Tuesday 3 July 2012

ബാങ്കിംഗ് ഓഫ് ന്യൂ ജനറേഷന്‍

അങ്ങിനെ ആ പ്രഖ്യാപനവും വന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്സ് അക്കൌണ്ടിന് മിനിമം ബാലന്‍സ് വേണം എന്ന നിര്‍ബന്ധം നിര്‍ബാധം എടുത്തുകളയുന്നു. ഹാവൂ!! ഇനി ഒരു രൂപ നിര്‍ത്തി (അതും വേണോ ആവോ?) ബാക്കി 999 രൂപയ്ക്കു കൂടി അടിച്ചു പൊളിക്കാം. ഒരു ദിവസം നൂറു രൂപ ചെലവാക്കുന്നവന് പത്തു ദിവസം അധികം ജീവിക്കാം. ഹോ!! അവരുടെ ജനസേവന സന്നദ്ധതയെ സമ്മതിക്കണം!!

കണ്ടു കണ്ണ് തള്ളി ഉള്ളതെല്ലാം എടുത്തു തെള്ളിക്കളയല്ലേ!! ഇതെല്ലാം ഫിച്ച് റേറ്റിംഗ് കുറച്ച വിവരം മറച്ചു വക്കാനുള്ള തത്രപാടുകള്‍ ആവാം. എന്തായാലും ഇന്ത്യന്‍ ബാങ്കുകളുടെ റേറ്റിങ്ങ് കുറച്ചപ്പോള്‍ തന്നെ ഫിച്ചിനു പണി കിട്ടി. അവരെ ഇനി ESMA നിരീക്ഷിക്കാന്‍ പോകുകയാണത്രേ!! ഇന്ത്യന്‍ ബാങ്കുകളെ തൊട്ടു കളിച്ചാൽ..........

ഒരു വാതില്‍ അടഞ്ഞാല്‍ ഒന്‍പതു വാതില്‍ തുറക്കും എന്നല്ലേ. ഇനി ഇതില്‍ ഉണ്ടാകുന്ന നഷ്ടം എങ്ങിനെയെല്ലാം നികത്താന്‍ പറ്റും എന്ന് ഗവേഷണം തുടങ്ങിയതായി രഹസ്യ റിപ്പോര്‍ട്ട്‌ കിട്ടിയിട്ടുണ്ട്. ഇവിടെയാണ് ന്യൂജനറേഷന്‍ ബാങ്കുകളുടെ സഹായം മറ്റു ബാങ്കുകള്‍ ഉപയോഗപ്പെടുത്തുന്നത്. അവര്‍ക്കാണെങ്കില്‍ ടാര്‍ഗറ്റ് ഒപ്പിക്കാന്‍ എന്ത് കുരുട്ടുബുദ്ധിയും ഉപയോഗിക്കാം. ആദ്യമെല്ലാം പഴയ ജനറേഷന്‍ ബാങ്കുകള്‍ അടക്കം എല്ലാവരും എതിര്‍ക്കും, കളിയാക്കും, പ്രതിഷേധിക്കും. കുറച്ചു കഴിഞ്ഞാല്‍ നമ്മളതെല്ലാം മറക്കും. നമ്മള്‍ ഇന്ത്യാക്കാരല്ലേ എല്ലാം മറന്നും പൊറുത്തും അല്ലെ നമുക്ക് ശീലം!! അങ്ങിനെ പതുക്കെ ആരും അറിയാതെ തലയില്‍ മുണ്ടിട്ട് പഴയ ജനറേഷന്‍ ബാങ്കുകള്‍ അതെല്ലാം അവരുടെ നിയമാവലിയിലും ചേര്‍ക്കും. ആദ്യമൊന്നും നമ്മള്‍ ഉപഭോക്താക്കള്‍ അറിയില്ല. ഒരു സുപ്രഭാതത്തില്‍ അക്കൗണ്ടില്‍ പണം കുറവ് കാണുമ്പോഴായിരിക്കും അറിയുക. ചോദിച്ചാല്‍ പറയും ഇതെല്ലാം എന്നേ ബാങ്കിന്റെ വെബ്‌സൈറ്റില്‍ ഉണ്ടല്ലോ. നിങ്ങളതൊന്നും നോക്കാറില്ലേ?... പിന്നേ!! നമ്മള്‍ക്കൊക്കെ നെറ്റില്‍ അതല്ലേ പണി!!

