Wednesday, 23 May 2012

ഒരു സ്വതന്ത്ര രാഷ്ട്രീയ കൊലപാതക വാരിക

തലക്കെട്ട്‌ കണ്ടു ഞെട്ടിയോ? ഇതേതാ ഒരു പുതിയ തരം വാരിക?

ഇത് നിറക്കാന്‍ മാത്രം രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇനി വാരാവാരം ഉണ്ടാകാന്‍ പോകുന്നു എന്നെങ്ങാനും കരുതിയോ??

അതൊന്നുമല്ല..... അതിനു മാത്രം രാഷ്ട്രീയ കൊലപാതകമെന്നല്ല അല്ലാത്ത കൊലപാതകങ്ങള്‍ കൂടി നടക്കാതിരിക്കട്ടെ...... പിന്നെ പറഞ്ഞു വരുന്നത് കേരളത്തിലെ ഒരു പ്രധാന സ്വതന്ത്ര രാഷ്ട്രീയ വാരികയുടെ പുതിയ ലക്കത്തെക്കുറിച്ചാണ്.

മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ വാങ്ങാനാണ് കടയില്‍ കയറിയത്. അതില്ലാത്തതുകൊണ്ട് മറ്റു പുസ്തകങ്ങളിലൂടെ കണ്ണോടിച്ചു നോക്കിയപ്പോഴാണ് മേയ് 20, 2012 എന്നെഴുതിയ പ്രസ്തുത വാരിക കണ്ണില്‍ പെട്ടത് വാച്ചില്‍ നോക്കി തിയ്യതി മെയ്‌ 10 തന്നെ അല്ലെ എന്നുറപ്പ് വരുത്തി. സാധാരണയായി ഇവിടത്തെ അണ്ണന്റെ കടയില്‍ കഴിഞ്ഞ ആഴ്ചത്തെ മലയാളം വാരികകളെ കിട്ടാറുള്ളൂ. അപ്പോഴാണ് അടുത്ത ആഴ്ചത്തെ (അതോ അതിന്റെ അടുത്തതോ) വാരിക. അതും രാഷ്ട്രീയ വാരിക. അണ്ണന്‍ പാര്‍സല്‍ സര്‍വീസ് മാറ്റിയോ? അതോ പ്രസാധകര്‍ രാഷ്ട്രീയ സംഭവവികാസങ്ങള്‍ മുന്‍കൂട്ടി കാണാന്‍ തുടങ്ങിയോ? പരസ്യങ്ങളില്‍ "നേരത്തെ അറിയാന്‍", "ഇന്നത്തെ വാര്‍ത്ത‍ ഇന്ന് തന്നെ" എന്നൊക്കെ കണ്ടിട്ടുണ്ട്... ഇനി ഇവര്‍ ഒരു ഒന്ന് രണ്ടു മുഴം കൂട്ടി എറിഞ്ഞതാണോ? പരസ്യം ചെയ്യാതെ അവര്‍ അടുത്ത ആഴ്ചത്തെ വാര്‍ത്തകള്‍ ഇപ്പോള്‍ തന്നെ ലഭ്യമാക്കിയല്ലോ....എന്തായാലും നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പും ടി പി ചന്ദ്രശേഖരന്റെ വധവും ഒക്കെയായി കേരള രാഷ്ട്രീയം ശനിദശ പിടിച്ചിരിക്കുന്ന കാലമല്ലേ എന്തെങ്കിലും വായിക്കാന്‍ കാണും എന്ന് കരുതി വാങ്ങിച്ചു.

തിയ്യതി കണ്ടപ്പോള്‍ തന്നെ ഒരു പോസ്റ്റിനുള്ള വഹ കിട്ടി. ഉള്ളടക്കം കണ്ടപ്പോള്‍ പോസ്റ്റിന്റെ തലക്കെട്ടിന്റെ കാര്യത്തിലും ഒരു തീരുമാനം ആയി. ഓരോ പേജും മറിക്കുമ്പോള്‍ ഞാന്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടുകയായിരുന്നു. രണ്ടു ഇരട്ട കൊലപാതകങ്ങള്‍, പ്രമാദമായ സൌമ്യ വധം അടക്കം (ഇനിയെങ്കിലും അവരെ വെറുതെ വിട്ടുകൂടെ? ഗോവിന്ദ ചാമിയെ അല്ല!) മൂന്നു ഒറ്റ കൊലപാതകങ്ങള്‍, മൂന്നു ആത്മഹത്യകള്‍, പിന്നെ ഒരു (കു)പ്രസിദ്ധ വധശ്രമവുമാണ് പ്രധാന ലേഖനങ്ങളില്‍. ഇതില്‍ പലതിലും വരികള്‍ക്കിടയില്‍ ഭൂതക്കണ്ണാടി വച്ച് വായിച്ചിട്ട് പോലും രാഷ്ട്രീയത്തിന്റെ പൊടി പോലും കാണാന്‍ എനിക്ക് പറ്റിയില്ല. കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എനിക്ക് രാഷ്ട്രീയ ജ്ഞാനം വളരെ കുറവാണേ. മാത്രമല്ല കൊലപാതകങ്ങളെ രാഷ്ട്രീയം അരാഷ്ട്രീയം എന്നൊക്കെ തരം തിരിക്കുന്നത് ഇപ്പോള്‍ മാധ്യമങ്ങള്‍ ആണെന്ന് ഈ അടുത്ത് എവിടെയോ കേട്ടു.

