ആ കൂപ്പിലെ ഏറ്റവും മികച്ച അദ്ധ്വാനി ആയിരുന്നു തുപ്രന്‍. ഭാര്യ സരസുവും അങ്ങനെ തന്നെ. അവര്‍ക്ക് മക്കള്‍ രണ്ട്. മൂത്തവന്‍ അച്യുതന്‍, രണ്ടാമന്‍ മണികണ്ഠന്‍. തുപ്രന്‍ എന്ത് പണിയും ചെയ്യുമെങ്കിലും മരം വെട്ടല്‍ ആണ് പ്രധാന ജോലി. കൂപ്പിലെ തടി വെട്ടി, ഇലകളും ചില്ലകളുമെല്ലാം ആഞ്ഞ്, അളവും വളവും നോക്കി മുറിച്ചെടുത്ത്, ഉരുട്ടി ലോറിയില്‍ കയറ്റുന്നത് വരെ തുപ്രന്‍ മുമ്പിലുണ്ടാകും. എത്ര ചരിവിലായാലും എത്ര ഉയരമായാലും തുപ്രനത് പ്രശ്നമല്ല. തന്റെ കോടാലി പിന്നില്‍ തിരുകി അതിന്മേല്‍ വടവും ചുറ്റിയിട്ട് തുപ്രന്‍ കയറിയാല്‍ മരത്തിനു പോലും അറിയാം തന്നെ കണി വച്ചു കഴിഞ്ഞെന്ന്. വൈകുന്നേരം ചെറുതായി ഒന്ന് മിനുങ്ങും എന്നതൊഴിച്ചാല്‍ അല്ലലില്ലാത്ത ജീവിതമായിരുന്നു തുപ്രന്റേത്.
ഒരു ദിവസം ഒരു പ്ലാവ് വെട്ടാന്‍ കയറിയപ്പോഴാണ് ആ അപകടം ഉണ്ടായത്. കുറച്ചു കയറിയപ്പോള്‍ ഒരു കുരലില്‍ ആയി ചെറിയൊരു തേനീച്ചക്കൂട് ഉണ്ടായിരുന്നത് തുപ്രന്‍ അറിഞ്ഞില്ല. കൈ വച്ചതും തേനീച്ചകള്‍ ഒന്നിച്ചാക്രമിച്ചതും ഞൊടിയിടയിലായിരുന്നു. കൈ വിട്ടു മുഖം പൊത്തിയത് മാത്രമേ തുപ്രന് ഓര്‍മയുള്ളൂ. പിന്നെ ഓര്‍മ വരുമ്പോള്‍ അയാള്‍ വീട്ടിലെ കട്ടിലില്‍ കിടക്കുകയാണ്. വൈദ്യര്‍ എന്തെല്ലാമോ തൈലങ്ങളും കുഴമ്പുകളും പുരട്ടി പുറത്തു ഉഴിയുന്നു. ബോധം വന്നപ്പോള്‍ തുപ്രന് വേദന അറിഞ്ഞു തുടങ്ങി. വേദന സഹിക്ക വയ്യാതായപ്പോള്‍ അയാള്‍ വാവിട്ടു കരഞ്ഞു. കുറച്ചു ദിവസത്തേക്കു കൂടിയുള്ള മരുന്നുകള്‍ കൊടുത്ത് പ്രതിഫലവും വാങ്ങി വൈദ്യര്‍ പോയി. നട്ടെല്ലിനു സാരമായ ക്ഷതമേറ്റ അയാള്‍ ഇനി എഴുന്നേറ്റു നടക്കണമെങ്കില്‍ എന്തെങ്കിലും അദ്ഭുതം സംഭവിക്കണം എന്ന് വൈദ്യര്‍ പറയുമ്പോള്‍ തുപ്രന് ബോധം വന്നിട്ടില്ലായിരുന്നു.
"സരസു ചേടത്തിയേ, തുപ്രന്‍ ചേട്ടന് ഇപ്പം എങ്ങനുണ്ട്?" വേലിക്കല്‍ നിന്ന് മറിയ നീട്ടി ചോദിച്ചു. മറിയ സരസുവിന്റെ കൂടെ ഏലം ഫാക്ടറിയില്‍ പണിയെടുക്കുന്നവരാണ്.
"ഓ! എന്നാ പറയാനാന്റെ മറിയേ, ഒരു സുഖവും ഇല്ലെന്നേ. രാത്രി മുഴുവന്‍ വേദന കൊണ്ട് കാറുവായിരുന്നു. അച്ചുവെ വൈദ്യരുടെ അടുക്കലോട്ടു പറഞ്ഞു വിട്ടിട്ടൊണ്ട്. തൈലമെല്ലാം തേച്ച് ചൂട് പിടിച്ചാല്‍ ഇച്ചിരി ആശ്വാസം കിട്ടും."
"എടി മറിയേ, നിന്റെ കൈയീ പണം വല്ലോം മിച്ചം ഇരിപ്പുണ്ടോടീ? ഒള്ളതെല്ലാം നുള്ളിപ്പെറുക്കിയാ തൈലം വാങ്ങാന്‍ വിട്ടത്. ഇപ്പം അരി വാങ്ങാന്‍ നോക്കുമ്പം കാശില്ല!"
"അയ്യോ ചേടത്തീ. എന്റെ കൈയീ കാശോന്നും ഇരിപ്പില്ലെന്നേ. എന്നാലും ചേടത്തി ചോദിച്ചതല്ലേ. കൊറച്ചു റേഷനരി ഇരിപ്പോണ്ട്. അതീന്നു ശകലം തന്നേക്കാം."
