നിങ്ങളുടെ മനസ്സ് വായിക്കാം
ഒരു ചെറിയ സംഖ്യ വിചാരിച്ചോളൂ...
എന്റെ ഏറെ നാളത്തെ ആഗ്രഹമാണ് ഇടുക്കി അണക്കെട്ട് കാണണമെന്നത്. കുറെ പൊയ്ക്കഴിഞ്ഞപ്പോള്‍ ഞാന്‍ അക്ഷമനായി കാത്തിരുന്ന ചെറുതോണിയിലെത്തി. ഇടുക്കിയിലെ പ്രസിദ്ധമായ ആര്‍ച്ച് ഡാം അവിടെയടുത്താണല്ലോ! പക്ഷെ വളരെ നിരപ്പായ ആ സ്ഥലത്ത് അണക്കെട്ടിന്റെ യാതൊരു ലക്ഷണവും ഇല്ല. എന്റെ ക്ഷമ പരീക്ഷിക്കാനായി ഡ്രൈവര്‍ക്കും കൂട്ടാളിക്കും ചായ കുടിക്കാന്‍ തോന്നിയത് അവിടെ വച്ച്! പത്തു മിനുട്ടോളം കഴിഞ്ഞു ബസ്സ് വീണ്ടും യാത്ര തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ദൂരെയായി ആ കാഴ്ച കണ്ടു. രണ്ടു മലകള്‍ക്കിടയില്‍ ഒരു അയക്കോല്‍ കെട്ടി അതില്‍ ചാരനിറത്തിലുള്ള വലിയൊരു ജട്ടി ഉണക്കാനിട്ടതുപോലെ ഇടുക്കി അണക്കെട്ട് മിന്നി മറഞ്ഞു. കുറച്ചു ദൂരം കൂടി പോയപ്പോള്‍ ബസ്സ് വീണ്ടും മല കയറാന്‍ തുടങ്ങി. കുറെ മുകളില്‍ എത്തിയപ്പോള്‍ ഒരു വളവില്‍ നിന്നും അണക്കെട്ട് വളരെ വ്യക്തമായിത്തന്നെ കണ്ടു. ഒരു പക്ഷെ ഇവിടെ നിന്നാവണം കൊലുമ്പന്‍ മൂപ്പന്‍ അണക്കെട്ട് ഉണ്ടാക്കാനായി സ്ഥലം അന്വേഷിച്ചു നടന്ന എഞ്ചിനീയര്‍ക്ക് കുറവന്‍മലയും കുറത്തിമലയും ഇത്രയും അടുത്തടുത്തായി നില്‍ക്കുന്ന ഈ സ്ഥലം കാണിച്ചു കൊടുത്തത്. പക്ഷെ ഡ്രൈവര്‍ ഇതൊക്കെ ഇത്ര കാണാനെന്തിരിയ്ക്കുന്നു എന്ന മട്ടില്‍ അണക്കെട്ടിനെയൊന്നും തെല്ലും ഗൌനിക്കാതെ വളവും തിരിച്ചു മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. കട്ടപ്പന എത്തുമ്പോള്‍ നേരം ഇരുട്ടി തുടങ്ങിയിരുന്നു. കുറേശ്ശെ മഴയും. അവിടെനിന്നും ഒരു കോട്ടയം ബസ്സില്‍ കയറി അയ്യപ്പന്‍ കോവിലിലേക്ക്. മേരികുളത്തില്‍ ബസ്സിറങ്ങി ഒരു ജീപ്പ് വിളിച്ചു വീട്ടിലേക്കു പോയി. വീട്ടില്‍ എത്തുമ്പോഴേക്കും മഴ കനത്തിരുന്നു. നല്ല യാത്രാക്ഷീണവും തണുപ്പുമുണ്ടായിരുന്നത് കൊണ്ട് പുതച്ചു മൂടി സുഖമായി ഉറങ്ങി.
