Saturday 4 August 2012

കളഞ്ഞു കിട്ടിയ മാര്‍ക്ക്‌ ലിസ്റ്റ്!!

ഒന്നാം വര്‍ഷം ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജിലും രണ്ടാം വര്‍ഷം പട്ടാമ്പി സംസ്കൃത കോളേജിലുമായി പ്രീ-ഡിഗ്രി പഠിച്ചതിന്റെ (പഠിച്ചോ?, ആര്?) ഫലം ഇന്നറിയാന്‍ പോവുകയാണ്. കടന്നു കൂടും എന്ന പ്രതീക്ഷ തീരെയില്ല. പത്താം ക്ലാസ്സില്‍ ഇംഗ്ലീഷിനോടും സയന്‍സ് വിഷയങ്ങളോടും പെറ്റമ്മനയവും, മറ്റു വിഷയങ്ങളോട് ചിറ്റമ്മനയവും പുലര്‍ത്തിപ്പോന്ന എനിക്ക് 'പെറ്റമ്മ' തന്നെ പണി തന്നു. ഒന്നാം വര്‍ഷം രസതന്ത്രത്തില്‍ തോറ്റു. അതുകൊണ്ട് തന്നെ രണ്ടാം വര്‍ഷം കടക്കാന്‍ പ്രയാസം ഏറെയാണ്‌. എന്നാല്‍ അതിനായി വിയര്‍ക്കാനൊന്നും ഞാന്‍ കാര്യമായി മിനക്കെട്ടിട്ടുമില്ല. പിന്നെന്ത് പ്രതീക്ഷിക്കാന്‍!

രാവിലെ തന്നെ കുളിച്ചു തൊഴുത്‌ പട്ടാമ്പി കോളേജിലേക്ക് യാത്രയായി. കൂടെ ഒന്നാം വര്‍ഷം പ്രീ-ഡിഗ്രിക്ക് അതേ കോളേജില്‍ പഠിക്കുന്ന എന്റെ അയല്‍ക്കാരന്‍ ശബരിയും. എങ്ങാനും ബോധക്ഷയം ഉണ്ടായാല്‍ തടിയനായ എന്നെ താങ്ങാനൊന്നും കൃശഗാത്രനായ അവനെക്കൊണ്ട്‌ പറ്റില്ലെങ്കിലും ആളെ കൂട്ടി എന്നെ വീട്ടിലെത്തിക്കാന്‍ ഒരുപക്ഷെ അവനെക്കൊണ്ട്‌ ആയേക്കും. അതിനാണ് അവനെ കൂട്ടിയത്. ഇനി ഡിഗ്രി പഠനം എവിടെ വേണം എന്നതിനെക്കുറിച്ചായിരുന്നു ബസ്സിലിരുന്ന് ഞങ്ങളുടെ ചര്‍ച്ച. എനിക്കൊരു പ്രതീക്ഷയുമില്ലെങ്കിലും, പത്താം ക്ലാസ് ഫസ്റ്റ് ക്ലാസ്സോടെ പാസ്സായ എന്നില്‍ അവനു നല്ല വിശ്വാസമുണ്ടായിരുന്നു. അതുകഴിഞ്ഞ രണ്ടു കൊല്ലം ഞാന്‍ ഉഴപ്പിയതൊന്നും അവനറിയില്ലല്ലോ. എനിക്കാണെങ്കില്‍ ആകെ ഒരു പുകപടലമായിരുന്നു മനസ്സില്‍ എങ്കിലും അവന്റെ മുന്നില്‍ അതൊന്നും പുറത്തെടുത്തില്ല.