"മതി മതി. വല്യ ഉപകാരം. അച്ചു വന്നാലുടന്‍ അങ്ങോട്ട് അയച്ചേക്കാം."
എല്ലുമുറിയെ പണിയെടുത്തിട്ടും തന്റെ കുട്ടികളുടെ അരവയര്‍ നിറക്കാന്‍ കഴിയുന്നില്ലല്ലോ!! സരസുവിന്റെ കണ്ണ് നിറഞ്ഞു. നാളുകള്‍ പോകുന്തോറും അവര്‍ കൂടുതല്‍ പേര്‍ക്ക് കടപ്പെട്ടു കൊണ്ടിരുന്നു. സരസുവിന്റെ വരുമാനം മരുന്നിനും ഭക്ഷണത്തിനും തികയാതെ വന്നു. ദാരിദ്ര്യം വീട്ടില്‍ നിന്നും ഇറങ്ങിപ്പോരാന്‍ പ്രേരിപ്പിക്കുമ്പോള്‍ അച്ചുവിന് പ്രായം പത്ത് വയസ്സ്. അവിടെത്തന്നെ എന്തെങ്കിലും പണിയെടുത്തു വീട് പുലര്‍ത്താം എന്നതിനേക്കാള്‍ അമ്മയുടെ വരുമാനം കൊണ്ടു നിറക്കേണ്ട വയറുകളിലൊന്ന് കുറയുന്നതാണ് കൂടുതല്‍ പ്രായോഗികം എന്ന് അവനു തോന്നി. അല്ലാതെ ആ മലമ്പ്രദേശത്ത് അവനെന്ത് ജോലി കിട്ടാന്‍?
ആരേയും അറിയിക്കാതെ സ്കൂളിലെക്കെന്ന പോലെ വീട്ടില്‍ നിന്നും ഇറങ്ങി അവന്‍ തന്റെ അലക്‌ഷ്യമായ യാത്ര തുടങ്ങി. ആകെയുള്ള രണ്ടു ജോഡി ഉടുപ്പ് പൊതിഞ്ഞെടുക്കാന്‍ അവന്റെ പുസ്തക സഞ്ചി തന്നെ ധാരാളം. വളഞ്ഞു പുളഞ്ഞു കുത്തനെ കയറിയും ഇറങ്ങിയും പോകുന്ന വഴികളിലൂടെ അവന്‍ നടന്നു നീങ്ങി. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. രാവിലെ മുതല്‍ പച്ചവെള്ളമല്ലാതെ ഒന്നും കഴിച്ചിട്ടില്ല. അവന്‍ നടത്തം തുടര്‍ന്നു. ഇരുട്ടിനു കനം കൂടിക്കൂടി കണ്ണില്‍ കുത്തിയാല്‍ അറിയാത്ത അവസ്ഥയിലായി. പോരാത്തതിനു ചെറിയ ചാറ്റല്‍ മഴയും. ഇനി അടുത്ത് കാണുന്ന എതെങ്കിലും കടത്തിണ്ണയില്‍ രാത്രി കഴിച്ചുകൂട്ടി രാവിലെ യാത്ര തുടരാമെന്ന് അവന്‍ നിശ്ചയിച്ചു. ഒരു വളവിനടുത്ത് മൂത്രശങ്ക തീര്‍ക്കാനായി അവന്‍ നിന്നു. ഇരുട്ടില്‍ മൂത്രം എന്തോ തകരപ്പലകയുടെ മേല്‍ വീഴുന്നതിന്റെ ശബ്ദം അവന്‍ ആസ്വദിച്ചു. ഒഴിച്ച് കഴിഞ്ഞതും അടുത്തുള്ള കുറ്റിക്കാട്ടിലെ നിന്നും ഒരു ശബ്ദം, കൂടെ ഒരു നീല വെളിച്ചവും.
"ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാർ..." ഒരു കൊച്ചു കുഞ്ഞിന്റെ സ്വരത്തിലുള്ള നഴ്സറി ഗാനം. മൊബൈല്‍ ഫോണിലേക്ക് വിളി വന്നതാണ്..
അവന്‍ ഭയന്നു പിറകോട്ടു മാറി. ആ വെളിച്ചത്തില്‍ അവന്‍ മൂത്രമൊഴിച്ച തകരപ്പാട്ട ഒരു ടാറ്റാ എസ്റ്റേറ്റ് വണ്ടിയുടെ പിന്‍ ഭാഗമായിരുന്നെന്നു മനസ്സിലായി. അവന്‍ പതിയെ ഡ്രൈവറുടെ കാബിനിലേക്ക് നോക്കി. ഒരാള്‍ തല സ്ടിയറിംഗ് വീലില്‍ കുനിച്ചിരിക്കുന്നു. ബോധമില്ല!! അവന്‍ റോട്ടിലേക്ക് കയറി ഒച്ച വച്ച് ഒരു വണ്ടി നിര്‍ത്തിച്ചു. അതിലുള്ളവരും അവനും കൂടി അയാളെ ആശുപത്രിയിലാക്കി.