ഇപ്പോള്‍ ഉള്ള ചാര്‍ജുകള്‍ തന്നെ നല്ല തമാശയാണ്. എന്തെങ്കിലും അപേക്ഷ (ഇലക്ട്രോണിക് ക്ലിയറന്‍സ് സര്‍വീസ് പോലെ) കൊണ്ട് പോയി സീല് വച്ച് വാങ്ങാന്‍ സിഗ്നെചര്‍ വെരിഫികേഷന്‍ ചാര്‍ജ് എന്നൊന്ന് സേവന നികുതിയുള്‍പ്പെടെ ഈടാക്കും. എന്നാല്‍ ലോക്കല്‍ ചെക്ക് ഡിപോസിറ്റ് ചെയ്യാന്‍ ചാര്‍ജൊന്നും ഇല്ല. അപ്പോള്‍ ഇക്കണ്ട ചെക്കൊക്കെ സിഗ്നെചര്‍ വെരിഫികേഷന്‍ ചെയ്യാതെയാണോ പാസ്സാക്കിയിരുന്നത്? ഓര്‍ക്കുമ്പോള്‍ ചെക്ക് ബുക്ക്‌ വാങ്ങാന്‍ തന്നെ പേടി തോന്നുന്നു. ഒരു ലീഫെങ്ങാന്‍ നഷ്ടമായാല്‍ പോയില്ലേ കാര്യം!!

അടുത്ത തമാശയാണ് NEFT, RTGS മണി ട്രാന്‍സ്ഫർ. ഒരു ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേക്ക് പണം ഓണ്‍ലൈനില്‍ മാറ്റുന്നതിന് ചാര്‍ജ് സേവന നികുതിയുള്‍പ്പെടെ ഈടാക്കും. എന്നാല്‍ ലോക്കല്‍ ചെക്കിനും അറ്റ്‌ പാര്‍ ചെക്കിനും ഇത് വേണ്ട. ചെക്ക് ബുക്ക് അച്ചടിച്ച്‌ വിതരണം ചെയ്യുന്നത് ബാങ്കിന് നഷ്ടമാണ്. ഓണ്‍ലൈന്‍ ആണെങ്കില്‍ ഒന്നും ചെലവാകുന്നും ഇല്ല, ഉണ്ടോ? അങ്ങനെ നോക്കുമ്പോള്‍ ശരിക്കും ചാര്‍ജ് ചെയ്യേണ്ടത് ചെക്കിനല്ലേ. അയ്യയ്യോ!! ഞാനെന്തിനാ ഇതെല്ലാം അവര്‍ക്ക് പറഞ്ഞു കൊടുക്കുന്നത്?

വായ്പകളുടെ പലിശ ഉന്നതങ്ങളില്‍ നില്ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. RBI ക്കാണെങ്കില്‍ അത് കുറക്കാന്‍ ഭയങ്കര മടിയും. അതെങ്ങാന്‍ കുറച്ചാല്‍ വരുന്ന പലിശയിലെ അന്തരം ഉപയോഗിച്ച് ആളുകള്‍ ലാവിഷായി ചെലവാക്കാന്‍ തുടങ്ങിയാല്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി എന്താവും? എന്റമ്മോ ഓര്‍ക്കാനേ വയ്യ!! ഇപ്പോള്‍ തന്നെ ആളുകള്‍ ഇല്ലാത്ത കാശു പലിശക്കെടുത്തിട്ടാണ് കാറും വീടും മൊബൈലും പെട്രോളുമൊക്കെ വാങ്ങുന്നത്. അപ്പോള്‍ പലിശ കൂടി കുറച്ചാല്‍ അത്തരം അവശ്യ സാധനങ്ങളുടെ വില കൂടില്ലേ? സാധാരണ ജനങ്ങള്‍ പിന്നെ എങ്ങനെ ജീവിക്കും. അതിനിടെ കഷ്ടപ്പെട്ട് കാലുപിടിച്ചു പറഞ്ഞപ്പോള്‍ ഒരു പരീക്ഷണത്തിന്‌ RBI റേറ്റ് കുറച്ചപ്പോള്‍ പല ബാങ്കുകളും അനങ്ങിയില്ല. മാത്രമല്ല, ഡിപ്പോസിറ്റിന്റെ പലിശ RBI കുറക്കാതെ തന്നെ തന്നിഷ്ടത്തിന് ഒന്നുകൂടി കുറക്കുകയും ചെയ്തു. പണപ്പെരുപ്പം കുറക്കാന്‍ നമ്മുടെ പ്രധാന മന്ത്രിക്കും ധനകാര്യമന്ത്രിക്കുമൊന്നും ഇല്ലാത്ത ശുഷ്കാന്തി RBI ക്കെങ്കിലും ഉണ്ടല്ലോ!! സമാധാനമായി!!