അങ്ങനെ ഞങ്ങള്‍ കൂറ്റനാടെത്തി. തീര്‍ത്തും അക്ഷമനായിരുന്ന ഞാന്‍ അവനെയും പിടിച്ചിറക്കി. ഒരു മാതൃഭൂമി പേപ്പര്‍ വാങ്ങി, ഫലം നോക്കാന്‍.. പട്ടാമ്പി കോളേജിന്റെയും ചിറ്റൂര്‍ കോളേജിന്റെയും ജയിച്ചവരുടെ ലിസ്റ്റ് അരിച്ചു പെറുക്കി. എന്റെ നമ്പര്‍ കാണാനില്ല. ഈ വിവരവും കൊണ്ട് ഇനി വീട്ടിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. കണ്ണീര്‍ ഗ്രന്ഥികള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞുവെങ്കിലും ശബരി കൂടെയുണ്ടെന്ന ചിന്ത അവയില്‍ അണ കെട്ടി പുറത്തേക്കൊഴുകാതെ നോക്കി. എങ്കിലും എന്റെ ശബ്ദം തീരെ പിന്തുണക്കുന്നുണ്ടായിരുന്നില്ല.

"ഏതായാലും ഇതുവരെ വന്നതല്ലേ, കോളേജില്‍ പോയോക്കാം. ജയിച്ചിട്ട്ണ്ടാകും, ഒറപ്പാ" അങ്ങനെ എന്തൊക്കെയോ അവന്‍ എന്നെ ആശ്വസിപ്പിക്കാന്‍ പറയുന്നുണ്ടായിരുന്നെങ്കിലും ഞാന്‍ ഒന്നും വ്യക്തമായി കേള്‍ക്കുന്നുണ്ടായിരുന്നില്ല.

അവിടെ നിന്നും പട്ടാമ്പിയിലെക്കുള്ള ബസ്സില്‍ പോകുമ്പോള്‍ എന്റെ മനസ്സില്‍ ഡിഗ്രി പഠനത്തിനുള്ള കോളേജിന്റെ ലിസ്റ്റ് മാഞ്ഞ് അവിടെ പെരുമ്പിലാവെന്നും വാണിയംകുളമെന്നും തെളിഞ്ഞു വന്നു. ഏറ്റവും അടുത്തുള്ള രണ്ടു കാലിച്ചന്തകള്‍!! അതെ! ഇനി അതേ വഴിയുള്ളൂ. അവിടെ അഡ്മിഷന്‍ കിട്ടാതിരിക്കില്ല!! പാടത്ത് പണിയെടുക്കുന്നവര്‍ക്ക് ചായ കൊണ്ട് കൊടുക്കുമ്പോള്‍ അവര്‍ ചായ കുടിക്കുന്ന സമയത്ത് പോത്തിനെക്കൊണ്ട് നിലമുഴാറുണ്ടായിരുന്നത് വെറുതെ ആയില്ല. ഒന്ന് ചെത്തി മിനുക്കി എടുത്താല്‍ ഒരു കഷകശ്രീ ആകാം. എന്റെ ചിന്തകള്‍ പോയിരുന്നത് ആ വഴിക്കാണ്.

അങ്ങനെ കോളേജില്‍ എത്തി. കൂട്ടുകാരെല്ലാം വളരെ സന്തോഷത്തിലാണ്. കണ്ടു മുട്ടുന്നവരില്‍ ആരും തോറ്റിട്ടില്ല. ഗേറ്റ് കടക്കുമ്പോള്‍ ആരെ ഞാന്‍ കാണരുതെന്ന് ആഗ്രഹിച്ചുവോ അയാളെ തന്നെ കണ്ടു, രതിയെ. തെറ്റിദ്ധരിക്കല്ലേ, എന്റെ വല്യച്ഛന്റെ മോളാണ്. അതേ കോളേജിലാണ് പഠിച്ചിരുന്നത്. അവളുടെ മുഖത്തെ സന്തോഷം കണ്ടാലറിയാം സെക്കന്റ്‌ ക്ലാസോ അതിനു മുകളിലോ ആണെന്ന്. എങ്കിലും ഞാന്‍ ചോദിച്ചു.

"എങ്ങിനെണ്ട്?"

"ഇക്ക് സെക്കന്റ്‌ ക്ലാസ്ണ്ട്‌, അണക്കോ?"