ആശുപത്രിയില്‍ എത്തിച്ചവരില്‍ ഒരാള്‍ അയാളുടെ മൊബൈലില്‍ നിന്നും വീട്ടിലേക്കു വിളിച്ചു. ഭാര്യയുടെ പേരിനു മുന്‍പില്‍ ICE എന്ന് ചേര്‍ത്തിരുന്നതു കൊണ്ട് നമ്പര്‍ കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ഭാര്യയും കുഞ്ഞും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അവര്‍ ഉടനെ തന്നെ ആശുപത്രിയില്‍ എത്തി. ഇടിയുടെ ആഘാതത്തില്‍ തലച്ചോറില്‍ രക്തം കട്ട പിടിച്ചിട്ടുണ്ടായിരുന്നു. അത് നീക്കാന്‍ ഉടന്‍ ഒരു അടിയന്തിര ശസ്ത്രക്രിയ വേണം. ഡോക്ടര്‍മാര്‍ വന്നും പോയും കൊണ്ടിരുന്നു. ഇടക്കിടക്ക് മരുന്നുകളും ചില ഉപകരണങ്ങളുമെല്ലാം വാങ്ങാന്‍ കുറിപ്പടി തന്നു കൊണ്ടിരുന്നു. അന്ന് രാത്രി മുഴുവന്‍ അവര്‍ ഉറങ്ങാതെ കഴിച്ചു കൂട്ടി. അവനും അവിടെ തന്നെയുണ്ടായിരുന്നെന്നു അപ്പോഴൊന്നും ആരും അറിഞ്ഞതേയില്ല.
നേരം പുലര്‍ന്നപ്പോള്‍ അപകട വിവരം അറിഞ്ഞ് കൂടുതല്‍ ആശ്രിതര്‍ ആശുപത്രിയില്‍ എത്തി തുടങ്ങി. തലേന്ന് മുതല്‍ ഒന്നും അകത്ത് ചെന്നിട്ടില്ലാത്തതുകൊണ്ട് വിശപ്പും കാലത്തെ തണുപ്പും അവനു സഹിക്കാന്‍ കഴിഞ്ഞില്ല. തണുത്തു വിറച്ചുകൊണ്ട് അവന്‍ തളര്‍ന്നു വീണു. മുഖത്ത് വെള്ളം തളിച്ചപ്പോള്‍ അവന് ബോധം വന്നു. അവര്‍ കാന്റീനില്‍ കൊണ്ട് പോയി വാങ്ങികൊടുത്ത ആഹാരം അവന്‍ ആര്‍ത്തിയോടെ കഴിച്ചു. എന്നിട്ടും എങ്ങും പോകാതെ അവിടെയൊക്കെ ചുറ്റിപ്പറ്റി നില്‍ക്കുന്നത് കണ്ടപ്പോള്‍ അവര്‍ അവന്റെ കാര്യങ്ങള്‍ തിരക്കിയറിഞ്ഞു. അലിവു തോന്നിയ അവര്‍ അവനെ കൂടെ തന്നെ നിര്‍ത്തി. ചായ വാങ്ങി വരാനും ഫാര്‍മസിയില്‍ പോകാനുമെല്ലാം ആ അവസരത്തില്‍ അവന്‍ അവര്‍ക്കൊരു ഉപകാരവുമായി.
നീണ്ട നാല്പത്തെട്ടു മണിക്കൂര്‍ നേരത്തെ അനിശ്ചിതത്വത്തിനു ശേഷം അയാളുടെ ശരീരം മരുന്നുകളോട് പ്രതികരിക്കാന്‍ തുടങ്ങി. എങ്കിലും അപകട നില തരണം ചെയ്യാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയേണ്ടി വന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് കുറേശ്ശെ ബോധം തിരിച്ചു കിട്ടി. ഒരു മാസത്തെ ആശുപത്രി വാസത്തിനു ശേഷം അയാള്‍ക്ക് വീട്ടില്‍ പോകാനുള്ള ആരോഗ്യമായി.
ശേഖരന്‍, കൊച്ചിയിലെ ഒരു പ്രധാന സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ശേഖര്‍ സ്റ്റോഴ്സിന്റെ ഉടമയായിരുന്നു അയാൾ. പത്നി ശോഭയും അയാളെ ബിസിനെസ്സില്‍ സഹായിച്ചിരുന്നു. മകള്‍ വീണക്കു അന്ന് രണ്ടു വയസ്സ്. ആരെയും കൂസാത്തവന്‍ ആയിരുന്നെങ്കിലും നിയമ വിരുദ്ധമായി അയാള്‍ ഒന്നും ചെയ്യുമായിരുന്നില്ല. എല്ലാ ജോലികളിലും നേരിട്ട് ഇടപെട്ടിരുന്നതുകൊണ്ടും എന്തിനും അവരുടെ ഒപ്പം നിന്നിരുന്നതുകൊണ്ടും ജോലിക്കര്‍ക്കെല്ലാം അയാള്‍ ദൈവത്തെപ്പോലെയായിരുന്നു. പട്ടിണിയും പരിവട്ടവും നിറഞ്ഞ ഒരു ഭൂതകാലം അയാളെ അദ്ധ്വാനത്തിന്റെ വില നന്നായി പഠിപ്പിച്ചിരുന്നതുകൊണ്ട് അദ്ധ്വാനിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരവും പ്രതിഫലവും നല്‍കാന്‍ അയാള്‍ മടിച്ചിരുന്നില്ല. കൂടാതെ അഗതി മന്ദിരങ്ങൾ, അനാഥ മന്ദിരങ്ങൾ, സമൂഹ വിവാഹങ്ങൾ, മുതലായ നല്ല കാര്യങ്ങള്‍ നടത്തുന്ന നല്ലൊരു സാമൂഹ്യ സേവകന്‍ കൂടിയായിരുന്നു ശേഖരന്‍.
