Wednesday, 23 May 2012

വേസ്റ്റ് ഉണ്ടാകുന്നതെങ്ങിനെ

"ഈ ബുഷ്‌ ഇനി കിട്ടില്ല സർ!" കുറെ നേരത്തെ തിരിച്ചും മറിച്ചും നോക്കലിനു ശേഷം അദ്ദേഹം ആയുധം വച്ച് കീഴടങ്ങി.

"വേറെയൊരു ജാര്‍ വാങ്ങുന്നതാണ് നല്ലത്." അദ്ദേഹം വിധി പ്രസ്താവിച്ച് പേന ഉടച്ചു.

നിന്നിട്ട് കാര്യമില്ല. വേറെ വഴിയും ഇല്ല. ഒന്നുകില്‍ അദ്ദേഹത്തിനു ഒരു ചുക്കും അറിയില്ല എന്നു സ്വയം സമാധാനിച്ച് സാധനം തിരിച്ചു വാങ്ങി അടുത്ത കട അന്വേഷിക്കുക. അല്ലെങ്കില്‍ ഒരു പുതിയ ജാര്‍ വാങ്ങുക. അമ്മിയെ പടിയടച്ചു പിണ്ഡം വച്ചത് കൊണ്ട് ചമ്മന്തി മുതല്‍ കറിക്ക് തേങ്ങ അരക്കാന്‍ വരെ ഇവന്‍ പണി മുടക്കിയാല്‍ നടക്കില്ല തന്നെ. അവിടെയാണ് ഈ ഇത്തിരിക്കുഞ്ഞന്‍ ബുഷ്‌ തന്റെ ശൌര്യം കാണിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് ബുഷിന്‌ പോലും കാണില്ല ഇത്രയും ശൌര്യം. ആ ബുഷ്‌ പോയാല്‍ ഒബാമ, അല്ലാതെ വേറെ അമേരിക്ക എന്നല്ലലോ!!

അവിടെ നിന്നും ഇറങ്ങി അടുത്ത കടയില്‍ ചെന്നപ്പോഴാണ് ടെക്നിക് പിടി കിട്ടിയത്. പ്രസ്താവനയിലും വിധിയെഴുത്തിലും അണുവിട വ്യത്യാസമില്ല. പഴയ ജാര്‍ കൊടുത്താല്‍ പുതിയതിന് ഇരുപത്തഞ്ചു രൂപയുടെ കിഴിവ് തരാനും അവര്‍ തയ്യാര്‍. അഞ്ചോ പത്തോ രൂപ വിലയുള്ള ബുഷ്‌ വിറ്റാല്‍ കിട്ടുന്നതിന്റെ എത്രയോ മടങ്ങ്‌ ലാഭം ഒരു ജാര്‍ വിറ്റാല്‍ കിട്ടും എന്ന വളരെ ലളിതമായ കച്ചവട തന്ത്രമാണ് ഇതിനു പിന്നില്‍.

മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും അവസ്ഥ മറിച്ചല്ല. ലാപ്‌ടോപ്പിലെല്ലാം എന്ത് പ്രശ്നമുണ്ടായാലും ആ ഘടകം അങ്ങനെ മാറ്റി വക്കുകയല്ലാതെ മറ്റൊരും പോംവഴിയും ലഭിക്കാറില്ല. അങ്ങിനെ രണ്ടോ മൂന്നോ ഘടകങ്ങള്‍ മാറ്റി വയ്ക്കുമ്പോഴേക്കും ഒരു പുതിയ ലാപ്ടോപ് വാങ്ങാനുള്ള പണം ചെലവായിട്ടുണ്ടാവും. പിന്നീടു എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ ആ ലാപ്ടോപ് തന്നെ അങ്ങോട്ട്‌ മാറ്റിക്കൂടെ എന്നിരിക്കും ആലോചന. മാത്രമല്ല സോപ്പിനു ചീപ് സൌജന്യം എന്ന മട്ടിലുള്ള പ്രലോഭനങ്ങള്‍ കൊണ്ട് കച്ചവടക്കാര്‍ നമ്മെ അങ്ങിനെ ചിന്തിപ്പിക്കും, നമ്മള്‍ അതില്‍ വീഴുകയും ചെയ്യും.