"ഇന്റെ നമ്പര്‍ പേപ്പറില്‍ കാണാല്യാ! ഇനി മാര്‍ക്ക്‌ ലിസ്റ്റ് കിട്ട്യാലേ പറയാന്‍ പറ്റൂ" ആദ്യം പറയാന്‍ വന്നത് "ഞാന്‍ തോറ്റമ്പി!" എന്നാണെങ്കിലും വിഷമത്തോടെ പറഞ്ഞത് അങ്ങിനെയാണ്. പിന്നീടായാലും അവള്‍ അറിയാന്‍ പോകുന്ന കാര്യമല്ലേ. മറച്ചു വച്ചിട്ട് കാര്യമൊന്നും ഇല്ല. എങ്കിലും കുറച്ചു നീട്ടി വക്കാലോ.

"യ്യോ! അങന്യാണോ! ഹേയ് നീയൊന്നും തോല്‍ക്കാന്‍ വഴീല്യ, പോയ്‌ മാര്‍ക്ക്‌ ലിസ്റ്റ് വാങ്ങ്യോക്ക്. ഇനിക്കും മാര്‍ക്ക്‌ ലിസ്റ്റ് കിട്ടീട്ടില്ല." പത്താം ക്ലാസ്സില്‍ അവളെക്കാള്‍ മാര്‍ക്ക്‌ വാങ്ങിയ എന്നില്‍ അവള്‍ക്കും എന്നേക്കാള്‍ പ്രതീക്ഷ!!

"ശരി. ന്നാ. പോയോക്കട്ടെ." എന്നും പറഞ്ഞു ഞാന്‍ നടന്നു നീങ്ങി.

മാര്‍ക്ക്‌ ലിസ്റ്റ് വാങ്ങാനുള്ള വരിയില്‍ നില്‍ക്കുമ്പോള്‍ ദുഃഖഭാരം താങ്ങാന്‍ എന്റെ കാലുകള്‍ നന്നേ വിഷമിച്ചു. ഒടുവില്‍ എന്റെ ഊഴമായി. വിറകൈകളോടെ മാര്‍ക്ക്‌ ലിസ്റ്റ് വാങ്ങി. ആദ്യം നോക്കിയത് ടോട്ടല്‍ മാര്‍ക്ക്‌ ആണ്. അത് 900 ത്തില്‍ 454. എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ശബരിയും വായിച്ചു ഉറപ്പു വരുത്തി. പിന്നെ ഓരോ വിഷയത്തിന്റെയും മാര്‍ക്ക് നോക്കി. എല്ലാം കടന്നിരിക്കുന്നു. കഷ്ടിച്ചൊരു സെക്കന്റ്‌ ക്ലാസും ഉണ്ട്. മാതൃഭുമിയെ ശപിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല, എങ്കിലും ഒന്ന് കൂടി തുറന്ന് നോക്കി. അപ്പോള്‍ അതാ കിടക്കുന്നു എല്ലാ നമ്പരിന്റെയും താഴെ എന്റെ നമ്പര്‍!. ഒന്നാം വര്‍ഷം ചിറ്റൂര്‍ കോളേജില്‍ ആയതുകൊണ്ട് പട്ടാമ്പി കോളേജിന്റെ സീരിയലില്‍ ആയിരുന്നില്ല എന്റെ നമ്പർ. അതുകൊണ്ട് അവര്‍ അത് തനിയെ താഴെ കൊടുത്തതായിരുന്നു. അത് കണ്ട് ശബരി എന്തോ പറയുന്നുണ്ടായിരുന്നു.