തന്റെ കടയിലേക്ക് വേണ്ട സാധനങ്ങള്‍ ഉത്പാദകരില്‍ നിന്നും നേരിട്ട് വാങ്ങുന്നതായിരുന്നു ശേഖരന്റെ ശീലം. തുണിത്തരങ്ങള്‍ തിരുപ്പൂരില്‍ നിന്നും അരി മുതലായ ധാന്യങ്ങള്‍ അതാതു സംഭരണ കേന്ദ്രങ്ങളില്‍ നിന്നും, മലഞ്ചരക്കുകള്‍ ഇടുക്കിയിലെ കര്‍ഷകരില്‍ നിന്നും അയാള്‍ നേരിട്ട് വാങ്ങും. ഇടത്തട്ടുകാരെ ഒഴിവാക്കുന്നതുകൊണ്ടുള്ള ഗുണം അയാള്‍ക്കും കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ കിട്ടിയിരുന്നു. അങ്ങനെയൊരു ഇടുക്കി യാത്ര കഴിഞ്ഞു മടങ്ങുമ്പോഴാണ് അയാള്‍ക്ക് ആ അപകടം പറ്റിയത്. ഒരു വളവു തിരിയുമ്പോള്‍ നിയന്ത്രണം തെറ്റി വണ്ടി റോഡില്‍ നിന്നും താഴേക്ക് പോയി, സ്ടിയറിംഗ് വീലില്‍ തലയിടിച്ചു ബോധവും.
അച്ചുവിനെ തന്റെ കടകളില്‍ നിര്‍ത്താന്‍ നിയമം അനുവദിക്കാത്തതു കൊണ്ട് അവനെ തന്റെ വീട്ടില്‍ നിര്‍ത്തി പഠിപ്പിക്കാന്‍ തീരുമാനിച്ചു. മാത്രമല്ല അന്ന് മുതല്‍ തന്റെ കടകളിലേക്കുള്ള ഏലം സരസു ജോലി ചെയ്യുന്ന ഫാക്ടറിയില്‍ നിന്നും എടുക്കാനും അയാള്‍ തീരുമാനിച്ചു. അതുകൊണ്ട് സരസുവിനും സാമ്പത്തികമല്ലാത്ത ചില്ലറ സഹായമൊക്കെ ഫാക്ടറിയില്‍ നിന്നും കിട്ടാനും തുടങ്ങി. വീണക്ക് കൂട്ടിരിക്കുക, ചെടി നനക്കുക, നായ്ക്കുട്ടിയെ കുളിപ്പിക്കുക, കാര്‍ വൃത്തിയാക്കുക തുടങ്ങിയ ചെറിയ ചെറിയ ജോലികളെല്ലാം അച്ചു ചോദിച്ചു വാങ്ങി ചെയ്തു കൊടുത്തു. അതിനു പ്രതിഫലമായി ചെറിയൊരു തുക അയാള്‍ ഓരോ പ്രാവശ്യം പോകുമ്പോഴും സരസുവിനെ ഏല്‍പ്പിച്ചു കൊണ്ടിരുന്നു. തന്റെ തുച്ഛമായ വരുമാനത്തിന്റെ കൂടെ അതും കൂടിയായപ്പോള്‍ തുപ്രന്റെ ചികിത്സയും മണികണ്ഠന്റെ പഠിപ്പും ഒരു വിധത്തില്‍ തുടരാന്‍ സരസുവിന് സാധിച്ചു. സദാ ഉത്സാഹിയായ അച്ചുവിനെ ശേഖരന് വളരെ ഇഷ്ടമായി. അയാള്‍ ചിലപ്പോഴെല്ലാം തന്റെ യാത്രകളില്‍ അവനെയും കൂടെ കൂട്ടാനും തുടങ്ങി. അങ്ങനെ ബിസിനെസ്സിന്റെ ബാലപാഠങ്ങള്‍ അവന്‍ പഠിച്ചു.
പഠനത്തില്‍ മാത്രമല്ല കലാപരിപാടികളിലും അവന്‍ മുന്‍പിലായിരുന്നു. മോണോ ആക്ടിലും നാടകത്തിലും അവന്‍ സ്കൂളിനെ പ്രതിനിധീകരിച്ച് ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്തു. അവന്റെ 'നായികാ'വേഷം അവനു ബെസ്റ്റ് ആക്ടര്‍ അവാര്‍ഡും നേടിക്കൊടുത്തു. അവന്റെ കിളി പോലത്തെ ശബ്ദം അതിനു നല്‍കിയ സംഭാവനയും ചെറുതല്ല. എങ്കിലും അതിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയിരുന്നത് അവനു ഇഷ്ടമായിരുന്നില്ല. കൂട്ടുകാരില്‍ പലരുടെയും ശബ്ദത്തിനു ഗാംഭീര്യം കൂടുന്നത് അവന്‍ ശ്രദ്ധിച്ചു. തന്റെ ശബ്ദവും ഒരു ദിവസം ശരിയാകും അവന്‍ അങ്ങനെ ആശ്വസിച്ചു ദിവസങ്ങള്‍ തള്ളി നീക്കി.