കിട്ടിയ രഹസ്യങ്ങള്‍ മുഴുവന്‍ വെളിപ്പെടുത്താന്‍ പറ്റില്ലെങ്കിലും ഒരു ഉദാഹരണം ഇതാ:


കണ്ടിട്ട് മനസ്സിലായില്ലേ? ആ... അത് തന്നെ... ടൈം ടേബിള്‍ ഫീസ്.......... ഇവനാണ് ഒരു പുതിയ അവതാരം - കണ്‍വീനിയന്‍സ് ഫീ. അതായത്, നമ്മള്‍ ബില്ലുകള്‍ അടക്കാന്‍ ക്യു നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അസൗകര്യം ഒഴിവാക്കി തരുന്നതിനു ഒരു ചെറിയ തുക ഈടാക്കുന്നു. അതിപ്പോ വല്യ കാര്യമാണോ? നമ്മള്‍ അടുത്ത വീട്ടിലെ പണിക്കാരനെ ക്യു നില്ക്കാന്‍ അയക്കുമ്പോള്‍ ചായക്കാശിനു പത്തു രൂപ കൊടുക്കാറില്ലേ. ഓണ്‍ലൈനില്‍ അടക്കുമ്പോള്‍ അത് വേണ്ടല്ലോ. അപ്പോള്‍ അങ്ങനെ മിച്ചം വരുന്ന തുക ബാങ്കിന് കൊടുക്കുക. പിന്നെ വല്യ തുകയെല്ലാം അങ്ങനെ പണിക്കാരന്റെ കൈയില്‍ കൊടുത്തു വിടാനൊക്ക്വോ? അപ്പോള്‍ നമ്മള്‍ തന്നെ പോണം. അങ്ങനെ ആകുമ്പോള്‍ ഒഴിവാക്കി തരുന്ന അസൗകര്യത്തിന്റെ അളവ് കൂടും, ആനുപാതികമായി ഫീസും കൂടും. അത്രയേ ഉള്ളൂ. ഇതൊരു തുടക്കം മാത്രം. ഇങ്ങനെ എന്തെല്ലാം ഫീസുകള്‍ ചാര്‍ജുകള്‍ ടാക്സുകള്‍ അണിയറയില്‍ ഒരുങ്ങി ഇറങ്ങി വരുന്നുണ്ടെന്നു ആര്‍ക്കറിയാം?

അടുത്ത് തന്നെ ബാങ്കുകള്‍ ഈടാക്കാന്‍ സാധ്യതയുള്ള ചില ചാര്‍ജുകള്‍ എന്റെ ഭാവനയിൽ:
  1. ബാങ്കില്‍ വന്നു പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും
  2. പുതിയ ചെക്ക് ബുക്ക് അച്ചടിക്കുന്നതിനും അയക്കുന്നതിനും
  3. മറ്റു എഴുത്തുകൾ, സ്റ്റെറ്റ്മെന്റുകള്‍ മുതലായവ അയക്കുന്നതിന്
  4. ATM കാര്‍ഡ്‌ ഉപയോഗിക്കുന്നതിന് (ഇപ്പോള്‍ തന്നെ ചില ബാങ്കുകള്‍ ഇത് ഈടാക്കുന്നുണ്ട്)
  5. ATM കാര്‍ഡ്‌ ഒരു നിശ്ചിത കാലം ഉപയോഗിക്കാതെ വക്കുന്നതിന്
  6. ATM പിന്‍, ഇന്റര്‍നെറ്റ്‌ പിന്‍ എന്നിവ മറന്നാല്‍ മാറ്റുന്നതിന് (ഇതും ഇപ്പോള്‍ ചില ബാങ്കുകള്‍ ഈടാക്കുന്നുണ്ട്)
  7. അക്കൗണ്ടില്‍ ഒരു നിശ്ചിതകാലം പണം നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യാത്തതിന്
  8. അഡ്രസ്‌, ഫോണ്‍ നമ്പര്‍ മുതലായ വിവരങ്ങള്‍ ചേര്‍ക്കുന്നതിനും തിരുത്തുന്നതിനും

