണം, പലതരത്തിലുള്ള ഒറ്റത്തവണ-ദൈനംദിന ചിലവുകള്‍ എന്നിവ തന്നെയാണ് ഏറ്റവും പ്രധാനം. അതില്‍ വളരെപ്പെട്ടെന്നു നിഗമനത്തിലെത്താവുന്ന ഒന്നാണ് സഞ്ചാരികളുടെ എണ്ണം. അതിനെക്കുറിച്ച് കൂടുതല്‍ പറയണം എന്ന് തോന്നുന്നില്ല.

സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും മുന്‍ഗണന അനുസരിച്ച് കാറുകളുടെ ഒരു ചുരുക്കപ്പട്ടിക ഉണ്ടാക്കുക എന്നത് തന്നെയാണ് ആദ്യം ചെയ്യേണ്ടത്. അതില്‍ നിന്നും വാങ്ങിയതിനു ശേഷമുള്ള പരിപാലനം, അറ്റകുറ്റ പണികള്‍ മുതലായ ചിലവുകള്‍ കണക്കിലെടുത്ത് ചിലവയെ ഒഴിവാക്കാം. ഇന്ന് കമ്പോളത്തില്‍ ലഭ്യമായ കാറുകളുടെ വൈവിധ്യം കണക്കിലെടുക്കുമ്പോള്‍ ഇതെല്ലാം കഴിഞ്ഞാലും കാണും ഒന്നിലധികം മോഡലുകള്‍ പട്ടികയിൽ. കാറിന്റെ വിലയും ഇന്ധനക്ഷമതയും തുലനം ചെയ്തു ഒരു തീരുമാനത്തില്‍ എത്താം. എന്നാല്‍ കൂടുതല്‍ സൗകര്യങ്ങളുള്ള, താരതമ്യേന കൂടുതല്‍ വിലയുള്ള കാറിനു കുറഞ്ഞ ഇന്ധനക്ഷമതയും, കുറഞ്ഞ സൗകര്യങ്ങളുള്ള വിലകുറഞ്ഞ മോഡലുകള്‍ കൂടിയ ഇന്ധനക്ഷമതയും തരുമ്പോള്‍ തിരഞ്ഞെടുപ്പ് വീണ്ടും കഠിനമാകുന്നു. അതില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലവ്യത്യാസം കൂടി കണക്കിലെടുക്കുമ്പോള്‍ കാര്യങ്ങള്‍ വീണ്ടും കുഴപ്പത്തിലാകുന്നു.

ഇനി നമുക്ക് കാറിന്റെ വിലയും ഇന്ധനക്ഷമതയും മാത്രം കണക്കിലെടുത്ത് ഒരു തരതമ്യ പഠനം നടത്താം. ഇതില്‍ ആദ്യപടി ഒരു മാസം ശരാശരി എത്ര ദൂരം കാറില്‍ സഞ്ചരിക്കേണ്ടി വരും എന്ന് കണക്കാക്കല്‍ ആണ്. ഇതിനു പ്രത്യേകിച്ചൊരു രീതിയും ഇല്ലാത്തതു കൊണ്ട് നമുക്കതിനെ രണ്ടു തരത്തില്‍ സമീപിക്കാം. ദൈനംദിന, ജോലി ആവശ്യങ്ങള്‍ക്കായാണ് കാറ് വാങ്ങുന്നതെങ്കില്‍ ജോലി സ്ഥലത്തേക്കുള്ള ദൂരം കണക്കാക്കി ഈ ശരാശരി കണ്ടുപിടിക്കാമെന്നതാണ് ഒന്ന്. രണ്ടാമത്തേത്, ഒരു നിശ്ചിത ദൂരം ഒരു ലക്ഷ്യമായി നിശ്ചയിക്കുക എന്നതാണ്. ഒരു ഇരുചക്രവാഹനം കൈയിലുള്ളവര്‍ക്ക് ഇത് കണക്കാക്കാന്‍ എളുപ്പമാണ്.