അങ്ങനെ മഴയും വേനലും പല തവണ കടന്നു പോയി. അച്ചു വളര്‍ന്നു. അവന്‍ തന്റെ പഠനത്തിന്റെയും ജോലിയുടെയും കാഠിന്യം ക്രമേണ കൂട്ടിക്കൊണ്ടു വന്നു. അവന്‍ പത്താം ക്ലാസ് ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായി. അതെ സ്കൂളില്‍ തന്നെ പ്ലസ് ടു വിനു ചേര്‍ന്ന് പഠനം തുടര്‍ന്നു. തുടര്‍ന്ന് ബിരുദമെടുത്തു. പക്ഷെ അവന്റെ ശബ്ദത്തില്‍ ഒരു മാറ്റവും വന്നില്ല. ശാരീരികമായി അവനില്‍ ചില മാറ്റങ്ങള്‍ വരുന്നത് അവന്‍ അറിഞ്ഞു തുടങ്ങി. ചില പേശികള്‍ അനിയന്ത്രിതമായി വലുതാകുന്നു, ഒട്ടും ദൃഢതയില്ലാതെ... ലുങ്കി മാത്രം ഉടുത്തു നടന്നിരുന്ന അവന് മേലെ ഒരു ബനിയനെങ്കിലും ഇടാതെ പുറത്തിറങ്ങാന്‍ മടിയായി. എന്തൊക്കെയോ അപകര്‍ഷതാ ബോധം അവനെ വേട്ടയാടാന്‍ തുടങ്ങി. മുന്‍പൊരിക്കല്‍ തിരുപ്പൂര്‍ പോകുമ്പോള്‍ ട്രെയിനില്‍ കണ്ട കൈകൊട്ടി നടന്നിരുന്ന സ്ത്രീ വേഷം ധരിച്ച പുരുഷ രൂപങ്ങള്‍ അവന്റെ മനസ്സിലേക്കോടിയെത്തി. പിന്നെ അവനു ഒന്നിലും ശ്രദ്ധയില്ലാതെയായി. പഠനത്തില്‍ ഉഴപ്പാന്‍ തുടങ്ങി. ശേഖരന്‍ തിരുപ്പൂരില്‍ പോകാന്‍ കൂട്ടിനു വിളിച്ചപ്പോള്‍ പനിയാണെന്ന് നുണ പറഞ്ഞു ഒഴിവാക്കി. ഇത് പല തവണ ആവര്‍ത്തിച്ചപ്പോള്‍ ശേഖരന് സംശയമായി. അയാള്‍ അവനെ അരികില്‍ വിളിച്ചു കാര്യങ്ങള്‍ ചോദിച്ചു. അവന്‍ കരഞ്ഞു കൊണ്ട് ശേഖരനോട് അവന്റെ പ്രശ്നങ്ങള്‍ പറഞ്ഞു.
ശരിയാണ്, അവന്റെ ഭാവി തന്നെ തുലാസില്‍ തൂങ്ങിയിരിക്കുകയാണ്, സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും പിന്‍വാങ്ങാന്‍ മാനസികമായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണവന്‍, അതിനവനെ സമ്മതിക്കരുത് തുടങ്ങിയ ചിന്തകള്‍ ശേഖരനെ അലട്ടാന്‍ തുടങ്ങി. അയാളും അങ്ങനെ ഒരവസ്ഥയെക്കുറിച്ച് മുന്‍പൊരിക്കലും ചിന്തിച്ചിരുന്നില്ല, അങ്ങനെയുള്ളവരെക്കുറിച്ചും. അവര്‍ എവിടെ ജീവിക്കുന്നു എങ്ങിനെ ജീവിക്കുന്നു എന്നൊന്നും ആരെയും അലട്ടിയിരുന്നില്ലല്ലോ!! എന്നും സമൂഹത്തില്‍ പരിഹാസത്തിനു മാത്രം പത്രമാകുന്നവർ, എല്ലാ വിധ ചൂഷണത്തിനും ഇരയായവർ, ഒരു ആനുകൂല്യത്തിനും അര്‍ഹതയില്ലാത്തവർ, നല്ല ആരോഗ്യമുണ്ടായിട്ടും ഭിക്ഷയെടുക്കേണ്ടി വരുന്നവർ, സന്തതി പരമ്പരയുടെ അവസാന കണ്ണിയായി മാറുന്നവർ......
എന്തുകൊണ്ടാണവരെ മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നത്? എന്താണവര്‍ ചെയ്യുന്ന കുറ്റം? അവര്‍ക്ക് ചില ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്നതൊഴിച്ചാല്‍ എന്ത് ജോലിയും അവര്‍ക്ക് ചെയ്തു കൂടെ? ശരീരികാദ്ധ്വാനം അവര്‍ക്ക് പറ്റില്ല എന്നുണ്ടോ? പഠിച്ചു കൂടെ? ഉദ്യോഗം ചെയ്തു കൂടെ? എന്തിനു അവരെ ഇങ്ങനെ തഴയുന്നു? ശേഖരന് ഇതെല്ലാം ആലോചിച്ചപ്പോള്‍ തന്നോട് തന്നെ പുച്ഛം തോന്നി. താന്‍ അനാഥരായ കുഞ്ഞുങ്ങളെ പഠിക്കാന്‍ സഹായിച്ചിട്ടുണ്ട്, ദരിദ്രരായ യുവാക്കളെ വിവാഹത്തിന് സഹായിച്ചിട്ടുണ്ട്, നിരാലംബരായ വൃദ്ധര്‍ക്ക് താമസിക്കാന്‍ ഇടം നല്‍കിയിട്ടുണ്ട്. പക്ഷെ ഇവര്‍ക്ക്? എന്തുകൊണ്ട് ഇവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് തോന്നിയില്ല? അവര്‍ക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യണം. അയാള്‍ ഉറപ്പിച്ചു.