പഴയ ജാര്‍ കൈയില്‍ വച്ചിട്ട് വീട്ടിലെ സ്ഥലം മുടക്കാം എന്നല്ലാതെ എനിക്കെന്തു പ്രയോജനം? അത് അവര്‍ വാങ്ങിയാല്‍ കുറച്ചു ഇരുമ്പ് ഭാഗങ്ങള്‍ മാത്രം എടുത്തു ബാക്കി എവിടെയെങ്കിലും കൊണ്ടുപോയി തട്ടും. പക്ഷെ അത് പരിസ്ഥിതിയില്‍ ഏല്പിക്കുന്ന ആഘാതത്തെക്കുറിച്ച് ആരും ബോധവാന്മാരല്ല എന്നെനിക്കു തോന്നുന്നില്ല, പക്ഷെ ആരും ആശങ്കാകുലരല്ല. ഇങ്ങനെ പലയിടത്ത് നിന്നായി പല തരത്തിലുള്ള പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ നമ്മുടെ പരിസ്ഥിതി ഏറ്റുവാങ്ങുന്നു.

ഇത്തരത്തില്‍ പരിസ്ഥിതിയെ ബാധിക്കുന്ന മറ്റൊരു കച്ചവട തന്ത്രമാണ് എക്സ്ചേഞ്ച് ഓഫര്‍. "ഈ പഴയ കുക്കര്‍ കൊടുത്താല്‍ എന്ത് കിട്ടും?" എന്ന ചോദ്യത്തിന് "എന്തും കിട്ടും" എന്ന ഉത്തരം ചില്ലറ വ്യാമോഹമോന്നുമല്ല ഉണ്ടാക്കുന്നത്. ഏത് പഴയ ഉപകരണവും, ഇസ്തിരിപ്പെട്ടി മുതല്‍ ടെലിവിഷന്‍ വരെ, ഏത് അവസ്ഥയിലുള്ളതായാലും അവര്‍ തിരികെ വാങ്ങി നല്ലൊരു തുക പുതിയതിന്റെ വിലയില്‍ കുറക്കുന്നത്. ഈ പഴയ ഉപകരണങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നുവോ ആവൊ? എന്തായാലും ഇത്തരം പഴയ ഉപകരണങ്ങള്‍ വില്കുന്ന ഒരു സ്ഥാപനവും ഞാന്‍ കണ്ടിട്ടില്ല (എന്റെ അറിവിന്റെ പരിമിതിയും ആകാം). ഒന്നുകില്‍ ചില്ലറ വൃത്തിയാക്കലെല്ലാം ചെയ്തു പുതിയ പായ്ക്കില്‍ നമ്മളെ തേടി വരുന്നുണ്ടാവാം..... അല്ലെങ്കില്‍ ഇ-വേസ്റ്റ് കൂമ്പാരത്തിലേക്ക് നമ്മുടെ ഗംഭീരമായ സംഭാവന ആകും.

4 comments:

  1. E wiast ...!!! No body can't find right solution..

    ReplyDelete
    Replies
    1. A lot surprised to see you here. Thanks and feel honored.

      Delete
  2. ഇ-വെയിസ്റ്റ്‌ എന്ന ശീര്‍ഷകം എഴുത്തിന്റെ ഉള്ളടക്കത്തിന് ഉചിതമാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. :) എഴുതിയത് വെറും വെയിസ്ടിനെ പറ്റിയല്ലേ?

    ReplyDelete
    Replies
    1. ശരിയാണ് ജോസെലെറ്റ്. എഴുതാന്‍ ഉദ്ദേശിച്ചത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ യൂസ് ആന്‍ഡ്‌ ത്രോ സ്വഭാവത്തെപ്പറ്റിയാണ്. എഴുതി വന്നപ്പോള്‍ ഇങ്ങനെ ആയിപ്പോയി. തലക്കെട്ടില്‍ നിന്നും "ഇ" എടുത്തു കളയാം.

      Delete

പാപം ചെയ്തവര്‍ക്കും കല്ലെറിയാം.....