പിന്നെ രാഷ്ട്രീയ വാരികയെന്ന പേര് നിലനിര്‍ത്താന്‍ കുറച്ചു മേമ്പൊടികള്‍.... നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പു വിശേഷങ്ങള്‍, വെളിച്ചിക്കാലയിലെ കളിമണ്‍ ഖനനം, അങ്ങിനെ ഒന്നോ രണ്ടോ രാഷ്ട്രീയ ലേഖനങ്ങള്‍. പിന്നെ ഇതുകൊണ്ടൊന്നും വായനക്കാരെ പിടിച്ചു നിര്‍ത്താന്‍ കഴിയില്ല, അല്ലെങ്കില്‍ കാരം പോര, എന്ന തോന്നല്‍ ഉണ്ടായതു കൊണ്ടോന്നറിയില്ല ഒരുഗ്രന്‍ പൈങ്കിളി നോവലും... അത് ഖണ്ടശ്ശ ആണേ.... യഥാ പ്രജ.... തഥാ വാരിക!!!

ഈ വാരിക പുറത്തു വിട്ടിരിക്കുന്നത് മെയ്‌ 6 നു ആണ് എന്ന് രേഖപ്പെടുതിയിട്ടുന്ടെങ്കിലും മെയ്‌ 4 നു നടന്ന ടി പി വധത്തെക്കുറിച്ച് ഒരക്ഷരം ഇതില്‍ കണ്ടില്ല (ഏതക്ഷരം? എന്ന് ചോദിക്കരുത്). ആ സംഭവം കൊലപാതകമായും രാഷ്ട്രീയമായും ഇവര്‍ അന്ഗീകരിച്ചിട്ടില്ല എന്ന് തോന്നുന്നു. അതോ..... അല്ലെങ്കില്‍ വേണ്ട.... റോണന്‍ കീറ്റിങ്ങിന്റെ വരികളാണ് ഓര്‍മ വരുന്നത് "യു സേ ഇറ്റ്‌ ബെസ്റ്റ്...... വെന്‍ യു സേ നതിംഗ് അറ്റ്‌ ഓള്‍.........."

5 comments:

  1. രാഷ്ട്രീയവും കൊലപാതകങ്ങളുമൊന്നും തരിമ്പും ഇഷ്ടമല്ല..

    ReplyDelete
    Replies
    1. കൊലപാതകം വെറുക്കപ്പെടേണ്ടത് തന്നെ. പക്ഷെ രാഷ്ട്രീയം നല്ലതല്ലേ? അത് നല്ല രീതിയില്‍ നടക്കുന്നില്ല എന്നതല്ലേ കുഴപ്പം.

      Delete
  2. ഫോണ്ട് വളരെ ചെറുത്‌ !!

    എന്നെ പോലുള്ളവര്‍ക്ക് പറ്റില്ല. കണ്ണ് വേദനിക്കുന്നു.

    ReplyDelete
    Replies
    1. ഫോണ്ട്-സൈസ് ഒരു പോയിന്റ്‌ കൂട്ടിയിട്ടുണ്ട്. ഇതിലും കൂടുതല്‍ ആകുമ്പോള്‍ മറ്റു വിഡ്ജെറ്റുകളില്‍ ഉള്ള അക്ഷരങ്ങള്‍ വളരെ വലുതാകുന്നു. മൌസില്‍ സ്ക്രോള്‍ ഉണ്ടെങ്കില്‍ Ctrl പ്രസ്‌ ചെയ്തു മുന്നോട്ടു സ്ക്രോള്‍ ചെയ്തും ഫോണ്ട് സൈസ് കൂട്ടാവുന്നതാണ്.

      Delete
  3. എഴുത്തിന് അഭിനന്ദനങ്ങള്‍...

    ReplyDelete

പാപം ചെയ്തവര്‍ക്കും കല്ലെറിയാം.....