തന്റെ അടുത്ത തിരുപ്പൂര്‍ യാത്രയില്‍ അയാള്‍ അവരെ തിരയാന്‍ തുടങ്ങി. കണ്ടു മുട്ടിയ ഓരോരുത്തരോടും ഒരു അഡ്രസ് കൊടുത്ത് വൈകിട്ട് അവിടെ വരാന്‍ പറഞ്ഞു. ഒരു പണക്കാരനായ 'ഇര'യെ കിട്ടിയതിന്റെ സന്തോഷത്തില്‍ അവരോരോരുത്തരും നേരത്തെ തന്നെ എത്താന്‍ തുടങ്ങി. എത്തിയവര്‍ക്ക് കൂടുതല്‍ പേര്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന അമ്പരപ്പ് ശേഖരന്‍ അവരറിയാതെ വീക്ഷിക്കുന്നുണ്ടായിരുന്നു. ഏതാണ്ട് പത്തു പേര്‍ എത്തിയപ്പോള്‍ അയാള്‍ അവരുടെ മുന്നിലേക്ക് ചെന്നു. എല്ലാവരോടും ഇരിക്കാന്‍ പറഞ്ഞ ശേഷം ശേഖരന്‍ അവരോടായി പറഞ്ഞു.
"നിങ്ങള്‍ പണം മോഹിച്ചിട്ടാണ് ഇവിടെ വന്നത് എന്നെനിക്കറിയാം. ഞാന്‍ നിങ്ങളെ നിരാശപ്പെടുത്തുന്നില്ല." ഇതും പറഞ്ഞു കൊണ്ട് ഓരോ കവറുകള്‍ അവര്‍ ഓരോരുത്തര്‍ക്കും കൊടുത്തു. അവരത് ആര്‍ത്തിയോടെ വാങ്ങി, തുറന്ന്, പണം എണ്ണി നോക്കി. സാധാരണ ഒരു ദിവസം സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉണ്ടെന്നു അവരുടെ മുഖപ്രസാദം വിളിച്ചു പറയുന്നുണ്ടായിരുന്നു.
"ഞാന്‍ നിങ്ങളെ വിളിച്ചു വരുത്തിയത് ചില കാര്യങ്ങള്‍ അറിയാനാണ്. അതിനാണ് നിങ്ങള്‍ക്ക് ഞാന്‍ പണം തരുന്നത്. വേറൊന്നും ഞാന്‍ നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല." അയാള്‍ തുടങ്ങി.
"നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ഭിക്ഷ എടുക്കുന്നത്? നല്ല ആരോഗ്യമുണ്ടല്ലോ, പണി എടുത്തു കൂടെ?" അയാള്‍ ചോദിച്ചു.
"ഞങ്ങള്‍ക്ക് ആര് ജോലി തരാന്‍?"
"എല്ലാവരും ഞങ്ങളെ കളിയാക്കുന്നു."
"ചിലര്‍ ഞങ്ങളെ വഞ്ചിക്കുന്നു."
"ഞങ്ങളെ കാണാന്‍ കൊള്ളില്ല."
അങ്ങനെ പല ഉത്തരങ്ങള്‍ ഒന്നിച്ച് ഉയര്‍ന്നു പൊങ്ങി. ശേഖരന്‍ അവരോടു ശാന്തരാകാന്‍ പറഞ്ഞു.
"ശരി, ഞാന്‍ നിങ്ങള്‍ക്ക് ജോലി തരാം. നിങ്ങള്‍ ചെയ്യാന്‍ തയാറാണോ?"
എല്ലാവരും തല കുനിച്ചു നിന്നതല്ലാതെ ഉത്തരമൊന്നും പറഞ്ഞില്ല.
"നിങ്ങള്‍ ജോലി ചെയ്യാന്‍ തയ്യാറില്ലാതെ ആരും ജോലി തരുന്നില്ല എന്ന് പറയുന്നതില്‍ എന്താണര്‍ത്ഥം?" അയാള്‍ ചോദിച്ചു.
"ഞങ്ങള്‍ക്ക് പലരും തരുന്ന ജോലികള്‍ പറയാന്‍ കൊള്ളില്ല അതുകൊണ്ടാണ് ഞങ്ങള്‍ മിണ്ടാതിരുന്നത്. ആട്ടെ എന്താണ് ജോലി?" അവരിലൊരാള്‍ ചോദിച്ചു.
"ഞാനൊരു സുപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയുടെ ഉടമയാണ്. ഇവിടെ ഞാന്‍ നിങ്ങള്‍ക്കൊരു ശാഖ തുറന്നു തരാം. കട വൃത്തിയാക്കല്‍ മുതല്‍ കണക്കു സൂക്ഷിക്കല്‍ വരെ പല തരത്തിലുള്ള ജോലികള്‍ നിങ്ങള്‍ക്ക് തരാം. പത്തു പേര്‍ക്കെങ്കിലും ഇപ്പോള്‍ തന്നെ തുടങ്ങാം. പ്രതികരണം നല്ലതാണെങ്കില്‍ കൂടുതല്‍ ശാഖകള്‍ തുടങ്ങുന്നതായിരിക്കും. എന്താണ് നിങ്ങളുടെ അഭിപ്രായം?"