അടുത്തപടി ഒരു മാസത്തേക്ക് വരുന്ന ഇന്ധനച്ചിലവ് കണ്ടുപിടിക്കലാണ്. ഇതിന് മുന്‍പ് കണ്ട ശരാശരി ദൂരത്തെ കാറിന്റെ ഇന്ധനക്ഷമത കൊണ്ട് ഹരിച്ചാല്‍ മതി. അപ്പോള്‍ കിട്ടുന്നത് ഒരു മാസം കത്തിത്തീരുന്ന ഇന്ധനത്തിന്റെ അളവാണ്. അതിനെ ഇന്ധനത്തിന്റെ വില കൊണ്ട് ഗുണിച്ചാല്‍ ഒരു മാസത്തെ ഇന്ധനച്ചിലവ് ആയി. ഇങ്ങനെ ചുരുക്കപ്പട്ടികയിലെ ഓരോ കാറിന്റെയും വിലയും ഇന്ധന ക്ഷമതയും ഉപയോഗിച്ചു കണക്കാക്കി താരതമ്യം ചെയ്യാം. സൗകര്യത്തിനായി രണ്ടു കാറുകളുടെ ചിലവ് താരതമ്യം ചെയ്യാനുള്ള ഒരു ഉപാധി1 താഴെ കൊടുത്തിരിക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന കള്ളികളില്‍ മാസ ശരാശരി, താരതമ്യം ചെയ്യാന്‍ നിങ്ങള്‍ തിരഞ്ഞെടുത്ത വാഹങ്ങളുടെ മോഡൽ, വില, ഇന്ധനക്ഷമത, ഇന്ധനത്തിന്റെ വില എന്നിവ ടൈപ്പ് ചെയ്യുക. അതിനു ശേഷം Compare ബട്ടണില്‍ ക്ലിക്ക് ചെയ്യുക. താങ്കള്‍ കൊടുത്ത വിവരങ്ങള്‍ വിശകലനം ചെയ്ത് ഒരു ചെറിയ വിവരണം താഴെ വരുന്നത് കാണാം. കള്ളികളിലെ വിവരങ്ങള്‍ മാറ്റിയ ശേഷം വീണ്ടും താരതമ്യം ചെയ്യാവുന്നതാണ്.

മാസ ശരാശരി ദൂരം : kms.
കാര്‍ 1 കാര്‍ 2
മോഡല്‍ (Model)
കാറിന്റെ വില (Cost of Car)
ഇന്ധനക്ഷമത (Mileage kmpl)
ഇന്ധനത്തിന്റെ വില (Fuel cost per liter)

അപ്പോള്‍ നിങ്ങള്‍ കാര്‍ വാങ്ങാന്‍ തയ്യാറായില്ലേ? ഒരു കാര്യം കൂടി കണക്കിലെടുക്കണം, ഇതൊരു അപേക്ഷയാണ്. നിങ്ങള്‍ക്ക് ഒരു കാര്‍ ആവശ്യമുണ്ടോ എന്നത് ഒന്നുകൂടി ആലോചിക്കണം. നമ്മുടെ റോഡിലൂടെ ഒഴുകുന്ന വാഹനപ്പെരുപ്പത്തെ കൂടി കണക്കിലെടുത്താണ് ഈ അപേക്ഷ. ഇനി വേണം എന്ന് തന്നെയാണെങ്കില്‍ ഒരു സെക്കന്റ് ഹാന്‍ഡ്‌ കാര്‍ കൊണ്ട് കാര്യം നടക്കുമോ എന്നു കൂടി പരിഗണിക്കാം. കാരണം ഒരു സെക്കന്റ് ഹാന്‍ഡ്‌ കാര്‍ വങ്ങുമ്പോള്‍ നിങ്ങള്‍ പുതിയൊരു കാര്‍ നിരത്തിലിറങ്ങുന്നത് കുറക്കുകയാണ്. അത് വില്‍ക്കുന്നവര്‍ പുതിയ കാര്‍ വാങ്ങാനാണെങ്കില്‍ കൂടി. ഇനി അതും പോര എന്നാണെങ്കില്‍ കഴിയുന്നതും ഇന്ധനക്ഷമത കൂടുതല്‍ ഉള്ള ഒരു കാര്‍ വാങ്ങുക. അതുമൂലം കുറച്ചു ഇന്ധനമെങ്കിലും വരും തലമുറക്ക് കരുതി വക്കാം.

കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കൂടുതല്‍ കാര്യങ്ങള്‍ എന്റെ ഒരു സുഹൃത്തിന്റെ ബ്ലോഗില്‍ കൊടുത്തിരിക്കുന്നത്‌ കൂടി വായിച്ചു നോക്കൂ.

Notes:
1. Currently this tool does not have enough validation rules set. So, you may get inaccurate or erroneous results if you provide invalid or inappropriate inputs.