പണ്ടൊക്കെ ദേശസാല്‍കൃത ബാങ്കുകള്‍ക്ക് അല്പം മയം ഉണ്ടായിരുന്നു. ഇപ്പോള്‍ ന്യൂ ജനറേഷന്‍, ദേശസാല്‍കൃതം, സ്വകാര്യം എന്നീ വിവേചനങ്ങളെല്ലാം പോയി. എല്ലാം പണമിടപാട് സ്ഥാപനം മാത്രം. പണപ്പെരുപ്പം മഹാശ്ചര്യം നമുക്കും കിട്ടണം പണം!!

13 comments:

  1. നന്നായി. രസകരമായി എഴുതി. വീണ്ടും വരാം.

    ReplyDelete
  2. ഒരു അകൌണ്ട് എടുക്കാമെന്ന് കരുതിയതായിരുന്നു.. ഒന്ന് കൂടെ ആലോചിക്കട്ടെ

    ReplyDelete
    Replies
    1. നന്ദി മനോരാജ്, ഇവിടെ വന്നതിനും കമെന്റ് ഇട്ടതിനും... അക്കൗണ്ട്‌ എടുക്കുമ്പോള്‍ ശ്രദ്ധിക്കണം എന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ..

      Delete
  3. ന്റെ പടച്ചോനെ.. ഒരു ബാങ്ക് അക്കൌണ്ട് ഉണ്ടായിരുന്നു.. എന്തായോ എന്തോ? ഇനിയിപ്പോള്‍ ഈ ചാര്ജോക്കെ അടക്കാന്‍ ബാങ്കുകാര് തന്നെ ഒരു പണി തന്നാല്‍ മതിയായിരുന്നു :)

    ReplyDelete
    Replies
    1. ബാങ്കില്‍ ബാലന്‍സ് എത്രയുണ്ടെന്ന് ഇടക്കൊക്കെ ഒന്ന് നോക്കുന്നത് എന്തുകൊണ്ടും നല്ലതാണ് :-)

      Delete
    2. ബാങ്കുകാര് ഒരു 'പണി' തന്നു കഴിഞ്ഞു. ഇതൊന്നു വായിച്ചു നോക്കൂ:
      http://www.mathrubhumi.com/static/others/special/story.php?id=284235

      Delete
  4. ഞങ്ങള് വെള്ളം കലക്കി തരാം. നിങ്ങള് മീന്‍ പിടിച്ചോളൂ:
    http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11930395&programId=1073753761&tabId=0&BV_ID=@@@

    ReplyDelete
  5. ബാങ്കില്‍ കാശുല്ലവര്‍ക്കല്ലേ ഈ തലവേദന ഒക്കെ ഉള്ളു ! ഹി ഹി !

    ReplyDelete
    Replies
    1. അക്കൗണ്ട്‌ ഇല്ലാത്തതുകൊണ്ട് നന്ദി കാഷ് ആയിട്ടു തന്നെ തരാം.....:-)

      Delete
  6. പായസം നന്നായതേയ്... ഞാന്‍ വിറകു വെട്ട്യോണ്ടന്ന്യാ.....
    http://www.mathrubhumi.com/business/news_articles/story-286768.html

    ReplyDelete
  7. ചുമ്മാ പേടിപ്പിക്കുന്നോ!

    (ഇന്ഫര്മേറ്റീവ് ആയ പോസ്റ്റുകളും ബ്ലോഗില്‍ വേണം. ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നായി)

    ReplyDelete
    Replies
    1. റെസിഷനെ തലമുടി വെട്ടി തോല്‍പ്പിച്ച കണ്ണൂരാന്റെ മുന്‍പില്‍ ബാങ്ക് ഒരു ഇരയെ അല്ല. ഈ വഴിക്ക് വന്നതിന് വളരെ നന്ദിയുണ്ട്. അങ്ങനെ എന്റെ ബ്ലോഗും ധന്യമായി.

      Delete

പാപം ചെയ്തവര്‍ക്കും കല്ലെറിയാം.....