ഒരു ഭാഗത്ത് ജോസഫേട്ടന്റെ വീട്. അതിനടുത്തായി റബ്ബര്‍ ഉണക്കാനുപയോഗിക്കുന്ന ചെറിയ പുകപ്പുര. രണ്ടു പറമ്പുകളും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ വരമ്പുകളോ വേലിക്കെട്ടുകളോ ഒന്നും കാണാനില്ല. ഇവിടെയുള്ള ആള്‍ക്കാരോട് അക്കാര്യത്തില്‍ എനിക്ക് അസൂയ തോന്നി. വീടിന്റെ മുന്‍പിലായി കുറെ ചെറിയ കുറ്റിച്ചെടികൾ. അതിന്റെ കൊമ്പിലെല്ലാം ചുവപ്പും പച്ചയും കായ്കള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. ഇടയിലായി കുറെ എമണ്ടന്‍ പ്ലാവുകൾ. വശങ്ങളിലെക്കുള്ള ചില്ലകളെല്ലാം വെട്ടിയൊതുക്കി ഒറ്റത്തടി വൃക്ഷം പോലെയാണ് അവയെ വളര്‍ത്തിയിരിക്കുന്നത്. അതിലെല്ലാം കുരുമുളക് വള്ളികള്‍ പടര്‍ത്തിയിട്ടുമുണ്ട്. പ്ലാവിന്റെ കടക്കല്‍ നിന്നും വിട്ട് അവിടവിടെയായി ഒരാള്‍ ഉയരമുള്ള ഏതോ ചെടികള്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്നു. മണ്ണിന്റെ വളക്കൂറു കൊണ്ട് കൂവച്ചെടികള്‍ക്ക് അമിത വളര്‍ച്ച കിട്ടിയതുപോലെയുണ്ട്. മുറ്റത്തിന്റെ വക്കിലായി ചുവപ്പ് കലര്‍ന്ന പച്ച നിറമുള്ള ഇലകളോട് കൂടിയ ഒരു ചെറിയ മരം നില്‍ക്കുന്നു. അതില്‍ പഞ്ഞിക്കായക്ക് വലിപ്പവും ചുവപ്പ് നിറവും കിട്ടിയ പോലെയുള്ള മാംസളമായ കായ്കളും.
ഞാന്‍ വന്നതറിഞ്ഞ് ലീലാമ്മ ചേടത്തി അവിടത്തെ ശൈലിയിലുണ്ടാക്കിയ കപ്പപ്പുഴുക്കും മീന്‍കറിയും കൊണ്ടു വന്ന് തന്നു. മീന്‍ കറി വായില്‍ വച്ച് നോക്കി. നല്ല ചൊടിയുള്ള എരിവ്. പി ടി ഉഷയുടെ കടുമാങ്ങാ കഥ ഓര്‍ത്തുപോയി. ഉണക്കിയ കപ്പ വെള്ളത്തിലിട്ടു പതം വരുത്തിയ ശേഷം പുഴുങ്ങി താളിച്ചെടുത്തതാണ് അവിടത്തെ കപ്പപ്പുഴുക്ക്. അതുതന്നെയാണ് അവരുടെ പ്രധാന ഭക്ഷണവും. മീന്‍ കറിയും കൂട്ടി ഇതങ്ങു കഴിച്ചാല്‍ ഏതു മലയും അനായാസം കയറിയിറങ്ങാം. ഗതാഗത സൗകര്യം അത്രയ്ക്ക് അനുഗ്രഹിച്ചിട്ടില്ലാത്ത, കയറ്റിറക്കങ്ങള്‍ നിറഞ്ഞ, അവിടത്തെ വഴികളിലൂടെ കാതങ്ങളോളം നടന്നു പോകാന്‍ അവിടെയുള്ളവരെ സഹായിക്കുന്നത് ഭക്ഷണക്രമവും അധ്വാനവും മാത്രം.
പണ്ട് ഞാഞ്ഞൂലിനെ പിടിക്കാന്‍ അറപ്പായതുകൊണ്ട് ചോറ് വറ്റ് മുതല്‍ പലതും ഇരയാക്കി പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. എന്റെ സംശയം തീര്‍ക്കാന്‍ പിറ്റേന്ന് തന്നെ ജിജി ഒരു ചൂണ്ട സംഘടിപ്പിച്ചു തന്നു. ഒരു മൂട് കപ്പയും ചുട്ടെടുത്ത് ഞങ്ങള്‍ ചൂണ്ടയിടാന്‍ പോയി. ചുട്ട കപ്പയുടെ കാമ്പെടുത്ത് കൈവെള്ളയില്‍ വച്ച് കുറച്ചു നേരം ഞെരടിയപ്പോള്‍ അത് നല്ല പശ പോലെയായി. അതെടുത്തു ചൂണ്ടയില്‍ കൊരുത്ത് കയത്തിലേക്കിട്ടു. അന്ന് മുഴുവന്‍ ശ്രമിച്ചിട്ട് ആകെ കിട്ടിയത് ഒരേയൊരു മുഷി (ഞങ്ങളുടെ നാട്ടിലെ മൊയ്യ്) അതും വളരെ ചെറിയതും മെലിഞ്ഞതും. ഞങ്ങള്‍ ചൂണ്ടയിട്ട ആ കയത്തിനെ എത്തിയോപ്പിയ കയം എന്ന് പേരിട്ട് സസന്തോഷം തിരിച്ചു പോന്നു.