"ഞാനപ്ലും പറഞ്ഞില്യേ, തോല്‍ക്ക്വൊന്നൂല്യാന്ന്?" അവന്‍ പറഞ്ഞത് ഏതാണ്ടിതായിരിക്കണം.
പോകുന്ന വഴി വീണ്ടും രതിയെ കണ്ടു സന്തോഷ വാര്‍ത്ത അറിയിച്ചു. ആശംസകള്‍ കൈമാറി, കൂടെ വല്യച്ചനെയുമെല്ലാം അന്വേഷിച്ചതായും പറയാന്‍ പറഞ്ഞു അവിടെ നിന്നും യാത്രയായി. നേരെ പോയത് ട്യൂഷന്‍ പഠിച്ചിരുന്ന ഗൈഡന്‍സിലെക്കാണ്. മാര്‍ക്ക്‌ ലിസ്റ്റ് എല്ലാവരെയും കാണിച്ചു മാഷുമ്മാരുടെയെല്ലാം അനുഗ്രഹവും കൂട്ടുകാരുടെയെല്ലാം അഭിനന്ദനങ്ങളും വാങ്ങി വീട്ടിലേക്ക് യാത്രയായി. ആ ദിവസം വീട്ടിലെത്തും വരെ ഞാന്‍ ഏറ്റവുമധികം കേട്ടതും പറഞ്ഞതും "കണ്ഗ്രാജുലേഷന്‍സ് " എന്ന വാക്കായിരിക്കും.

ബസ്സിറങ്ങി കുറച്ചു ദൂരം നടക്കണം എന്റെ വീട്ടിലേക്ക്. വഴിയില്‍ തന്നെയാണ് വല്യമ്മയുടെ വീട്. അവിടെ കയറി എല്ലാവരോടും സന്തോഷപൂര്‍വ്വം റിസള്‍ട്ട് പറഞ്ഞു. അവര്‍ മാര്‍ക്ക്‌ ലിസ്റ്റ് ചോദിച്ചപ്പോഴാണ് ആ ഞെട്ടിക്കുന്ന വിവരം ഞാന്‍ മനസ്സിലാക്കിയത്‌. കൊണ്ട് പോയ പുസ്തകത്തിനുള്ളില്‍ മാര്‍ക്ക്‌ ലിസ്റ്റ് ഇല്ല! ഓരോ പേജും മറിച്ചു നോക്കി. ഇല്ല! അത് നഷ്ടപ്പെട്ടിരിക്കുന്നു.

വന്ന വഴി ബസ്സ്‌ സ്റ്റോപ്പ്‌ വരെ എല്ലായിടത്തും അരിച്ചു പെറുക്കി, കാണാനില്ല!! പിന്നെ ഞാന്‍ കൂടുതല്‍ കേട്ട വാക്ക് "ശ്രദ്ധയില്ലാത്തവൻ" എന്നായിരുന്നു. എന്നോട് ഏറെ സ്നേഹമുള്ള ഒരമ്മായി അമ്പലത്തില്‍ എന്തോ വഴിപാട്‌ പോലും നേര്‍ന്നു അത് കിട്ടാൻ. എന്തിനും എന്നെ സഹായിക്കുന്ന, ഏതിനും ഞാന്‍ ഉപദേശം തേടി ചെല്ലുന്ന, അപ്പുമ്മാവന്‍ മാത്രം അപ്പോഴും എന്നെ ആശ്വസിപ്പിച്ചു. അമ്മാവന്‍ തന്നെ യൂണിവേഴ്സിറ്റിയില്‍ നിന്നും മാര്‍ക്ക്‌ ലിസ്റ്റിന്റെ പകര്‍പ്പ് കിട്ടാനുള്ള വഴി അന്വേഷിച്ചു, അതിന്റെ അപേക്ഷയും സംഘടിപ്പിച്ചു. അങ്ങനെ അത് പൂരിപ്പിക്കാനൊരുങ്ങുമ്പോഴാണ് പോസ്റ്റുമാന്റെ ബെല്ലടി. ഒരു കാര്‍ഡുണ്ട്. അതിന്റെ ഉള്ളടക്കം ഏതാണ്ടിതായിരുന്നു:

"അരുൺ,
താങ്കളുടെ പ്രീ-ഡിഗ്രി മാര്‍ക്ക്‌ ലിസ്റ്റ് എന്റെതാണെന്ന് കരുതി ഞാന്‍ കൊണ്ട് പോയി. ഇന്ന് ഞാനത് ഗൈഡന്‍സില്‍ എത്തിച്ചിട്ടുണ്ട്. സൗകര്യം പോലെ വന്നു വാങ്ങിക്കൊള്ളുക. അബദ്ധം പറ്റിയതില്‍ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ.
സുരേഷ്.