അവര്‍ മുഖത്തോട് മുഖം നോക്കി. പലതും കുശുകുശുത്തു. കേള്‍ക്കാന്‍ പാടില്ലാത്ത എന്തോ കേട്ട പോലെയുണ്ടായിരുന്നു അവരുടെ മുഖഭാവം.
"ഞങ്ങള്‍ക്കൊന്നു ആലോചിക്കണം." അവര്‍ പറഞ്ഞു.
"ശരി നിങ്ങള്‍ നന്നായി ആലോചിച്ചോളൂ. നാളെ ഇതേ സമയത്ത് ഇവിടെ തന്നെ വന്നാല്‍ മതി. നിങ്ങളുടെ തീരുമാനം തയ്യാറല്ല എന്ന് തന്നെയാണെങ്കില്‍ പോലും വന്നു പറയാന്‍ മടിക്കണ്ട." ശേഖരന്‍ അവരോടു പൊയ്ക്കോള്ളാന്‍ പറഞ്ഞു.
പിറ്റേ ദിവസം വൈകീട്ട് അതില്‍ അഞ്ചു പേര്‍ ശേഖരനെ കാണാനെത്തി.
"ആലോചിച്ചോ? എന്താണ് നിങ്ങളുടെ തീരുമാനം? ബാക്കിയുള്ളവര്‍ എവിടെ?" ശേഖരന്‍ അവരോടു ചോദിച്ചു.
"ഞങ്ങള്‍ നന്നായി ആലോചിച്ചു. ഒന്ന് ശ്രമിച്ചു നോക്കാന്‍ തന്നെ ഞങ്ങളുടെ തീരുമാനം. വരാത്തവര്‍ ഇതില്‍ താല്പര്യം ഇല്ലാത്തവരാണ് എന്നറിയിക്കാന്‍ എല്‍പ്പിച്ചിട്ടുണ്ട്." അവര്‍ മറുപടി പറഞ്ഞു.
"സാരമില്ല. പക്ഷെ നിങ്ങള്‍ വളരെ ശ്രദ്ധിച്ചു കേള്‍ക്കണം. ഇത് എനിക്ക് ഒരുപാട് മുതല്‍ മുടക്ക് ഉള്ള പദ്ധതിയാണ്. നിങ്ങള്‍ ആത്മാര്‍ഥമായി പണി എടുത്താല്‍ മാത്രമേ മുന്നോട്ടു കൊണ്ട് പോകാന്‍ പറ്റൂ."
"അതിനു ഞങ്ങള്‍ക്ക് ഇതിന്റെ കണക്കും കാര്യങ്ങളുമൊന്നും അറിയില്ലല്ലോ." അവര്‍ ചോദിച്ചു.
"അത് സാരമില്ല. നിങ്ങളെ സഹായിക്കാന്‍ ഞാന്‍ ഒരാളെ തരാം. അയാളും നിങ്ങളെ പോലൊരാള്‍ തന്നെയാണ്. അയാളായിരിക്കും നിങ്ങളുടെ മാനേജർ." എന്ന് പറഞ്ഞു കൊണ്ട് ശേഖരന്‍ അച്ചുവിനെ വിളിച്ചു അവര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു.
"അച്ചൂ, നീ ഒരാഴ്ച ഇവരുടെ കൂടെ നിന്ന് നമ്മുടെ കടയുടെ രീതികളും നിയമങ്ങളും അവര്‍ക്ക് പറഞ്ഞു കൊടുക്കണം. ഞാന്‍ അതിനുള്ളില്‍ ശാഖ തുടങ്ങുന്നതിന്റെ കാര്യങ്ങള്‍ നോക്കട്ടെ."
"ശരി, ശേഖരേട്ടാ.." അവന്‍ പറഞ്ഞു.
"ഏറ്റവും പ്രധാനപ്പെട്ടത് നിങ്ങളുടെ വസ്ത്രധാരണവും പെരുമാറ്റവും തന്നെ. നിങ്ങളുടെ അളവെടുത്തു യൂണിഫോം ഞങ്ങള്‍ തയ്പ്പിച്ചു തരും, പ്രവൃത്തി സമയത്ത് നിങ്ങള്‍ അത് തന്നെ ഉപയോഗിക്കണം. ശരീരവും വസ്ത്രവും എല്ലായ്പ്പോഴും വൃത്തിയായിരിക്കണം. ഓരോ ഉപഭോക്താവിനെയും സന്തോഷപൂര്‍വ്വം പുഞ്ചിരിയോടെ സ്വീകരിക്കുക. സിഗരറ്റ്, ബീഡി തുടങ്ങിയ അടക്ക-പുകയില ഉത്പന്നങ്ങൾ, മദ്യം, മറ്റു ലഹരി പദാര്‍ഥങ്ങള്‍ എന്നിവ പ്രവൃത്തി സമയത്ത് ഉപയോഗിക്കാന്‍ പാടില്ല. തറ രാവിലെയും വൈകീട്ടും തുടച്ചു വൃത്തിയാക്കണം. വില്പനക്കുള്ള ഓരോ വസ്തുവും ഇനം തിരിച്ചു അടുക്കി വക്കണം. ഒന്നിച്ചു വരുന്ന സാധനങ്ങള്‍ സൌകര്യപ്രദമായ ചെറിയ പയ്ക്കുകളില്‍ നിറച്ച് അളവും തൂക്കവും വിലയും അടങ്ങുന്ന സ്റ്റിക്കര്‍ പതിപ്പിക്കണം. സാധനങ്ങള്‍ കഴിയുന്ന മുറക്ക് പണ്ടികശാലയില്‍ നിന്നും കൊണ്ട് വന്നു വയ്ക്കണം. കുറവുള്ള സാധനങ്ങളുടെ ലിസ്റ്റ് മാനേജരെ ഏല്‍പ്പിക്കണം. വേണ്ട സാധനങ്ങള്‍ കണ്ടുപിടിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കണം..........." തുടങ്ങി എല്ലാ നിര്‍ദ്ദേശങ്ങളും സൂക്ഷ്മതയോടെ അവന്‍ അവര്‍ക്ക് വിവരിച്ചു കൊടുത്തു.