ദേഷ്യമാണോ സന്തോഷമാണോ അപ്പോള്‍ വന്നത് എന്നറിയില്ല. മാര്‍ക്ക്‌ ലിസ്റ്റ് പലര്‍ കൈമാറി പരിശോധിച്ചുകൊണ്ടിരുന്നപ്പോള്‍ പറ്റിയതായിരിക്കാം ആ അബദ്ധം. ഞാനും അത് ശ്രദ്ധിച്ചില്ല. കൈയിലിരുന്ന പുസ്തകത്തിനകത്ത് വച്ചുവെന്ന ഉറച്ച വിശ്വാസത്തോടെയാണ് ഞാനും അവിടെ നിന്നും പോന്നത്. എന്തായാലും കിട്ടിയല്ലോ, ഭാഗ്യം. അമ്മായിയുടെ വഴിപാടു ഫലിച്ചു. പിറ്റേന്ന് തന്നെ ഗൈഡന്‍സില്‍ ചെന്ന് അനുഗ്രഹിച്ചവരില്‍ നിന്നെല്ലാം ശകാരവും ഉപദേശവും വയറു നിറച്ചു വാങ്ങി മാര്‍ക്ക്‌ ലിസ്റ്റും കൊണ്ട് തിരിച്ചു പോന്നു.

16 comments:

  1. നന്നായിട്ടുണ്ട്, വായിച്ചു വരുമ്പോള്‍ പ്രതീക്ഷിച്ച പതിവ് ശൈലി മാറി അവസാനം സ്വന്തം റിസള്‍ട്ട്‌ തന്നെ ആയിരുന്നു. വീണ്ടും എഴുതുക. ആശംസകള്‍ !!!

    ReplyDelete
    Replies
    1. നന്ദി ജോമോന്‍. കൃത്യമായി ഓര്‍മയില്ലാത്ത ഭാഗങ്ങളില്‍ ചില ഭാവനകള്‍ ചേര്‍ത്തിട്ടുണ്ടെന്നതൊഴിച്ചാല്‍. പൂര്‍ണമായും ഒരു അനുഭവക്കുറിപ്പാണ് ഇത്. പേരുകള്‍ പോലും വ്യാജമല്ല.

      Delete
  2. അനുഭവക്കുറിപ്പ് കൊള്ളാട്ടാ....സരസമായി അവതരിപിച്ചു...ആശംസകള്‍...

    ReplyDelete
    Replies
    1. നന്ദി അനാമിക. ഇതിനൊരു രണ്ടാം ഭാഗം വരുന്നുണ്ട്.

      Delete
  3. കുറിപ്പ് നന്നായി

    ReplyDelete
  4. എഴുത്ത് കൊള്ളാം. ഒരു ചേർച്ചയില്ലായ്മ ചൂണ്ടിക്കാണിക്കട്ടെ, അന്ത പ്രീഡിഗ്രി കാലത്ത് പത്രത്തിൽ റിസൾട്ട് വന്ന അതേ ദിവസം തന്നെ മാർക്ക് ലിസ്റ്റ് കോളെജിൽ ലഭ്യമാകില്ലായിരുന്നു എന്നാണ് അനുഭവം. ഇനി അങ്ങനെയും കോളെജുകൾ ഉണ്ടായിരുന്നോ എന്നറിയില്ല.