ശാഖ തുടങ്ങുന്നതിനായി ഒരു ഭീകര നിയമ യുദ്ധം തന്നെ ചെയ്യേണ്ടി വന്നു ശേഖരന്. പല തരത്തിലുള്ള ചോദ്യം ചെയ്യലുകൾ, കളിയാക്കലുകൾ, തടസ്സപ്പെടുത്തലുകൾ. അയാളുടെ ഉദ്ദേശശുദ്ധിക്ക് അഗ്നിപരീക്ഷ തന്നെ നേരിടേണ്ടി വന്നു. എങ്കിലും തളരാതെ തന്റെ എല്ലാ ശക്തിയും സ്വാധീനവും ഉപയോഗിച്ച് ഒടുവില്‍ അതിനുള്ള അനുവാദം നേടിയെടുത്തു. അന്ന് അയാള്‍ക്ക് ഒരു കുരുക്ഷേത്ര യുദ്ധം ജയിച്ച സന്തോഷമായിരുന്നു. ശിഖണ്ഡിക്ക് വേണ്ടിയുള്ള ഒരു കുരുക്ഷേത്ര യുദ്ധം!!
അങ്ങനെ ശേഖരന്‍ തിരുപ്പൂരിലെ തന്റെ ആദ്യത്തെ ശാഖക്ക് തുടക്കം കുറിച്ചു. ഉദ്ഘാടനത്തിന് ആ വര്‍ഷത്തെ മിസ് കൂവാഗത്തെ തന്നെ കൊണ്ട് വന്നു. എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. വൃത്തിയായും മാന്യമായും വസ്ത്രം ധരിച്ച് പുഞ്ചിരിയോടുകൂടി അവര്‍ ഓരോ ഉപഭോക്താവിനെയും സ്വീകരിച്ചു. അവര്‍ക്കും അതൊരു വ്യതസ്തമായ അനുഭവമായിരുന്നു. പലരും അവിടെയും പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഉണ്ടെന്നും കരുതിയിരിക്കണമെന്നും അച്ചു അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ട് ആരെന്തു പറഞ്ഞാലും കാട്ടിയാലും അവരതെല്ലാം അവഗണിക്കാന്‍ തുടങ്ങി.
കടയിലെ വിലക്കുറവും സാധനങ്ങളുടെ ഗുണനിലവാരവും മാന്യമായ സ്വീകരണവും കൊണ്ട് അവര്‍ക്ക് ആ പട്ടണത്തില്‍ നിലയുറപ്പിക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. വിജയിച്ചാല്‍ അവര്‍ക്കുവേണ്ടി കൂടുതല്‍ ശാഖകള്‍ തുടങ്ങാമെന്ന വാഗ്ദാനം പാലിക്കാനും ശേഖരന്‍ മറന്നില്ല. പുതിയ ശാഖയിലേക്ക് ജോലിക്കാരെ തിരഞ്ഞെടുക്കാനുള്ള മുഖാമുഖത്തിനായി ആദ്യം വന്നവര്‍ മുന്‍പ് അവിടെ വന്നു പണവും വാങ്ങി പോയ, പിന്നീടു താല്പര്യമില്ലെന്ന് പറഞ്ഞു വരാതിരുന്ന, ആ അഞ്ചു പേര്‍ തന്നെയായിരുന്നു. അവരെ പുതിയ ശാഖ ഏല്‍പ്പിക്കാന്‍ ശേഖരന് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല.
അവരെയും കൂട്ടി ട്രെയിനിംഗ് തുടങ്ങുമ്പോള്‍ അച്ചുവിന് മൂന്നു വിശിഷ്ടാതിഥികള്‍ കൂടി ഉണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും മുന്നിട്ടു നില്‍ക്കുന്ന മൂന്നു സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളുടെ മാനേജിംഗ് ഡയറക്ടര്‍മാർ!! തിരുപ്പൂരിലെ മറ്റൊരു കോണില്‍ തന്റെ രണ്ടാമത്തെ ശാഖ ശേഖരന്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ അത് സാമൂഹ്യ സേവന ചരിത്രത്തില്‍ പുതിയൊരദ്ധ്യായം എഴുതിച്ചേര്‍ക്കുകയായിരുന്നു. എല്ലാ നഗരങ്ങളെയും മാറ്റി മറിക്കാന്‍ പോന്ന ഒരു കൊടുങ്കാറ്റിന്റെ തുടക്കം.
ഈ കഥയെഴുതുമ്പോള്‍ ഉണ്ടായ ചില സാങ്കേതിക സംശയങ്ങള്‍ ദുരീകരിച്ചു തന്ന ഡോക്ടര്‍ അബ്സാര്‍ മുഹമ്മദിന് അദമ്യമായ നന്ദി രേഖപ്പെടുത്തുന്നു.