    ReplyDelete
    Replies
    1. ഓര്‍മയുടെ മുറിവില്‍ തന്നെയാണ് ചീരാമുളക് അരച്ച് പുരട്ടിയത് :-) താങ്കളുടെ നിരീക്ഷണം ശരിയാകാന്‍ സാധ്യതയുണ്ട്. ഇത് ഇരുപതു വര്‍ഷം മുന്‍പത്തെ ഓര്‍മയാണ്. ഓര്‍മപ്പിശക് വന്നിരിക്കാം. പക്ഷെ രണ്ടു വസ്തുതകളുടെ പിന്‍ബലത്തിലാണ് ഞാന്‍ അങ്ങനെ എഴുതിയത്. ഒന്ന്, എന്റെ നമ്പര്‍ പേപ്പറില്‍ തനിയെ കൊടുത്തിരുന്നത് കൊണ്ട് ജയിച്ചെന്ന വാര്‍ത്ത അറിഞ്ഞത് മാര്‍ക്ക്‌ ലിസ്റ്റ് കിട്ടിയപ്പോള്‍ മാത്രമാണ്. രണ്ട്, വേറെ ദിവസങ്ങള്‍ ആയിരുന്നെങ്കില്‍ ഞാനല്ലെങ്കില്‍ വേറെ ആരെങ്കിലും അത് കണ്ടു പിടിക്കുമായിരുന്നു. ഞാന്‍ എഴുതുമ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിച്ചു എന്നല്ല ഉദ്ദേശിച്ചത്, അങ്ങനെയൊരു ഒഴുക്കില്‍ എഴുതിപ്പോയതാണ്. സൂക്ഷ്മമായ വായനക്ക് നന്ദി.

      Delete
  5. അനുഭവക്കുറിപ്പ് കൊള്ളാം ട്ടോ ...എന്തായാലും മാര്‍ക്ക്‌ ലിസ്റ്റ് തിരിച്ചു കിട്ടിയല്ലോ അപ്പോളെങ്കിലും തിരിച്ചു തരാന്‍ തോന്നിയല്ലോ കൂട്ടുകാരന്, ഭാഗ്യം ..!!

    ReplyDelete
    Replies
    1. നന്ദി കൊച്ചുമോള്‍. അന്ന് അനുഭവിച്ച വിഷമം ചില്ലറയല്ല.

      Delete
  6. എനിക്ക് മാര്‍ക്ക് ലിസ്റ്റൊന്നും വന്നില്ലായിരുന്നു. പരീക്ഷാഭവനിലേയ്ക്ക് വിളിപ്പിക്കയായിരുന്നു
    ഉത്തരക്കടലാസിലെ വിപ്ലവാതിക്രമം കാരണം ഒരു ഷോ കോസ് നോട്ടീസ്
    അങ്ങനെ ഒരു തിരന്തോരം യാത്ര

    ReplyDelete
    Replies
    1. അജിത്തേട്ടനല്ലേ ആള്. വിപ്ലവം ഒട്ടും മോശം ആവാന്‍ വഴിയില്ല :-)

      Delete
  7. സംഭവം കൊള്ളാം കേട്ടോ.... ക്ലൈമാക്സ്‌ പ്രതീക്ഷിച്ച പോലെ വന്നില്ല എന്ന് ഒരു തോന്നല്‍...; എങ്കിലും ഓര്‍മകുറിപ്പ്‌ കിടു

    ReplyDelete
    Replies
    1. നന്ദി വിഘ്നേഷ്. വരും പോസ്റ്റുകളില്‍ എഴുത്ത് നന്നാക്കാന്‍ ശ്രമിക്കാം.

      Delete
  8. മാര്‍ക്ക്‌ ലിസ്റ്റ് കഥ കൊള്ളാം ..
    അപ്പോള്‍ പട്ടാമ്പി കോളേജിലും ഒരു കൊല്ലം നിരങ്ങി അല്ലെ ??
    ഞാന്‍ അഞ്ചു കൊല്ലം നിരങ്ങിയതാ അവിടെ ...

    ReplyDelete
    Replies
    1. പട്ടാമ്പിയില്‍ ഒരു കൊല്ലം ശരിക്കും നിരങ്ങുക തന്നെ ആയിരുന്നു.

      Delete

പാപം ചെയ്തവര്‍ക്കും കല്ലെറിയാം.....